മല്ലിക സാരാഭായിയുടെ രാഷ്ട്രീയ പ്രസക്തി
ഏപ്രില്‍ 26, 2009 at 6:49 pm | In Uncategorized | 3 Comments
മല്ലിക സാരാഭായിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ബഹുമുഖ പ്രതിഭ എന്ന് ചുരുക്കി പറയാം. ഗുജറാത്തിലെ ഗാന്ധിനഗര്‍ ലോകസഭാമണ്ഡലം ബി.ജെ.പിയുടെ ലോഹപുരുഷന്റെ തട്ടകമാണ്. അതുകൂടാതെ നരേന്ദ്രമോദിയുടെ മൂക്കിനുതാഴെയുള്ള മണ്ഡലം കൂടിയാണ്. ഇവിടെയാണ് മല്ലിക സാരാഭായ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍ത്സരിയ്ക്കുന്നത്.
തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനങ്ങളോട് പെട്ടെന്ന് തോന്നിയ സ്നേഹം കൊണ്ട് മത്സരിയ്ക്കാനിറങ്ങിയതല്ല മല്ലിക സാരാഭായ്. വികസനത്തെക്കുറിച്ചും വര്‍ഗ്ഗീയതയെക്കുറിച്ചും ദര്‍പ്പണ അക്കാദമിയിലൂടെയും തീയറ്റര്‍ പ്രവര്‍ത്തനങ്ങളിലൂടെയും നിരന്തരം സമൂഹത്തോട് തന്റെ സാമൂഹ്യ പ്രതിബദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
രാഷ്ട്രീയ പ്രക്രിയയില്‍ ജനങ്ങളും സമൂഹവും ഉള്‍ച്ചേരണമെന്നും അക്രമം ഒഴിവാക്കണമെന്നും അവര്‍ വിശ്വസിക്കുന്നു. വികസനം പക്ഷപാതരഹിതവും സഹായിക്കത്തക്കതുമാകണമെന്നും സാമ്പത്തിക സൂചികകള്‍ മാത്രം നോക്കിയല്ല വിലയിരുത്തേണ്ടതെന്നും മല്ലിക പറയുന്നു.ഇതൊന്നും തിരഞ്ഞെടുപ്പില്‍ പുതിയ മുദ്രാവാക്യങ്ങളല്ലെന്ന് നിങ്ങള്‍ പറഞ്ഞേക്കാം. ഗുജറാത്തിലെ നിലനില്‍ക്കുന്ന രാഷ്ട്രീയസാഹചര്യങ്ങളില്‍ മോദിയ്ക്കെതിരെ അംഗീകൃത പാര്‍ട്ടികളുടെ ലേബലിലല്ലാതെ ഒരു വനിതയുയര്‍ത്തുന്ന വെല്ലുവിളി ഒരു നിസ്സാര കര്യമല്ല.
ഗുജറാത്തിലെ വര്‍ഗ്ഗീയ ലഹളയെ എതിര്‍ത്തതിനു പ്രതികാരമായി അവരെ ഒരു കള്ളകേസില്‍ പ്രതിയാക്കിയത് ഇവിടെ ഓര്‍ക്കേണ്ടതാണ്. വോട്ട്ബാങ്ക് രാഷ്ട്രീയത്തില്‍ അവര്‍ തോറ്റെന്നുവരാം. എന്നാലും അവര്‍ മുന്നോട്ട് വച്ച രാഷ്ട്രീയ ചര്‍ച്ച ഗുജറാത്തി രാഷ്ട്രീയത്തില്‍ മാറ്റത്തിനു തുടക്കമാകട്ടെ എന്ന് നമുക്കാശ്വസിക്കാം!
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ഇടവഴികളിലൂടെ പോയാലും:
http://mallikasarabhai.rediffiland.com/iland/mallikasarabhai_diary.html
നള സരോവറിലെ പക്ഷികള്‍
ഏപ്രില്‍ 16, 2009 at 5:53 pm | In Uncategorized | 1 Commentപക്ഷി നിരീക്ഷണത്തില്‍ താല്‍പ്പര്യമുണ്ടെങ്കില്‍ നിങ്ങള്‍ നല്‍സരോവറില്‍ പോയിരിയ്ക്കണം. പറ്റിയ സമയം നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്. (ഡിസംബറില്‍ നടത്തിയ യാത്രയ്ക്കുശേഷം എഴുതിയ കുറിപ്പ് പല കാരണങ്ങള്‍ കൊണ്ടും പോസ്റ്റ് ചെയ്യുവാന്‍ സാധിച്ചില്ല) അഹമ്മദാബാദില്‍ നിന്ന് ഒരുമണിക്കൂര്‍ യാത്ര ചെയ്താല്‍ നല്‍ സരോവറില്‍ എത്താം. ജലാശയത്തിന്റെ നടുക്കുകാണുന്ന ഒരു സ്‌തൂപം നളന്റെ സമാധിസ്ഥലത്തു പണിതതാണെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. നളനെ നമുക്ക് അറിയാവുന്നതില്‍ കൂടുതല്‍ വേറെ ആര്‍ക്കാണ് ആറിയുന്നത്? നളചരിതം എത്രപ്രാവിശ്യം നമ്മള്‍ കണ്ടുകഴിഞ്ഞു? എല്ലാം നഷ്ടപ്പെട്ട് കാട്ടില്‍ അലയുന്ന നളനെ എങ്ങനെ മറക്കും?
നളന്റെ ബന്ധംകാരണം ഈ സ്ഥലത്തെ നളസരോവര്‍ എന്ന് നമുക്ക് മലയാളീകരിയ്ക്കാം. ഇതൊരു വലിയ തടാകമാണ്. കൃത്യമായി പറഞ്ഞാല്‍ 123 സ്ക്വയര്‍ കിലോമീറ്ററില്‍ പരന്നുകിടക്കുന്ന മനോഹരമായ തടാകം. പക്ഷികളുടെ സ്വകാര്യതയ്ക്ക് പറ്റിയ ചെറിയ ചെറിയ തുരുത്തുകളില്‍ നമ്മളെ അസൂയപ്പെടുത്തിക്കൊണ്ട് പറവകൂട്ടങ്ങള്‍ ജീവിതം അസ്വദിക്കുന്നു. വാടകയ്ക്ക് ഒരു വഞ്ചി എടുത്താല്‍ സുഖമായി പക്ഷികളുടെ അടുത്ത് എത്താം. ഗുജറാത്തികള്‍ പൊതുവെ വെജിറ്റേറിയന്‍സായതുകാരണം വേട്ടക്കാരുടെ ശല്യം ഇല്ല എന്നുതന്നെ പറയാം.
ഇവിടെ 250ല്‍ കൂടുതല്‍ പല ഇനത്തിലുള്ള പക്ഷികള്‍ ഉണ്ടെന്നു പറയപ്പെടുന്നു. കൊറ്റി, രാജഹംസം, ഞാറപക്ഷി, നീര്‍ക്കോഴി, മണ്ണാത്തിപ്പുള്ള്, ജലകുക്കുടം, വാലാട്ടിപക്ഷി, പൊന്മാന്‍ എന്നിവ ഇവയില്‍ ചിലതാണ്. ദേശാടനപക്ഷികളെ ഓര്‍ത്ത് പലപ്പോഴും ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ചിലത് പതിനായിരത്തിലധികം കിലോമീറ്ററുകള്‍ പറന്ന് വരുന്നു. ചിലത് മുപ്പതും നാല്‍പ്പതും ദിവസങ്ങള്‍ തുടര്‍ച്ചയായി പറക്കും. ഇവിടെ വന്ന് മുട്ടയിടും. കുഞ്ഞുങ്ങള്‍ തള്ള വന്ന സ്ഥലത്തേയ്ക്കുതന്നെ തിരിച്ചുപറക്കുന്നു. ആരും ഒന്നും പഠിപ്പിയ്ക്കേണ്ട. ഉദാഹരണത്തിന് ‘യൂറേഷ്യന്‍ കൂട്ട്’ (നീര്‍ക്കോഴി വര്‍ഗ്ഗം) യൂറോപ്പില്‍ നിന്നും ആസ്ത്രേലിയയില്‍നിന്നും ഒക്കെ നാല്‍പ്പതുദിവസം കൊണ്ട് പറന്നു വരുന്നതാണ്. ഈ പക്ഷികള്‍ വെള്ളത്തിനു മുകളില്‍ കൂടി ഓടുന്നതുകാണുവാന്‍ നല്ല രസമാണ്. ഇങ്ങനെ കൃത്യമായി എത്തിച്ചേരുവാന്‍ എങ്ങനെ സാധിക്കുന്നു? വേറൊരു പക്ഷി വെളുത്ത വാലുള്ള മണ്ണാത്തിപ്പുള്ളാണ്. ഇവ റഷ്യയില്‍ നിന്നു വരുന്ന സഖാക്കളാണ്. സഖാക്കളല്ലാത്ത മണ്ണാത്തിപ്പുള്ളുകള്‍ ഇറാനില്‍ നിന്നും, ഇറാഖില്‍ നിന്നും വരുന്നവയാണ്.
മുഗള്‍ ഭരണകാലത്ത് കബൂത്തര്‍ ബാസ് (പിജന്‍ ഫാന്‍സിയര്‍) ഒരു ശാസ്ത്രം തന്നെ യായിരുന്നു. അവസാന മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബഹാദൂര്‍ഷാ സഫര്‍ കബൂത്തര്‍ ബാസില്‍ നൈപുണ്യം സമ്പാദിച്ചയാളായിരുന്നു. വര്‍ഷങ്ങളോളം വേണ്ട പരിശീലനത്തിനു ശേഷമാണ് ഒരാള്‍ ഇതില്‍ ഖലീഫയാകുന്നത്. ഇത്തരമൊരു ഖലീഫയ്ക്ക് തന്റെ പ്രാവുകളെ ഉപയോഗിച്ച് പല കാര്യങ്ങളും സാധിയ്ക്കാം എന്ന് പറയപ്പെടുന്നു. ഇന്നും പഴയ ദില്ലിയില്‍ കബൂത്തര്‍ ബാസില്‍ന്റെ പിന്‍തുടര്‍ച്ചക്കാര്‍ ഉണ്ട്. ഇതെഴുതുവാന്‍ കാരണം നളസരോവറില്‍ ഹംസങ്ങളുടെ വര്‍ഗ്ഗത്തില്‍പ്പെട്ട പക്ഷികളെ കണ്ടപ്പോഴാണ്. ഹംസം അക്കാലത്ത് ഐ.എഫ്.എസുകാരുടെ ജോലിയാണല്ലോ ചെയ്തിരുന്നത്!
നളസരോവര്‍ കണ്ടു ക്ഷീണിച്ചാല്‍ പരമ്പരാഗതമായ ഗുജറാത്തി ഭക്ഷണം റെഡി. ബാജ്‌റിയുടെ റോട്ട്‌ലോ, ശുദ്ധ വെണ്ണ, സംഭാരം, ചുട്ടവഴുതനങ്ങക്കറി, സേവ്-ടമാറ്റര്‍ കറി, എല്ലാം വയര്‍ നിറച്ച് കഴിക്കുവാന്‍ ഒരാള്‍ക്ക് ഇരുപത്തഞ്ചു രൂപ മതി.
തിരിച്ചുവരുമ്പോള്‍ അടുത്തവര്‍ഷവും ഡിസംബറില്‍ നളസരോവറില്‍ എത്തണം എന്നുതന്നെയായിരുന്നു ചിന്ത!
മോഷെ
ഡിസംബര്‍ 7, 2008 at 6:11 pm | In Uncategorized | 1 CommentTags: Moshe Holtsberg

ഏതൊ ഒരു വെള്ളിയാഴ്ചയിലെ നീണ്ട ഉച്ചഭക്ഷണ സമയത്താണ് ചേന്ദമംഗലം ഹൈസ്ക്കൂളില്‍നിന്ന് കൂട്ടുകാരോടൊപ്പം ആദ്യമായി കോട്ടയില്‍ കോവിലകത്തുള്ള ജൂതപള്ളി കാണുവാന്‍ പോയത്. അന്നത് ആരും നോക്കാനില്ലാതെ അവഗണിക്കപ്പെട്ട് കിടക്കുകയായിരുന്നു. അടുത്തകാലത്ത് അത് പുതുക്കി പണിതു എന്നറിഞ്ഞു. കോട്ടയില്‍ കോവിലത്തിന്റെ ഒരു പ്രത്യേകത നാലു വ്യത്യസ്ത മതക്കാരുടെ, ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍-ജൂത, ആരാധനാലയങ്ങള്‍ അടുത്തടുത്തായി സ്ഥിതി ചെയ്യുന്നു എന്നതാണ്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് മത സൌഹാര്‍ദ്ദം സാധ്യമായിരുന്നു, മനുഷ്യന്‍ പുരോഗമിച്ചതോടെ അത് സാധ്യമല്ലാതായി! പിന്നീടാണ് അറിയുന്നത് ചേന്ദമംഗലത്ത് ധാരാളം ജൂതന്മാര്‍ താമസിച്ചിരുന്നു എന്ന്. ചേന്ദമംഗലത്തിനു പുറമെ മാള, പറവൂര്‍, കൊച്ചി, കൊടുങ്ങല്ലൂര്‍, പാലയൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ജൂതന്മാര്‍ ഉണ്ടായിരുന്നു. സോളമന്റെ കാലത്തു തന്നെ ജൂതന്മാര്‍ കേരളത്തില്‍ താമസമുറപ്പിച്ചിരുന്നു എന്ന് പറയുന്നു. പിന്നീട് ജറുസലത്തിലെ അവരുടെ രണ്ടാം ദേവാലയം നശിപ്പിച്ചതിനെതുടര്‍ന്നാണ് 68 സി.ഇ. ല്‍ ധാരാളം ജൂതന്മാര്‍ കേരളത്തിലും ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലും എത്തുകയുണ്ടായി. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുന്‍പ് നമ്മുടെ നാട്ടിലെത്തിയ ജൂത കുടുംബങ്ങളെപ്പറ്റിയും ഇസ്രായേല്‍ രൂപീകരണത്തിനുശേഷം നമ്മുടെ നാട് വിട്ട ജൂത കുടുംബങ്ങളെപ്പറ്റിയും ഒന്ന് ആലോചിച്ച് നോക്കു.
ബോംബെയിലെ നരിമാന്‍ ഹൌസ് ആക്രമണം ഇന്ത്യയിലെ യഹൂദര്‍ക്ക് വിശ്വസിക്കുവാന്‍ സാധിക്കുന്നില്ല. രണ്ടാം വയസ്സില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട മോഷെ ഹോറ്റ്‌സ്‌ബര്‍ഗിന്റെ നിര്‍ത്താതുള്ള കരച്ചില്‍ യഹൂദര്‍ക്ക് മാത്രമല്ല എല്ലാ മനുഷ്യ സ്നേഹികള്‍ക്കും താങ്ങാവുന്നതിലധികമായിരുന്നു. ഇന്ന് മോഷെയും ആയ സാന്ദ്രയും ഇസ്രായേലിലെ എതോ അഞ്ജാതകേന്ദ്രത്തിലാണ്. നരിമാന്‍ ഹൌസ് ആക്രമണത്തിന്റെ ഉദ്ദേശം വ്യക്തമാണ് – ഒരു വെടിയ്ക്ക് രണ്ടു പക്ഷി, ഇന്ത്യയും ഇസ്രായേലും.
പോര്‍ട്ടുഗീസുകാരുടെ കാലത്ത് ഗോവയില്‍ കുറച്ച് ശല്യങ്ങള്‍ സഹിക്കേണ്ടിവന്നെങ്കിലും ഇന്ത്യയില്‍ ജൂതന്മാര്‍ പൊതുവെ സമാധാനപരമായാണ് ജീവിച്ചിരുന്നത്. മറ്റ് പല രാജ്യങ്ങളിലും ജൂതന്മാര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഇന്ത്യ എന്നും അവര്‍ക്ക് സുരക്ഷിതമായിരുന്നു.
ഭീകരവാദത്തിന് മതദേശ വ്യത്യാസങ്ങളില്ല. ബോംബയില്‍ കണ്ടപോലെ ക്രൂരത മാത്രമാണ് അതിന്റെ ഭാഷ. ഇത്തരം ഭീകരതയില്‍ അനാഥരാവുന്ന മോഷെമാരെ നമ്മള്‍ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും?
ദാവീദും സോളമനും ജീവിച്ചിരുന്നോ?
നവംബര്‍ 18, 2008 at 7:12 pm | In Uncategorized | 1 Commentബൈബിള്‍ ഒരു സമ്പൂര്‍ണ്ണ ചരിത്ര രേഖയായി കണക്കിലെടുക്കാമോ എന്നത് ഒരു തര്‍ക്ക വിഷയമാണ്. തല്‍ക്കാലം ഇവിടെ തര്‍ക്കത്തിന് ഉദ്ദേശമില്ല, പ്രതേകിച്ചും വിശ്വാസികളോട്. ഇസ്രായേലിലെ ഏലാതാഴ്‌വരയില്‍ നടക്കുന്ന ഉത്‌ഖനനങ്ങള്‍ ഇത്തരമൊരു പാശ്ചാത്തലത്തിലാണ് പ്രാധാന്യമര്‍ഹിയ്ക്കുന്നത്. പഴയ നിയമത്തിലെ പല കഥകള്‍ക്കും ആര്‍കിയോളജിക്കല്‍ തെളിവുകള്‍ വിരളമായേ കിട്ടിയിട്ടുള്ളു.
“യഹൂദായിലുള്ള ബെത്‌ലഹേമിലെ എഫ്രാതിയനായ യിശ്ശായിയുടെ പുത്രനായിരുന്നു ദാവീദ്.” “എല്ലാ ഇസ്രായേല്‍ക്കാരും ഫെലിസ്തിയരോട് ഏലാ താഴ്‌വരയില്‍ യുദ്ധം ചെയ്യുകയായിരുന്നു.”
“ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ട് ഫെലിസ്തിയനെ കീഴടക്കി; അയാളെ വധിച്ചു.”
” നാല്‍പതു വത്സരം ദാവീദ് ഇസ്രായേലില്‍ ഭരണം നടത്തി: ഏഴു വത്സരം ഹൈബ്രോനിലും മുപ്പത്തിമൂന്നു വത്സരം ജെറുശലേമിലും”.
“അതിനുശേഷം സോളമന്‍ തന്റെ പിതാവായ ദാവീദിന്റെ സിംഹാസനത്തില്‍ അരൂഡനായി. അയാളുടെ രാജത്വം സുസ്ഥാപിതമായി. സോളമന്‍ ഇസ്രായേലിനു മുഴുവന്‍ രാജാവായി നാല്‍പതു വത്സരം ജെറൂശലേമില്‍ ഭരണം നടത്തി.”
ദാവീദ് പടുത്തുയര്‍ത്തിയ രാജ്യം വീണ്ടെടുത്തതാണ് ഇന്നത്തെ ഇസ്രായേല്‍ എന്നാണ് ജൂത വിശ്വാസം. പക്ഷേ ചരിത്രപരമായ തെളിവുകളുടെ അഭാവം കാരണം ദാവീദിന്റേയും സോളമന്റേയും രാജ്യം വെറുമൊരു മിത്ത് മാത്രമാണെന്നാണ് പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്.
“സോളമന്‍ രാജാവ് ഭൂമിയിലെ എല്ലാ രാജാക്കന്മാരേക്കാളും സമ്പന്നനും വിജ്ഞാനിയും ആയിരുന്നു. ദൈവം സോളമനു നല്‍കിയ വിജ്ഞാനം ശ്രവിക്കാന്‍ രാജസന്നിധിയില്‍ എത്തുന്നതിനു സമസ്തലോകവും കൊതിച്ചു. അവരെല്ലാം സമ്മാനങ്ങള്‍ കൊണ്ടുവന്നിരുന്നു.”
“യൂഫ്രട്ടീസ് നദിമുതല്‍ ഫെലിസ്തിയ ദേശം വരേയും ഈജിപ്തിന്റെ അതിര്‍ത്തിവരേയുള്ള രാജ്യങ്ങള്‍ മുഴുവന്‍ സോളമന്‍ ഭരിച്ചു.”
ഇത്തരമൊരു മഹാരാജ്യം നിലനിന്നിരുന്നെങ്കില്‍ അതിനടുത്തുള്ള രാജ്യങ്ങളിലെ ചരിത്രങ്ങളിലും രേഖപ്പെടുത്തപ്പെട്ടേനേ എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.
ഏലാ താഴ്‌വരയില്‍ കണ്ടെത്തിയിട്ടുള്ള കോട്ടയ്ക്ക് 3000 വര്‍ഷം പഴക്കമുണ്ടെന്നാണ് കണക്ക്. ജെറുശലേമിന്റെ തെക്കുപടിഞ്ഞാറുള്ള താഴ്വരയിലാണ് ഈ കോട്ട കണ്ടെത്തിയിട്ടുള്ളത്. ബൈബിള്‍ കാലഘട്ടത്തില്‍ ഏലാതാഴ്‌വര ഫെലിസ്തിയരുടെ രാജ്യത്തിന്റേയും ഇസ്രായേലി രാജ്യത്തിന്റേയും ഇടയ്ക്കുള്ള പ്രവേശന മാര്‍ഗ്ഗമായിരുന്നു. അവിടെനിന്നും കണ്ടെത്തിയിട്ടുള്ള മണ്‍പാത്രങ്ങളില്‍ എഴുതിയിട്ടുള്ള ഹീബ്രൂ വചനങ്ങള്‍ ഏറ്റവും പഴക്കമുള്ള ഹീബ്രൂ വചനങ്ങളാണെന്നാണ് പുതിയ അവകാശം. മരക്കരിയും മൃഗങ്ങളുടെ കൊഴുപ്പും ചേര്‍ന്ന ഒരു തരം മഷിയിലാണ് ഈ വചനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇവിടെനിന്നും കണ്ടെത്തിയിട്ടുള്ള ഒലീവ് മരങ്ങളുടെ അവശിഷ്ടങ്ങളില്‍ നടത്തിയ കാര്‍ബണ്‍ ഡെയ്റ്റിങ്ങ് ടെസ്റ്റുകള്‍ ദാവീദിന്റേയും സോളമന്റേയും കാലത്തോട് യോജിക്കുന്നതായി പറയപ്പെടുന്നു. ദാവീദിന്റെ ഭരണകലം 1072-1032 ബി.സി.ഇ വരേയും സോളമന്റെ ഭരണകാലം 1032-992 ബി.സി.ഇ വരേയുമാണെന്നാണ് കണക്കാക്കപ്പെടുന്നത്.
ബൈബിള്‍ മുന്‍നിര്‍ത്തിയുള്ള ചരിത്രപഠനങ്ങളെ പിന്‍താങ്ങുന്നവര്‍ പറയുന്നത് സാക്ഷരത അക്കാലത്ത് നമ്മള്‍ ഇന്ന് കരുതുന്നതിനേക്കള്‍ കൂടുതലായിരുന്നു എന്നാണ്. ആ വാദം ചെന്നെത്തുന്നത് ഇന്നത്തെ ബൈബിള്‍ സമാഹരിയ്ക്കപ്പെടുന്നതിനേക്കാള്‍ മുമ്പ് തന്നെ ബൈബിള്‍ സംഭവങ്ങള്‍ തലമുറകളായി കൈമാറപ്പെട്ടിരുന്നെന്നും രേഖപ്പെടുത്തിയിരുന്നെന്നും എന്നതിലേയ്ക്കാണ്. ഏലാ താഴ്‌വരയിലെ ഉത്ഖനനങ്ങള്‍ തെളിയിക്കുവാന്‍ പോകുന്നത് ചരിത്രഗവേഷകര്‍ അന്വേഷിയ്ക്കുന്ന കണ്ടെത്താകണ്ണികളാണോ എന്ന് കാത്തിരുന്ന് കാണാം!
(ഉദ്ധരണികള്‍ പഴയ നിയമത്തില്‍ നിന്ന്)
മലയാളം ക്ലാസിക്കല്‍ ഭാഷയാണോ?
നവംബര്‍ 5, 2008 at 7:47 pm | In Uncategorized | 6 Commentsകന്നഡയും തെലുങ്കും ക്ലാസിക്കല്‍ ഭാഷകളായി അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പൌരാണികവും ശ്രേഷ്ഠവുമായ ഭാഷകളുടെ കൂട്ടത്തില്‍ നേരത്തേ തന്നെ സംസ്കൃതത്തേയും തമിഴിനേയും ഉള്‍പ്പെടുത്തിയിരുന്നു. മറ്റ് ഇന്ത്യന്‍ ഭാഷകളെയൊന്നും ഈ ദേവഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
മലയാളത്തെ ക്ലാസിക്കലാക്കിയാലും നോണ്‍ക്ലാസിക്കലാക്കിയാലും നമുക്കൊരു വിരോധവുമില്ല. ഈ വക അലമ്പുകാര്യങ്ങള്‍ക്കുവേണ്ടി സമയം പാഴാക്കാന്‍ മലയാളിയെ കിട്ടില്ല. കേന്ദ്ര സാഹിത്യ അക്കാദമി ചെയര്‍മാന്‍ തലവനായുള്ള വിദഗ്‌ധ സമിതിയുടേ ശുപാശ കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ ക്ലാസിക്കലിനെ കണ്ടുപിടിച്ചത്. 1000 കൊല്ലത്തെ ചരിത്രമുള്ള ഭാഷകള്‍ക്ക് ക്ലാസിക്കല്‍ തൊപ്പി നല്‍കാം എന്നാണ് നേരത്തേ തീരുമാനിച്ചിരുന്നത്. അങ്ങനെ 2000 ല്‍ തമിഴന് ഈ തൊപ്പി കിട്ടി. അതിനുശേഷം തൊപ്പി ഇടാനുള്ള മൂപ്പ് സ്വല്‍പ്പം കൂട്ടി. 1500 മുതല്‍ 2000 വരെ ചരിത്രമുള്ള ഭാഷകളേ ക്ലാസിക്കലാകൂ എന്ന് ഭേദഗതി വന്നു. തങ്ങള്‍ക്ക് ക്ലാസിക്കല്‍ തൊപ്പി കിട്ടിയപ്പോള്‍ തമിഴന്‍ ഒന്നു തീരുമാനിച്ചു. ഈ തൊപ്പി ഇനി മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്ക് കിട്ടിക്കൂടാ. കന്നഡയ്ക്കും തെലുങ്കിനും ക്ലാസിക്കല്‍ പദവി കൊടുത്തുകൂടാ എന്ന് പറഞ്ഞ് ചെന്നൈ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. അത് അവിടെ നടന്നോട്ടേ!
ഭാഷ ക്ലാസിക്കലായാല്‍ അല്ലറ ചില്ലറ വരുമാനം കൂടും. സ്ക്കോളര്‍ഷിപ്പുകള്‍, ഫെല്ലോഷിപ്പുകള്‍, അവാര്‍ഡുകള്‍, പ്രത്യേക സാമ്പത്തിക സഹായം, പ്രോത്സാഹനം…. പയ്യന്റെ ഭാഷയില്‍ “ഒട്ടും മുഷിയില്ല”.
ഈയവസരത്തില്‍ മലയാളത്തിന്റെ ചരിത്രം ഒന്ന് നോക്കാം. മലയാള ഭാഷയുടെ വികാസപരിണാമങ്ങള്‍ എന്ന പുസ്തകത്തില്‍ ഇളംകുളം കുഞ്ഞന്‍പിള്ള വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ഈ വിഷയം ഭംഗിയായി എഴിതിയിട്ടുണ്ട്:
“കൊല്ലം ഒന്നാം ശതകത്തില്‍ത്തന്നെ മലനാട്ടുതമിള്‍ പ്രത്യേകം ഒരു ഭാഷയായിത്തീരാനുള്ള ലക്ഷണങ്ങള്‍ സ്വീകരിച്ചുകഴിഞ്ഞുവെന്ന് ശാസനങ്ങളില്‍ നിന്നു മനസ്സിലാക്കാം”.
“കൊല്ലവര്‍ഷാരംഭത്തിന് അല്‍പം മുമ്പുമുതല്‍ നമ്പൂതിരിമാര്‍ക്കു സിദ്ധിച്ച പ്രാമാണ്യവും പത്താം ശതകത്തിനു ശേഷം ലഭിച്ച രാഷ്ട്രീയമായ പ്രാബല്യവും ആണ് മലനാട്ടുതമിഴ് ഒരു പ്രത്യേക ഭാഷയായി തീരുവാന്‍ കാരണം. അതിനും മുമ്പ് സംസ്കൃതവും തമിഴും ചേര്‍ന്ന അവരുടെ മിശ്ര ഭാഷ ഉദ്ഭവിച്ചിരിക്കാം. എന്നാല്‍ മിശ്ര ഭാഷയ്ക്കു മലനാട്ടു തമിഴില്‍ ബലമായ പ്രേരണ ചെലുത്തുവാന്‍ കഴിഞ്ഞത് നമ്പൂതിരിമാര്‍ പ്രബലന്മാരായിത്തീര്‍ന്നതില്‍ പിന്നീടുമാത്രമാണ്. അധികാരസ്ഥാനങ്ങള്‍ അധികവും കരസ്ഥമായാല്‍ മാത്രമേ ചെറിയ ഒരു ജനവിഭാഗത്തിന്റെ ഭാഷയ്ക്കു സാമാന്യ ജനങ്ങളുടെ ഭാഷയില്‍ പരിവര്‍ത്തനമുളവാക്കുവാന്‍ കഴിയുകയുള്ളു.”
“കേരളത്തിലെ വ്യവഹാരഭാഷയായിരുന്ന തമിഴ് മലയാളമായി പരിണമിച്ചതുപോലെ തെലുങ്ക്, കര്‍ണ്ണാടകം മുതലായ ദേശങ്ങളിലെ പൂര്‍വ്വ ഭാഷയും പല ഘട്ടങ്ങളേയും തരണം ചെയ്താണ് ഇന്നത്തെ നിലയെ പ്രാപിച്ചിട്ടുള്ളത്. ഇന്നത്തെ തെലുങ്കും കര്‍ണ്ണാടകവും തമിഴും മലയാളവും എല്ലാം സഹോദര ഭാഷകളാണ്. മൂല ദ്രാവിഡ ഭാഷയുടെ ഒരു അംശം ഇന്നത്തെ തെലുങ്കു കര്‍ണ്ണാടകങ്ങളുടെ പൂര്‍വ്വഭാഷയായി രൂപാന്തരം പ്രാപിച്ചതിനുശേഷവും കുറെക്കാലം ചേര ചോള പാണ്ഡ്യ ദേശങ്ങളിലെ ഭാഷ ഒന്നുതന്നെയായിരുന്നുവെന്ന ചരിത്രപരമായ പരമാര്‍ത്ഥം ആര്‍ക്കും നിഷേധിക്കുവാന്‍ കഴിയുന്നതല്ല. തമിഴ് എന്ന് വിളിച്ചുവന്ന ആ ഭാഷ രണ്ടായി പിരിഞ്ഞ് പല ഘട്ടങ്ങളും തരണം ചെയ്താണ് ഇന്നത്തെ തമിഴ് മലയാളങ്ങളായി പരിണമിച്ചത്. അതുകൊണ്ട് തമിഴ് മലയാളങ്ങള്‍ തെലുങ്കു കര്‍ണ്ണാടകങ്ങളേക്കാള്‍ നൂതനങ്ങളാകുകയില്ല. എന്തെന്നാല്‍ അന്നത്തെ തെലുങ്കുകര്‍ണ്ണാടക ദേശങ്ങളിലെ ഭാഷ ഇന്നത്തെ തെലുങ്കുകര്‍ണ്ണാടകങ്ങളല്ല അവയുടെ പൂര്‍വ്വ രൂപമാണ്.”
“ഒരു നാട്ടിലെ ഭാഷയുടെ മാതൃസ്ഥാനത്തു മറ്റൊരു നാട്ടിലെ ഭാഷയെ കല്‍പ്പിക്കുന്നത് കേവലം അനുചിതമെന്നേ പറയാനുള്ളു. എന്തെന്നാല്‍ മലനാട്ടിലെ തമിഴ് തന്നെയാണ് പലവിധ പരിണാമങ്ങളും സംഭവിച്ചു മലയാളമായിത്തീര്‍ന്നത്; പാണ്ടിനാട്ടിലെ തമിഴല്ല. അതുപോലെ പാണ്ഡ്യ ചോള ദേശങ്ങളിലെ പൂര്‍വ്വകാലത്തെ വ്യവഹാര ഭാഷയാണ് ഇന്നത്തെ തമിഴായി പരിണമിച്ചത്; മലനാട്ടു തമിഴല്ല.”
ഏകദേശം മൂവായിരം വര്‍ഷം മുമ്പ് ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ ‘മൂല ദ്രാവിഡഭാഷ’ എന്ന ഒരൊറ്റ ഭാഷയാണ് സംസാരിച്ചിരുന്നത്. അതില്‍ നിന്ന് കാലക്രമേണ സ്വതന്ത്രരൂപം കൈവന്നവയാണ് തമിഴ്, മലയാളം, കന്നഡ, തെലുങ്ക് മുതലായ ഭാഷകള്‍. ഇതുകൂടാതെ നമ്മള്‍ കേട്ടിട്ടില്ലാത്ത വേറെ പതിനാറിലധികം ഭാഷകള്‍ ദ്രാവിഡ ഗോത്രത്തിലുണ്ട്.
കൊല്ലവര്‍ഷം 1184ല്‍ ജീവിക്കുന്ന നമ്മള്‍ക്ക് നമ്മുടെ ഭാഷയും ക്ലാസിക്കലാണ് എന്ന് അഭിമാനിച്ച്‌കൂടെ?
വിശുദ്ധിയുടെ വാണിഭം
ഒക്ടോബര്‍ 14, 2008 at 8:39 pm | In Uncategorized | 3 CommentsTags: അല്‍ഫോന്‍സാമ്മ, മതം
ആള്‍ദൈവങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കും ചര്‍ച്ചകള്‍ക്കുമായി നമ്മുടെ മുഖ്യധാരാ മാദ്ധ്യമങ്ങള്‍ അടുത്ത കാലത്താണ് കുറെ പേജുകളും ദിവസങ്ങളും മാറ്റി വച്ചത്. സന്തോഷ് മാധവന്‍, ഹിമവല്‍ജി തുടങ്ങിയ മഹാത്മാരുടെ പേരുകളും രൂപങ്ങളും മാദ്ധ്യമസഹായംകൊണ്ട് ജനങ്ങള്‍ക്ക് മറക്കുവാന്‍ സാധിക്കുന്നില്ല. അന്നും വേട്ടയാടപ്പെട്ടത് പാവപ്പെട്ട ആള്‍ദൈവങ്ങളായിരുന്നു. ആള്‍ദൈവങ്ങളിലെ മുന്തിയ ഇനങ്ങള്‍ അന്നും ഇന്നും ഇതേ മാദ്ധ്യമങ്ങളുടെ സഹായത്തോടെ കച്ചവടം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ദൈവങ്ങളേയും കുട്ടിദൈവങ്ങളേയും വളര്‍ത്തുന്നതില്‍ മാദ്ധ്യമങ്ങളുടെ പങ്ക് ഒന്നുകൂടി വ്യക്തമാക്കപ്പെട്ടതാണ് അല്‍ഫോന്‍സാമ്മയുടെ ഉയര്‍ത്തപ്പെടല്‍.
“ഭാരതത്തില്‍ ജനിച്ച് ജീവിച്ച് ഇവിടെത്തന്നെ മരിച്ച ആദ്യത്തെ വിശുദ്ധയായി അല്‍ഫോന്‍സാമ്മ മാറും. ആഗോള കത്തോലിക്കാ സഭയ്ക്ക് വണക്കത്തിനായി വെണ്‍പനിനീര്‍പൂവിന്റെ നൈര്‍മ്മല്യവുമായി സിസ്‌റ്റര്‍ അല്‍ഫോന്‍സ ഇന്ന് വിശുദ്ധയായി ഉയര്‍ത്തപ്പെടുകയാണ്” എന്ന് മാതൃഭൂമി എഴുതിയത് മനോരമയുടെ തട്ടകത്തില്‍ കയറി സര്‍ക്കുലേഷന്‍ കൂട്ടാനുള്ള ഒരു അടവായിരിയ്ക്കാം! വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പ്രസ്ഥാനത്തിന്റെ നേതാവ് വത്തിക്കാനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കഥ പൂര്‍ണ്ണമാകുകയാണ്.
“വിശുദ്ധിയുടെ വെണ്‍മേഘങ്ങളിലേയ്ക്ക് അല്‍ഫോന്‍സാമ്മ”; “ഭാരതത്തിന്റെ വിശുദ്ധ നക്ഷത്രോദയം ഇന്ന്” “ഒരു പുണ്യ നക്ഷത്രത്തെ വഴികാട്ടിയായി ലഭിക്കാനുള്ള വിശ്വാസസമൂഹത്തിന്റെ കാത്തിരിപ്പ് അവസാനിക്കുന്നു” എന്നെല്ലാം മനോരമയില്‍ വായിക്കുമ്പോള്‍ വായനക്കാരനും വെണ്‍മേഘമാകുകയാണ്! ഒന്നും ചിന്തിക്കരുത്, വെറുതെ വായിക്കുക!
അല്‍ഫോന്‍സാമ്മയുടെ വിശുദ്ധിയുടെ തെളിവായി പത്രങ്ങള്‍ സാക്ഷിപ്പെടുത്തുന്നു:
1)1980ല്‍ ഇടതുകാലിന് തളര്‍ച്ച വന്നപ്പോള്‍ അല്‍ഫോന്‍സാമ്മ നല്‍കിയ തൂവാല എടുത്ത് പ്രാര്‍ഥിച്ചപ്പോള്‍ രോഗം ഭേദമായതായി കുട്ടനാട്ടിലെ കൈനടയിലെ പുത്തന്‍ പുരയ്ക്കല്‍ ലില്ലിക്കുട്ടി പറയുന്നു;
2) കോട്ടയം ജില്ലയിലെ മണ്ണാറപ്പാറയിലെ ജിനില്‍ കാലുകള്‍ വളഞ്ഞിരുന്നതിനാല്‍ നടക്കാനുള്ള കഴിവില്ലാതിരുന്ന ജിനില്‍ അല്‍ഫോന്‍സാമ്മയുടെ മദ്ധ്യസ്ഥതയില്‍ ലഭിച്ച അനുഗ്രഹത്തിലാണ് സുഖം പ്രാപിച്ചത്.
ഇതെല്ലാം നമ്മോട് പറഞ്ഞത് മാസങ്ങള്‍ക്കുമുമ്പ് ആള്‍ദൈവങ്ങള്‍ക്കെതിരെ പരമ്പരകള്‍ എഴുതിയ പത്രങ്ങള്‍ തന്നെയാണ്. കേരളത്തിലെ പുരോഗമനവാദികളും സാംസ്ക്കാരിക നായകന്മാരും എവിടെയാണാവോ? തൊട്ടാല്‍ കൈ പൊള്ളുമല്ലേ?
ലക്ഷ്മി പാണ്ഡയ്ക്ക് ആദരാഞ്ജലികള്‍
ഒക്ടോബര്‍ 6, 2008 at 9:23 pm | In Uncategorized | 1 Comment
ഐ.എന്‍.എ. പോരാളിയായിരുന്ന ലക്ഷ്മി പാണ്ഡ ഇന്നലെ ദില്ലിയിലെ AIIMS വച്ച് അന്തരിച്ചു. തന്റെ ജീവിതകാലം മുഴുവന്‍ ആഗ്രഹിച്ചിരുന്ന കേന്ദ്രസര്‍ക്കാരിന്റെ സ്വാതന്ത്ര്യ സമര പെന്‍ഷന്‍ അനുവദിച്ചുകൊണ്ടുള്ള അറിയിപ്പ് വളരെ വൈകിയാണ് അവരെ തേടി എത്തിയത്, ഒരാഴ്ച മുമ്പ് ആശുപത്രിയില്‍ വച്ച്.
(രണ്ടാഴ്ചമുമ്പ് ലക്ഷ്മി പാണ്ഡയെക്കുറിച്ച് എഴുതുമ്പോള്‍ ഇത്രവേഗം അവര്‍ ഈ നന്ദികെട്ട ജനതയെ വിട്ടുപോകുമെന്ന് ഓര്‍ത്തില്ല!)
ലക്ഷ്മി പാണ്ഡയ്ക്ക് ആദരാഞ്ജലികള്‍!!
ലക്ഷ്മി പാണ്ഡ
സെപ്റ്റംബര്‍ 28, 2008 at 7:20 pm | In Freedom struggle | 1 CommentTags: ഐ.എന്‍.എ., ലക്ഷ്മി പാണ്ഡ
സുഭാഷ് ചന്ദ്രബോസിന്റെ ഐ.എന്‍.എ.യിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു ലക്ഷ്മി. ജീവിച്ചിരിക്കുന്ന ചുരുക്കം ചില ഐ.എന്‍.എ. പോരാളികളില്‍ ഒരുവള്‍. സ്വാതന്ത്ര്യ സമര സേനാനികളോ, ഛേ, ജീവിതം പാഴാക്കിയ ചില കോമാളികളല്ലേ അവര്‍ എന്നാണല്ലോ നമുക്കും നമ്മെ ഭരിക്കുന്നവര്‍ക്കും ആദ്യം തോന്നുക.അടുത്തകാലം വരെ ലക്ഷ്മി വീടുകളില്‍ ജോലിചെയ്ത് ചേരിയിലാണ് കഴിഞ്ഞുകൂടിയത് എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടേണ്ടാ. ഒരു ഒറിയ പത്ര പ്രവര്‍ത്തകന്‍ ഇവരെക്കുറിച്ച് എഴുതിയതോടെയാണ് പുറം ലോകം ലക്ഷ്മിയെക്കുറിച്ച് അറിയുന്നത്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത അനേകായിരം സാധാരണക്കാരില്‍ ഒരുവള്‍ മാത്രമാണ് താനെന്ന് ലക്ഷ്മി വിശ്വസിക്കുന്നു. മന്ത്രിയാകാനും ഗവര്‍ണ്ണറാകാനൊന്നും അവര്‍ക്ക് യോഗമുണ്ടായില്ല, ആഗ്രഹിച്ചതുമില്ല. ഒറീസ്സാ സര്‍ക്കാരില്‍നിന്ന് കിട്ടുന്ന ആയിരം രൂപ പെന്‍ഷന്‍ കൊണ്ടാണ് ഇന്നവര്‍ കഴിഞ്ഞ് കൂടുന്നത്. ലക്ഷ്മിയെക്കുറിച്ച് ഇത്രയൊക്കെ അറിയാമെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ പെന്‍ഷന്‍ ഇതുവരെ അവര്‍ക്ക് കിട്ടിയിട്ടില്ല. കാരണം ലക്ഷ്മി ജെയില്‍ വാസം അനുഭവിച്ചതിന് തെളിവില്ല. താന്‍ ജെയിലില്‍ പോയിട്ടില്ല എന്ന് ലക്ഷ്മിയും പറയുന്നു. സര്‍ക്കാരിന്റെ കാശ് പിന്നെ അവര്‍ക്ക് എങ്ങനെ കിട്ടും?

സ്വാതന്ത്ര്യ സമരവും ഐ.എന്‍.എ.യുമെല്ലാം ചരിത്ര പുസ്തകങ്ങളില്‍ അവശേഷിക്കുമ്പോള്‍, സമൂഹത്തിന്റെ അവഗണകള്‍ ഏറ്റ് വാങ്ങി ജീവിതം തള്ളിനീക്കിയ ലക്ഷ്മിയെക്കുറിച്ചറിയുന്നതിന് ചില ലിങ്കുകള്‍ :
http://www.hinduonnet.com/2007/08/15/stories/2007081554621300.htm
http://www.orissadiary.com/Shownews.asp?id=7900
http://www.tehelka.com/story_main40.asp?filename=Ws300808tricolourecstasy.asp
Blog at WordPress.com. | Theme: Pool by Borja Fernandez.
Entries and comments feeds.



