ചാവുകടല്‍ ലിഖിതങ്ങള്‍
ചാവുകടല്‍ ലിഖിതങ്ങള്‍ അഥവാ നാഗ് ഹമ്മാദി ലിഖിതങ്ങള്‍ എന്ന് അറിയപ്പെടുന്ന ഈ ലിഖിതങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാകുവാന്‍ പോകുന്നു എന്നത് ക്രിസ്ത്യന്‍ ചരിത്ര ഗവേഷകര്‍ക്ക് സന്തോഷകരമായ ഒരു വാര്‍ത്തയാണ്. ഇത് സാദ്ധ്യമാകുവാന്‍ ഒന്നോ രണ്ടോ വര്‍ഷം പിടിച്ചേക്കാം. വളരെ കുറച്ച് ഗവേഷകര്‍ക്ക് മാത്രമാണ് ഇതുവരെ ഈ ലിഖിതങ്ങള്‍ പൂര്‍ണ്ണമായി പഠിക്കുവാന്‍ അവസരം കിട്ടിയിട്ടുള്ളത്. ഇതില്‍ ചില ലിഖിതങ്ങള്‍ മാത്രമാണ് പൂര്‍ണ്ണ രൂപത്തില്‍ കിട്ടിയിട്ടുള്ളത്. 15000 ല്‍ കൂടുതല്‍ തുണ്ടുകളായി വേര്‍പെട്ടുകിടക്കുന്ന മറ്റ് ചില ലിഖിതങ്ങളെ കൂട്ടി യോജിപ്പിച്ച് അതിന്റെ യഥാര്‍ത്ഥ അര്‍ഥം മനസ്സിലാക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള പണിയാണ്. ഇസ്രായേല്‍ പുരാവസ്തു വകുപ്പിന്റെ കീഴിലാണ് ഈ പദ്ധതി നടന്നുകൊണ്ടിരിക്കുന്നത്.
ഈ ലിഖിതങ്ങള്‍ ചാവുകടലിന്റെ വടക്കുപടിഞ്ഞാറന്‍ തീരത്തുള്ള ഗുഹകളില്‍നിന്നാണ് 1947 ല്‍ കിട്ടിയത്. പുരാതന കുടിയേറ്റ സ്ഥലമായിരുന്ന കിര്‍ബെറ്റ് ഖുമറാന്റെ സമീപത്താണ് ഈ ഗുഹകള്‍ സ്ഥിതിചെയ്യുന്നത്. ചരിത്രപരമായും മതപരമായും ഏറെ പ്രാധാന്യമുള്ള ഈ ബൈബിള്‍ ലിഖിതങ്ങള്‍ 100 ഏ.ഡിയ്ക്ക് മുമ്പ് എഴുതപ്പെട്ടതാണെന്ന് കരുതുന്നു. തന്റെ ആടുകളെ അന്വേഷിച്ചിറങ്ങിയ ഒരു ഈജിപ്തുകാരന്‍ ആട്ടിടയന്‍ ഒരു ഗുഹയിലേയ്ക്ക് കല്ലെറിഞ്ഞപ്പോള്‍ ഈ ലിഖിതങ്ങള്‍ അടങ്ങിയ ഭരണി പൊട്ടുകയും ആ ശബ്ദം കേട്ട് ഗുഹയില്‍ കയറിയ ആടിടയന്‍ ലിഖിതങ്ങള്‍ ശേഖരിച്ച് വീട്ടിലെത്തിക്കുകയുമാണ് ചെയ്തത്. ഇതില്‍ ചില ലിഖിതങ്ങള്‍ അതിന്റെ പ്രാധാന്യം മനസ്സിലാകാത്തതുകൊണ്ട് ആട്ടിടയന്റെ അമ്മ വിറകിന്റെ കൂടെ അടുപ്പിലിട്ടതായി പറയപ്പെടുന്നു!
ഈ ലിഖിതങ്ങളുടെ പ്രാധാന്യം ആദ്യകാല യഹൂദ-ക്രൈസ്തവ മതങ്ങളേയും ആ മതങ്ങളില്‍ നിലനിന്നിരുന്ന വിഭിന്ന ആശയങ്ങളേയും സംബന്ധിച്ച പഠനങ്ങള്‍ക്ക് സഹായകരമാണ് എന്നതാണ്. ഇതില്‍ തോമസിന്റെ സുവിശേഷം, പുതിയനിയമത്തിലെ സുവിശേഷങ്ങളില്‍ നിന്ന് ഭിന്നമായി, ജ്ഞാനവിഷയകവും രഹസ്യാത്മകവുമായ ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. സെന്റ് തോമസ് കേരളത്തില്‍ വന്നിരുന്നോ എന്നത് ഇന്നും ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ്. ഇതിന് വ്യക്തമായ തെളിവ് ഈ സുവിശേഷവും നല്‍കുന്നില്ല എന്ന് പറയപ്പെടുന്നു.
ഇന്ന് പുറത്ത്‌വന്നിട്ടുള്ള ലിഖിതങ്ങളെപോലെ തന്നെ ധാരാളം രേഖകള്‍ പുരാവസ്തു സമ്പാദകരുടെ കൈവശവും, ബാങ്കുകളുടെ ലോക്കറുകളിലും ഒളിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്നല്ലെങ്കില്‍ നാളെ ഈ രേഖകളും പുറത്ത് വരുമെന്ന് വിശ്വസിക്കാം!
No Comments Yet »
RSS feed for comments on this post. TrackBack URI
ഒരു അഭിപ്രായം ഇടൂ
Blog at WordPress.com. | Theme: Pool by Borja Fernandez.
Entries and comments feeds.