ആചാര രഹിതം, ആര്‍ഭാട രഹിതം വിവാഹം

ജൂണ്‍ 30, 2008 at 9:41 pm | In Uncategorized | 5 Comments
Tags: ,

തൊഴില്‍ അല്ലെങ്കില്‍ ജയില്‍, Roti, Kapda Aur Makan  പോലുള്ള മുദ്രാവാക്യങ്ങള്‍ക്കു ശേഷം കേട്ട ഏറ്റവും മനോഹരമായ മുദ്രാവാക്യമാണ്‌ ആചാര രഹിതം, ആര്‍ഭാട രഹിതം വിവാഹം. സംശയിക്കേണ്ട, വിപ്ലവം മുദ്രാവാക്യങ്ങളിലൂടെ എന്ന് വിശ്വസിക്കുന്ന ഡിവൈഎഫ്‌ഐയുടേതാണ്‌ പുതിയ മുദ്രാവാക്യവും. സത്രീധനം വാങ്ങാനനുവദിക്കാതേയും സമൂഹവിവാഹം പ്രോത്സാഹിപ്പിച്ചും, മിശ്രവിവാഹിത സംഗമങ്ങള്‍ നടത്തിയും, ആഘോഷവേളകള്‍ മദ്യവിമുക്തമാക്കാന്‍ പ്രചരണം നടത്തിയും കേരളത്തില്‍ രണ്ടാം നവോത്ഥാന പ്രസ്ഥാനം ആരംഭിക്കുവാന്‍ കുട്ടിസഖാക്കള്‍ നിശ്ചയിച്ചു കഴിഞ്ഞു! നല്ല കാര്യം, ചുവന്ന പൂക്കള്‍ വിരിയട്ടെ!
ഇവിടത്തെ ജനങ്ങള്‍ ഉറങ്ങുകയായിരുന്നു എന്നാണോ സഖാക്കള്‍ വിചാരിക്കുന്നത്‌? അടുത്തകാലത്തു നടന്ന, ഒരു മുന്തിയ സഖാവിന്റെ മകളുടെ വിവാഹ വാര്‍ത്തകള്‍ കേരളം മുഴുവന്‍ അറിഞ്ഞതാണ്‌. അതുപോലെ എത്രയെത്ര കഥകള്‍! കൈക്കൂലി വാങ്ങരുത്‌ എന്ന് അനുഭാവികളോട്‌ പറയുവാനുള്ള ധൈര്യം സഖാക്കള്‍ക്കുണ്ടോ? പറയുന്ന കാര്യത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ സ്വന്തം പ്രസ്ഥാനത്തിലും പോഷകസംഘടനകളിലും നടപ്പില്‍ വരുത്തട്ടെ. അതുതന്നെ ഒരു വിപ്ലവമായിരിക്കും. ഒന്നാലോചിച്ച്‌ നോക്കൂ, മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലേയും പോഷകസംഘടനകളിലേയും അംഗങ്ങള്‍ കൈക്കൂലിവാങ്ങാതെ ആത്മാര്‍ഥതയോടെ ജോലിചെയ്യുന്നു, അതില്‍കൂടുതല്‍ ആശ്വാസം കേരളത്തിലെ ജനങ്ങള്‍ക്ക്‌ വേറെ കിട്ടുമോ? എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പിലും അച്യുതാനന്ദന്‍ സര്‍ക്കാറിനെ തന്നെ ജനങ്ങള്‍ വീണ്ടും ജയിപ്പിക്കും!

ഹിന്ദു കുടിയേറ്റം?

ജൂണ്‍ 26, 2008 at 7:50 pm | In Uncategorized | 4 Comments
Tags: ,

കാശ്മീരില്‍ വീണ്ടും പ്രതിഷേധപ്രകടനങ്ങളും കല്ലേറും സുരക്ഷാഭടന്മാരുമായുള്ള ഏറ്റുമുട്ടലുകളും ദിവസേന നടന്നുകൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കുകാരണം അമര്‍നാഥ്‌ ക്ഷേത്രബോര്‍ഡിന്‌ നൂറ്‌ ഏക്കര്‍ വനഭൂമി വിട്ടുകൊടുക്കുവാനുള്ള ജമ്മുകാശ്മീര്‍ സര്‍ക്കാരിന്റെ തീരുമാനമാണ്‌. ലക്ഷക്കണക്കിനു ജനങ്ങള്‍ എല്ലാവര്‍ഷവും അമര്‍നാഥ്‌ ഗുഹ സന്ദര്‍ശിക്കാറുണ്ട്‌. തീര്‍ഥാടകര്‍ക്കുവേണ്ട സൌകര്യങ്ങള്‍ക്കായിരിക്കും ഭൂമി ഉപയോഗിക്കുക എന്ന് സര്‍ക്കാര്‍ പറയുന്നു.
ഇത്തരത്തിലൊരു തീരുമാനം, ഏത്‌ മത വിഭാഗങ്ങള്‍ക്കനുകൂലമായാലും, മറ്റൊരുസംസ്ഥാനത്തും ഇതൊരു വിവാദമാകാന്‍ സാദ്ധ്യതയില്ല. പക്ഷേ കാശ്മീരിലെ പ്രത്യേക രഷ്ട്രീയ കാലാവസ്ഥയില്‍ ചില നേതാക്കള്‍ ഈ തീരുമാനത്തെ നല്ലൊരു അനുഗ്രഹമായാണ്‌ കണ്ടത്‌. തിരഞ്ഞെടുപ്പ്‌ അടുത്തുവരുമ്പോള്‍ ജനങ്ങളെ ഇളക്കിവിടാന്‍ ഇതിനേക്കാള്‍ നല്ല വഴി വേറെയുണ്ടോ? കാശ്മീരില്‍ ഹിന്ദുകുടിയേറ്റം പ്രോത്സാഹിപ്പിക്കുവനാണ്‌ ക്ഷേത്രബോര്‍ഡിന്‌ ഭൂമികൊടുത്തതെന്നാണ്‌ ഹുറിയത്ത്‌ നേതാക്കള്‍ ആരോപിക്കുന്നത്‌. (പണ്ട്‌ കാശ്മീരില്‍നിന്ന് തുരത്തി വിട്ട പണ്ഡിറ്റുകള്‍ തിരിച്ചുവന്നാലോ?) ഭരണകഷിയായ പി.ഡി.പി യും, പ്രതിപക്ഷ കക്ഷികളായ നാഷണല്‍ കോണ്‍ഫ്രന്‍സും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും സര്‍ക്കാര്‍ ഉത്തരവ്‌ റദ്ദാക്കുവാന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു! കോണ്‍ഗ്രസ്സിന്റേയും ബി.ജെ.പിയുടേയും വോട്ടുബാങ്ക്‌ ജമ്മുവിലായതിനാല്‍ ഈ പാര്‍ട്ടികള്‍ ഭൂമികൈമാറ്റത്തിനനുകൂലമാണ്‌. പ്രശ്നം ഇത്രത്തോളം വഷളായപ്പോഴാണ്‌ സര്‍വ്വകക്ഷി യോഗം വിളിക്കുവാന്‍ തീരുമാനിക്കുന്നത്‌.
ജമ്മുകാശ്മീരില്‍ അമര്‍നാഥ്‌ ബോര്‍ഡിന്റെ തലവന്‍ ഗവര്‍ണ്ണറും വഖഫ്‌ ബോര്‍ഡിന്റെ തലവന്‍ മുഖ്യമന്ത്രിയുമാണ്‌! സര്‍ക്കാരുകള്‍ക്ക്‌ മതകാര്യങ്ങളില്‍ എന്ത്‌ കാര്യം എന്ന് ആരും ചോദിക്കരുത്‌!

രഞ്ജിനി ഹരിദാസിന്റെ പ്രസക്തി

ജൂണ്‍ 23, 2008 at 7:08 pm | In Uncategorized | 8 Comments


പല ബ്ലോഗര്‍മാരും പലതവണ പോസ്റ്റിയ വിഷയമാണ്‌. എന്നാലും മലയാളഭാഷയുടെ വികാസ പരിണാമങ്ങളില്‍ (ഇളംകുളം സാറേ ക്ഷമിക്കുക) രഞ്ജിനി ഹരിദാസിന്റെ സ്വാധീനവും സംഭാവനകളും എത്ര എഴുതിയാലും മതിയാവില്ല.
ആര്യവര്‍ഗ്ഗ മേല്‍ക്കോയ്മ മൂലം പണ്ടേമുതല്‍ ഇവിടത്തെ ജനങ്ങള്‍ സംസ്കൃത സ്വാധീനത്താല്‍ വലഞ്ഞിരിക്കുകയായിരുന്നു. നേരേ ചൊവ്വേ എന്തെങ്കിലും എഴുതണമെങ്കിലും പറയണമെങ്കിലും സംസ്കൃതം ലേശം അറിഞ്ഞിരിക്കണം എന്നാണ്‌ ഉപദേശം. അതിനുപുറമേ കൊച്ചി ഭാഷ, തിരുവതാകൂര്‍ ഭാഷ, ത്രിശൂര്‍ ഭാഷ, മലബാര്‍ ഭാഷ എന്നിങ്ങനെയുള്ള അനേകം വേര്‍തിരുവുകളും. ഐക്യകേരളം എന്ന മഹാസ്വപ്നത്തിന്‌ ഭാഷ വച്ച പാര അപാരമാണ്‌. ഇത്തരമൊരു നിര്‍ണ്ണായ ഘട്ടത്തിലാണ്‌ സ്റ്റാര്‍സിങ്ങറിലൂടെ രഞ്ജിനി ഭാഷയുടെ രക്ഷയ്ക്കെത്തിയത്‌. ആദ്യം ജനമൊന്നമ്പരന്നെങ്കിലും ആബാലവൃദ്ധം ജങ്ങള്‍ പിന്നീട്‌ രഞ്ജിനിയുടെ ഭാഷയെ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചു. ചില വിവരംകെട്ട ബ്ലോഗര്‍മാരും ബുജികളും അതും ഇതും എഴുതിനോക്കിയെങ്കിലും ഭാഷയുടെ ഭാഗ്യത്തിന്‌ ജനം അതൊന്നും കാര്യമായി എടുത്തില്ല. ചരിത്രത്തിന്റെ ഏത്‌ നിര്‍ണ്ണായകഘട്ടങ്ങളിലും ഇത്തരം പാരവയ്ക്കലുകള്‍ പതിവാണ്‌.
രഞ്ജിനി വികസിപ്പിച്ചെടുത്ത മലയാളം ഒരു വര്‍ഷം കൊണ്ട്‌  ജനങ്ങള്‍ ഒരുവിധമൊക്കെ വശത്താക്കി വന്നപ്പോഴാണ്‌ സ്റ്റാര്‍സിങ്ങര്‍ കൊട്ടിക്കലാശിച്ചത്‌. സ്റ്റാര്‍സിങ്ങറിന്റെ പുതിയ അവതാരം തുടങ്ങിയപ്പോള്‍ രഞ്ജിനിഭാഷയുടെ ആരാധകര്‍ ഞെട്ടി. മലയാളികള്‍ തന്നെ വെറുത്തുതുടങ്ങിയ മലയാളഭാഷയെ തേനും പാലും നല്‍കി വളര്‍ത്തി തമിഴന്റേയും ബംഗാളിയുടേയും ഭാഷകളുടെ നിലവാരത്തിലേക്കുയര്‍ത്തിയ രഞ്ജിനിയെ മാറ്റി ശുദ്ധമലയാളം എന്ന പഴഞ്ചന്‍ ഭാഷ സംസാരിക്കുന്ന രമ്യാ രവീന്ദ്രന്‍ എന്ന അവതാരിക രംഗത്ത്‌. എന്നിട്ടെന്തായി? വിവരക്കേടുമൂലം പരിപാടിയുടെ റേയ്റ്റിങ്ങ്‌ കുറഞ്ഞു. വൈകിയാണെങ്കിലും ചാനല്‍നടത്തിപ്പുകാര്‍ക്ക്‌ ബോധം വന്നു. നമ്മുടെ ഭാഗ്യം എന്ന് പറയാം ഭാഷയുടെ ശ്രേയസ്സ്‌ വര്‍ദ്ധിപ്പിക്കുവാന്‍ രഞ്ജിനി വീണ്ടും എത്തി. നമ്മുടെയെല്ലാം കുട്ടികളെ മലയാളം പഠിപ്പിക്കുവാന്‍ രഞ്ജിനിയല്ലാതെ ഇന്നാരാണുള്ളത്‌? C.B.S.E. സിലബസ്സ്‌ പഠിക്കുന്ന കുട്ടികള്‍ക്ക്‌ മലയാളം പഠിക്കുവാനുള്ള ഏക ആശ്രയം രഞ്ജിനിചേച്ചിയാണ്‌. വൈകിയാണെങ്കിലും സഖാക്കളുടെ ചാനലും അമ്മയുടെ ചാനലും രഞ്ജിനിയുടെ പാത പിന്തുടരുന്നുണ്ടെന്നുള്ളത്‌ ആശ്വസത്തിന്‌ വകതരുന്നുണ്ട്‌. ചില ബുജികളും എഴുത്തുകാരും പറഞ്ഞുനടക്കുന്ന മലയാളം സംസാരിച്ചാല്‍ നമുക്ക്‌ ആരെങ്കിലും പണിതരുമോ? രഞ്ജിനിയുടെ മലയാളം സംസാരിച്ചാല്‍ ഗള്‍ഫിലും ബോംബെയിലും കഴിഞ്ഞുകൂടാം.

ഭാഷാസ്നേഹികളായ എല്ലാ ബ്ലോഗര്‍മാരോടും ഒരു അഭ്യര്‍ഥന. അടുത്തകാലത്ത്‌ കരിദിനമാചരിച്ച്‌ നമ്മള്‍ ശക്തി പ്രകടിപ്പിച്ചത്‌ സര്‍ക്കാര്‍ കണ്ടുകാണും. രഞ്ജിനി ഹരിദാസ്‌ നമ്മുടെ ഭാഷയ്ക്ക്‌ നല്‍കികൊണ്ടിരിക്കുന്ന സംഭാവനകളെ കണക്കിലെടുത്ത്‌ രഞ്ജിനിയെ വേണ്ടവിധം ബഹുമാനിക്കണം എന്ന് സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കാംപെയ്‌ന്‍ എല്ലാ ബ്ലോഗര്‍മാരും ഉടന്‍ തുടങ്ങേണ്ടതാണ്‌. സമാധാനപരമായി ആവശ്യപ്പെട്ടാല്‍ ബേബിസാറ്‌ ശ്രദ്ധിച്ചേക്കാം. തല്‍ക്കാലം മൂന്ന് ആവശ്യങ്ങളാണ്‌ മുന്നോട്ട്‌ വയ്ക്കുന്നത്‌:
1) രഞ്ജിനി ഹരിദാസിനെ മലയാളത്തിന്റെ ‘വരമൊഴിയമ്മ’ സ്ഥാനം നല്‍കി ബഹുമാനിക്കുക.
2) ഭാഷാരാമായണം ഉടന്‍ നിരോധിക്കുക.
3) ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റേയും മലയാളം സിലബസ്സ്‌ സമിതികളുടേയും മലയാളം ചാനലുകളുടേയും കണ്‍സള്‍ട്ടന്റായി രഞ്ജിനി ഹരിദാസിനെ ഉടന്‍ നിയമിക്കുക.
ഇതുകൂടാതെ ഏതെങ്കിലും സുപ്രധാന സംഭാവനകള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക്‌ ചേര്‍ക്കാവുന്നതാണ്‌!

പ്രാണിഭുക്കുകള്‍

ജൂണ്‍ 18, 2008 at 6:22 pm | In Uncategorized | 8 Comments
Tags:


ബാങ്കോക്കിലെ തെരുവുകളില്‍ പുഴുക്കളേയും വണ്ടുകളേയും വറുത്ത്‌ കോരി വച്ചിരിക്കുന്ന ചിത്രം എല്ലാവരും കണ്ടുകാണും. ഛേ എന്ന് പറഞ്ഞ്‌ ഓക്കാനിക്കുകയൊന്നും വേണ്ട! നമ്മുടെ പൂര്‍വ്വികര്‌ ആയുധങ്ങള്‍ ഉപയോഗിച്ച്‌ വേട്ടയാടാനും കൃഷിചെയ്യാനും തുടങ്ങുന്നതിനുമുന്‍പ്‌ ഇത്തരം പ്രാണികളെയാണ്‌ ഭക്ഷിച്ചിരുന്നത്‌. ഞണ്ടും കക്കയും ചെമ്മീനും കഴിക്കാമെങ്കില്‍ എന്തുകൊണ്ട്‌ ഇത്തരം പ്രാണികളേയും കഴിച്ചുകൂടാ?
നമ്മള്‍ സ്വാദോടെ കഴിക്കുന്ന പല ഭക്ഷണങ്ങളിലും ഇന്‍സെക്‌ടുകളുടെ ശകലങ്ങള്‍ അടങ്ങിയിട്ടുണ്ട്‌ എന്ന് പറയപ്പെടുന്നു. ഉദാഹരണത്തിന്‌ നൂറ്‌ഗ്രാം ചോക്ക്‌ലേറ്റില്‍ ശരാശരി 80 ഇന്‍സെക്ട്‌ ശകലങ്ങള്‍ അടങ്ങിയിട്ടുണ്ട്‌ എന്ന് പറയുമ്പോള്‍ വിശ്വസിക്കുവാന്‍ തന്നെ പ്രയാസം തോന്നും! അതേപോലെ നൂറ്‌ഗ്രാം റ്റമാറ്റോ സോസിലും, പിസ്സാ സോസിലും മുപ്പത്‌ ഇന്‍സെക്ട്‌ മുട്ടകളോ അല്ലെങ്കില്‍ രണ്ട്‌ പുഴുക്കള്‍ വീതമോ ഉണ്ടാകും എന്ന് പറയപ്പെടുന്നു. ഇവയൊന്നും നമ്മുടെ കണ്ണില്‍പ്പെടുന്നില്ല എന്ന് മാത്രം.
ഛത്തിസ്‌ഗഢില്‍ പരമ്പരാഗതമായി മരുന്ന് നിര്‍മ്മാണത്തിന്‌ ഷഡ്‌പദങ്ങളേയും ചിലന്തികളേയും ഉപയോഗിക്കുന്നുണ്ട്‌. സാധാരണ രോഗങ്ങള്‍ മുതല്‍ ഗുരുതരമായ രോഗങ്ങള്‍ക്കുവരെ ഇത്തരത്തിലുള്ള മരുന്നുകള്‍ നല്‍കി വരുന്നുണ്ട്‌.
ഇന്ന് ലോകമെമ്പാടും 1200ലധികം ഷഡ്‌പദങ്ങളെ ഭക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്‌. പ്രാണിഭുക്കുകള്‍ പൊതുവെ ഇഷ്ടപ്പെടുന്നത്‌  പച്ചക്കുതിര, ചീവീട്‌, ചിതല്‍, ഉറുമ്പ്‌, വണ്ട്‌, ചിത്രശലഭപ്പുഴു, ചിലന്തി, ഊറാമ്പുലി, തേള്‍, മെഴുകുപുഴു എന്നിവയെയാണ്‌. മറ്റ്‌ മാംസാഹാരങ്ങളെ അപേക്ഷിച്ച്‌ ഷഡ്‌പദങ്ങളില്‍ കൂടുതല്‍ പോഷകഗുണമുണ്ട്‌ എന്ന് പറയുന്നു. ഷഡ്‌പദങ്ങളില്‍ കൂടുതല്‍ പ്രോട്ടീനും കുറച്ച്‌ കൊഴുപ്പുമുള്ളത്‌ ‘ഡയറ്റ്‌ കോണ്‍ഷസ്‌’ ആളുകള്‍ക്ക്‌ സന്തോഷവാര്‍ത്തയാണ്‌. ഇത്‌ കൂടാതെ വൈറ്റമിനും ഫോസ്‌ഫറസ്‌, അയോണ്‍ തുടങ്ങിയ ധാതുക്കളും ഈ പ്രാണികളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌.
കുറച്ച്‌ വര്‍ഷങ്ങക്കുശേഷം മക്കളോടോ പേരക്കുട്ടികളോടോ ഇന്ന് എന്താ രണ്ടാമത്‌ എന്ന് ചോദിക്കുമ്പോള്‍ മെഴുകുപുഴു തോരന്‍ എന്ന മറുപടി കേള്‍ക്കുമ്പോഴോ, സിനിമാതിയേറ്ററില്‍ പോപ്പ്‌കോണിനുപകരം പേരക്കുട്ടികള്‍ വണ്ട്‌ വറുത്തത്‌ കഴിക്കുന്നത്‌ കാണുമ്പോഴോ ഞെട്ടരുത്‌. തയ്യാറായിക്കോളൂ!

കുഴിച്ച്‌ കുളംതോണ്ട്‌ ….

ജൂണ്‍ 15, 2008 at 6:47 am | In Uncategorized | 1 Comment
Tags:

നദീതീരഖനനത്തെ സംബന്ധിച്ചുണ്ടായിരുന്ന ചില നിയന്ത്രണങ്ങള്‍ നീക്കിക്കൊണ്ട്‌ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി എന്ന് വാര്‍ത്ത. ഇത്തരമൊരു വിജ്ഞാപനത്തിന്റെ ആവശ്യമെന്തായിരുന്നുവെന്ന് ഇതുവരെ സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. നിയന്ത്രണങ്ങള്‍ നിലവിലുണ്ടായിരുന്നപ്പോള്‍ തന്നെ അത്‌ കൃത്യമായി നടപ്പിലാക്കാന്‍ നമുക്ക്‌ സാധിച്ചിരുന്നില്ല. അതിന്റെ ഫലം ഇന്ന് നമ്മുടെ നദികളും ജലാശയങ്ങളും കണ്ടാല്‍ അറിയാം. പുതിയ നിയമമനുസരിച്ച്‌ നദീതീരത്തുനിന്ന് 10 മീറ്റര്‍ അകലത്തില്‍ മണ്ണും കളിമണ്ണും ആര്‍ക്കും കുഴിച്ചെടുക്കാം. കുഴിയുടെ ആഴത്തിനും നിയന്ത്രണമില്ല. പോരെ, മാഫിയകള്‍ക്ക്‌ ഇതില്‍പരം സന്തോഷിയ്ക്കുവാന്‍ എന്ത്‌ വേണം?
അഴീക്കോട്‌മാഷ്‌ പറഞ്ഞപോലെ, തനിക്ക്‌ ഉണ്ടാക്കാന്‍ ആവാത്തതും പകരം ഇല്ലാത്തതുമായ ഭൌമവിഭവങ്ങളെ പുല്ലുപോലെ നശിപ്പിച്ചുകളയാമെന്ന് ആരും വാശി പിടിക്കരുത്‌. ഈ പ്രകൃതിമനോഹരമായ ഭൂമിയില്‍ അത്യാര്‍ത്തിയുടെ മനുഷ്യാഹങ്കാരം എത്രകാലം ഉണ്ടായിരിക്കും?
ഇ.എം.എസ്‌. ജന്മശതാബ്ദി വര്‍ഷം ആഘോഷിക്കുന്ന ഈയവസരത്തില്‍ ഇത്തരമൊരു നിയമം കൊണ്ടുവന്ന അദ്ദേഹത്തിന്റെ അനുയായികളെ ഓര്‍ത്ത്‌ നമുക്ക്‌ അഭിമാനിക്കാം!

ബ്രെഡും ജാമും സന്തോഷ്‌ട്രോഫിയും

ജൂണ്‍ 10, 2008 at 10:59 pm | In Uncategorized | 5 Comments
Tags:


സന്തോഷ്‌ട്രോഫിയില്‍ നിന്ന് കേരളം പുറത്തായി. ഇത്തവണ സെമിയില്‍ പോലും എത്താന്‍ പറ്റിയില്ല.പ്രതിരോധം പാളി, ഗോളി പിഴവുകള്‍ വരുത്തി എന്നെല്ലാം പറഞ്ഞ്‌ കോച്ച്‌ കൈയ്യൊഴിഞ്ഞു. കുറ്റം മുഴുവന്‍ കളിക്കാര്‍ക്ക്‌!
കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ടീമിന്റെ യാത്ര തന്നെ വളരെ ലക്ഷറിയായിരുന്നു. ആന്ധ്രയിലെ പൊള്ളുന്ന ചൂട്‌ സഹിച്ച്‌ കേരള എക്സ്പ്രസ്സിലെ സ്ലീപ്പര്‍ ക്ലാസ്‌ കമ്പാര്‍ട്ട്‌മെന്റിലാണ്‌ ടീം യാത്ര ചെയ്തത്‌. രണ്ടരമണിയ്ക്കൂര്‍ വൈകി ഡല്‍ഹിയില്‍ എത്തിയ ട്രെയിനില്‍ വൈകീട്ടത്തെ ഭക്ഷണം പോലും ടീമിന്‌ കിട്ടിയിരുന്നില്ല. സന്തോഷ്‌ട്രോഫി നേടാന്‍ പറഞ്ഞയച്ച ടീമിനെ ട്രാവന്‍കൂര്‍ ഹൌസിലെ ഡോര്‍മിറ്ററിയില്‍ താമസിപ്പിക്കാനായിരുന്നു ആദ്യ പരിപാടി. പിന്നീട്‌ താമസം കേരളഹൌസിലേയ്ക്ക്‌ മാറ്റി. കേരളഹൌസിലെത്തിയ ടീമിന്‌ ഉഗ്രന്‍ ഭക്ഷണമായിരുന്നു ഏര്‍പ്പാടാക്കിയിരുന്നത്‌ – ബ്രഡും, ജാമും, പഴവും! അവസാനം, ഇരുപത്തിനാല്‌ പേരടങ്ങുന്ന സംഘം കേരളഹൌസിലെ പരിമിത സൌകര്യങ്ങളില്‍ കഴിഞ്ഞ്‌ കൂടേണ്ടിവന്നു!
2006ല്‍ ഹരിയാനയില്‍ വച്ച്‌ നടന്ന സന്തോഷ്‌ട്രോഫി മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള ടീമും ഇതേപോലെ രണ്ടാം ക്ലാസ്‌ സ്ലീപ്പറിലാണ്‌ യാത്ര ചെയ്തത്‌. നിയമസഭയില്‍ ഇതിനെപ്പറ്റി ചര്‍ച്ച വന്നപ്പോള്‍ സ്പോര്‍ട്ട്‌സ്‌ മന്ത്രി പറഞ്ഞത്‌ – പ്രശസ്തമായ സന്തോഷ്‌ട്രോഫി ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുവാനുള്ള  കേരള ടീമിന്‌ എന്തുകൊണ്ടാണ്‌ രണ്ടാം ക്ലാസ്‌ സ്ലീപ്പറില്‍ യാത്ര ചെയ്യേണ്ടി വന്നതെന്ന കാര്യം വ്യക്തിപരമായി അന്വേഷിയ്ക്കുമെന്നാണ്‌. അദ്ദേഹം അന്വേഷിച്ചിട്ട്‌ എന്ത്‌ കണ്ടുപിടിച്ചു എന്ന് നമുക്ക്‌ അറിയില്ല.
നമ്മുടെ സര്‍ക്കാറിന്‌ എന്തെങ്കിലും സ്പോര്‍ട്ട്‌സ്‌ നയമുണ്ടോ? കാലാകാലങ്ങളില്‍ ഒരോ പ്രസ്താവന ഇറക്കിയാല്‍ മന്ത്രിയുടെയും വകുപ്പിന്റേയും ജോലി കഴിഞ്ഞു.
ഫുട്ട്ബോളും വോളിബോളും നമുക്ക്‌ ഇന്ന് ഗ്ലാമര്‍ കളികളല്ല. അതുകൊണ്ട്‌ തന്നെ കളിക്കാര്‍ രണ്ടാംക്ലാസ്‌ സ്ലീപ്പറില്‍ യാത്ര ചെയ്താലും നടപ്പാതയില്‍ ഉറങ്ങിയാലും അതൊരു വാര്‍ത്തയല്ല. അഞ്ച്‌ നിമിഷം പോലും ഓടുവാന്‍ ശേഷിയില്ലാത്ത നിയമസഭാ സാമാജികര്‍ക്ക്‌ വേണ്ടി വിവിധ കായിക മത്സരങ്ങള്‍ സംഘടിപ്പിയ്ക്കുവാന്‍ സര്‍ക്കാറിന്‌ ഫണ്ടും സമയവുമുണ്ട്‌.
ഫൈവ്‌സ്റ്റാര്‍ സൌകര്യങ്ങളൊന്നും കൊടുത്തില്ലെങ്കിലും അല്‍പം കൂടി നല്ല രീതിയിലുള്ള പെരുമാറ്റം ഈ പാവപ്പെട്ട കളിക്കാര്‍ അര്‍ഹിയ്ക്കുന്നില്ലേ?

(ഫോട്ടോ കടപ്പാട്‌ ഹിന്ദു ഓണ്‍ലൈന്‍)

ടോണി ബ്ലെയറിന്റെ റിറ്റയര്‍മെന്റ്‌ ചിന്തകള്‍

ജൂണ്‍ 8, 2008 at 9:35 pm | In Uncategorized | 1 Comment
Tags: ,

കഴിഞ്ഞ മെയ്‌ 30ന്‌ ന്യുയോര്‍ക്കില്‍ വച്ച്‌ “ടോണി ബ്ലെയര്‍ ഫെയ്‌ത്ത്‌ ഫൌണ്‍ഡേഷന്‍” ഔദ്യോഗികമായി നിലവില്‍ വന്നു (റ്റൈം മാഗസിന്‍ ജൂണ്‍ 9) :

1) വിവിധ മതവിശ്വാസങ്ങളുടെ സഹപ്രവര്‍ത്തനങ്ങളിലൂടെ ലോകം നേരിടുന്ന നിര്‍ണ്ണായക സാമൂഹിക പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം നേടാനുള്ള ശ്രമമാണ്‌ ഫൌണ്‍ഡേഷനിലൂടെ നടത്തുന്നത്‌.
2) നമ്മുടെ ഭാവിയുടെ അവിഭാജ്യഘടകമാണ്‌ മതവിശ്വാസം. മതവിശ്വാസവും മൂല്യങ്ങളും ആഗോളവല്‍ക്കരണത്തിന്റെ നടത്തിപ്പിന്‌ അത്യന്താപേക്ഷിതമാണ്‌.
3) അഭിമുഖത്തില്‍ പറയുന്നത്‌ അനേക ദശകങ്ങളായി ടോണി ബ്ലെയര്‍ ഈവക വിഷയങ്ങളെക്കുറിച്ച്‌ ചിന്തിച്ച്‌ ചിന്തിച്ച്‌ തല പുണ്ണാക്കിക്കൊണ്ടിരിക്കുകയായിരുന്നു എന്നാണ്‌. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ശേഷകാലം കഴിഞ്ഞ്‌കൂടാനാണ്‌ ബ്ലെയറിന്റെ ആഗ്രഹം.
4) ലോകത്തിലെ പ്രധാന മതങ്ങളായ ക്രിസ്തുമതം, യഹൂദമതം, ഇസ്ലാംമതം, ഹിന്ദുമതം, ബുദ്ധമതം, സിക്കുമതം എന്നിവയിലെ ഗ്രുപ്പുകളുമായി ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കാമെന്ന് ഫൌണ്‍ഡേഷന്‍ ആശിക്കുന്നു.

ടോണി ബ്ലേയറിന്‌ സ്വന്തം വിശ്വാസങ്ങള്‍ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്‌. അതിനോട്‌ എതിര്‍പ്പില്ല. പക്ഷേ പത്തുകൊല്ലം ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ എവിടെയായിരുന്നു ഈ ചിന്തകള്‍? ഒരു പൊതുവേദിയിലും മേല്‍പ്പറഞ്ഞ ചിന്തകള്‍ ബ്ലെയര്‍ പരസ്യമായി പ്രകടിപ്പിച്ചതായി അറിവില്ല. പകരം, ബുഷിന്റെ കൂടെ ചേര്‍ന്ന് ഇറാക്ക്‌ ആക്രമണത്തിന്‌ പൂര്‍ണ്ണ സഹായവും ചെയ്തത്‌ ബ്ലെയറല്ലേ? ദശകങ്ങളായി അദ്ദേഹത്തെ അലട്ടുന്ന ചിന്തകള്‍ അന്ന് പരസ്യമായി പറഞ്ഞിരുന്നെങ്കില്‍ യുദ്ധം തന്നെ ഒഴിവാക്കാമായിരുന്നില്ലേ?
ആഗോളവല്‍ക്കരണം തുടങ്ങിയത്‌ തന്നെ മതപ്രചരണങ്ങളിലൂടെയാണ്‌. ആഗോളവല്‍ക്കരണമായാലും ഉദാരവല്‍ക്കരണമായാലും എളുപ്പവഴി മതങ്ങളിലൂടെയാണെന്നുള്ളത്‌ ബ്ലെയറിനറിയാം. ഇതിനെതിരെ നില്‍ക്കുന്ന മുറുമുറുപ്പുള്ള ഗ്രൂപ്പുകളെക്കൂടി മയപ്പെടുത്തി കിട്ടിയാല്‍ കാര്യം എളുപ്പമായി. ഇത്തരമൊരു വിപ്ലവത്തിന്‌ ബ്ലെയറിനേക്കാള്‍ അനുയോജ്യനായ നേതാവ്‌ വേറെയുണ്ടോ?

നിങ്ങളെന്നെ മാവോയിസ്റ്റാക്കി

ജൂണ്‍ 3, 2008 at 8:53 pm | In Uncategorized | 5 Comments
Tags: ,


ഏപ്രില്‍ 21ന്റെ മാധ്യമം ആഴ്ചപ്പതിപ്പില്‍ പി.എ. ഷൈന കേരളമുഖ്യമന്ത്രിയ്ക്ക്‌ എഴുതിയ തുറന്ന കത്ത്‌ വൈകിയാണ്‌ വായിക്കുവാന്‍ കിട്ടിയത്‌. പൌരാവകാശ പ്രവര്‍ത്തകരെ ഭരണകൂടങ്ങള്‍ നിരന്തരം പീഡിപ്പിച്ചുകൊണ്ടിരിയ്ക്കുന്നു എന്നതിന്റെ പുതിയ തെളിവാണ്‌ ഷൈനയുടെ കത്ത്‌ നല്‍കുന്നത്‌. ഷൈനയുടെ കത്ത്‌ വായിക്കുവാന്‍ സാധിച്ചിട്ടില്ലാത്തവര്‍ക്കുവേണ്ടി ആ കത്തിലെ ചില ഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു. എട്ട്‌ പേജോളം വരുന്ന ആ കത്തിലെ ചില ഭാഗങ്ങള്‍ മാത്രമാണു ഉദ്ധരിയ്ക്കുന്നത്‌.
(മാധ്യമം ഓണ്‍ലൈനില്‍ ഏപ്രില്‍ 21ന്റെ കവര്‍ സ്റ്റോറിയില്‍ “നിങ്ങളെന്നെ മാവോയിസ്റ്റാക്കി” എന്ന് കാണാം. പക്ഷേ ഷൈനയുടെ തുറന്ന കത്ത്‌ ഓണ്‍ലൈനില്‍ നിന്ന് നീക്കം ചെയ്തതായി തോന്നുന്നു!)
“ഒരു ഇടത്തരം മുസ്ലിം കുടുംബത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടേയും വര്‍ക്കുഷാപ്പ്‌ നടത്തിപ്പുകാരന്റേയും മകളായാണു ഞാന്‍ ജനിച്ചത്‌. കേരളത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഉറച്ചമണ്ണായ തൃശൂര്‍ ജില്ലയിലെ നാട്ടിക മണപ്പുറത്തെ ആ വീടിന്റെ രാഷ്ട്രീയ ചായ്‌വ്‌ എന്നും ഇടത്തോട്ടായിരുന്നു.”
വിദ്യാഭ്യാസം – പ്രീഡിഗ്രി കഴിഞ്ഞ്‌ ഫാര്‍മസിയില്‍ ഡിപ്ലോമ, ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ഡിഗ്രി, കൊച്ചി സര്‍വ്വകലാശാലയില്‍ നിന്ന് എല്‍.എല്‍.ബി, മനുഷ്യാവകാശത്തിലും ബൌദ്ധിക സ്വത്തവകാശത്തിലും ബിരുദാനന്തര ബിരുദം. അവസാനം ജീവിയ്ക്കുവാന്‍ വേണ്ടി ഹൈക്കോടതിയില്‍ ക്ലര്‍ക്കായി.
“എന്നാല്‍ അവിടെ ഒരു സര്‍ക്കാറുദ്യോഗസ്ഥയുടെ വാര്‍പ്പുമാതൃകയല്ലാത്ത എന്നെ ശിക്ഷണ നടപടികളുടെ ഒരു പരമ്പര കാത്തിരിക്കുന്നുണ്ടായിരുന്നു. കൊച്ചിന്‍ സ്പെഷല്‍ ഇക്കണോമിക്ക്‌ സോണിലെ അങ്ങേയറ്റം ചൂഷിതമായ തൊഴിലാളികളുടെ യൂണിയനെ സഹായിക്കുന്നതിന്റെ പേരിലും ദാരിദ്ര്യത്തില്‍ മുങ്ങിക്കിടക്കുന്ന ആദിവാസി സമൂഹത്തിന്റെ സമരങ്ങളുമായി ഐക്യദാര്‍ഢ്യപ്പെട്ടതിന്റെ പേരിലും ഞാന്‍ സ്പെഷല്‍ ബ്രാഞ്ച്‌, ഇന്റലിജന്‍സ്‌ വിഭാഗങ്ങളുടെ നോട്ടപ്പുള്ളിയായി മാറിയിരുന്നു. ഇത്‌ ഹൈക്കോടതിയില്‍ ശിക്ഷണ പരമ്പരയ്ക്ക്‌ കാരണമായി. രണ്ടുവര്‍ഷം കൊണ്ട്‌ തീരുന്ന പ്രൊബേഷന്‍ നാലുവര്‍ഷം നീട്ടിയാണ്‌ എന്നെ ശിക്ഷിച്ചത്‌. ഇത്‌ എന്റെ നിരവധി ആനുകൂല്യങ്ങളേയും സീനിയോറിറ്റി, ഉദ്യോഗക്കയറ്റം എന്നിവയെയുമെല്ലാം ബാധിച്ചു. ഇത്തരമൊരു ശിക്ഷണ നടപടിയ്ക്ക്‌ എന്താണ്‌ കാരണമെന്ന് വിശദമാക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ട്‌ ഞാന്‍ കൊടുത്ത അപേക്ഷയ്ക്ക്‌ കാരണമിപ്പോള്‍ പറയാന്‍ കഴിയില്ല എന്ന് ഉദ്ധതമായ മറുപടിയാണ്‌ കേരളത്തിലെ പരമോന്നത നീതിപീഠം തന്നത്‌. പ്രൊബേഷന്‍ നീട്ടിയ കാലാവധി കഴിഞ്ഞപ്പോള്‍ അടുത്തതായി എനിയ്ക്കു നല്‍കിയത്‌ പിരിച്ചുവിടല്‍ നോട്ടീസായിരുന്നു. സ്റ്റാഫ്‌ അസോസിയേഷന്‍ മുന്‍ വൈസ്പ്രസിഡന്റ്‌കൂടിയായിരുന്ന എന്റെ നേര്‍ക്കുള്ള ഈ നടപടി അസോസിയേഷന്റെ ഇടപെടലിന്റെ ഭാഗമായി  നിറുത്തി വെയ്ക്കുകയും ശക്തമായ താക്കീതോടെ എന്റെ പ്രൊബേഷന്‍ പൂര്‍ത്തിയായതായി ഉത്തരവു നല്‍കുകയും ചെയ്തു.”
“മാര്‍ക്സിസ്റ്റ്‌ പ്രത്യയശാസ്ത്രത്തെ ആശയപരമായി പിന്തുടരുന്നുവെങ്കിലും നിത്യജീവിതത്തിന്റെ പരിമിതികളെ മറികടക്കാനാകാത്തതില്‍ ഒരു സാദാ സര്‍ക്കാര്‍ ഗുമസ്തയും രണ്ടു കുട്ടികളുടെ അമ്മയായ കുടുംബിനിയുമായിക്കഴിഞ്ഞിരുന്ന ഒരാളാണു ഞാന്‍. എങ്കിലും പരിമിതമായ ഈ വൃത്തത്തിനകത്തുനിന്നുകൊണ്ടുതന്നെ സാമൂഹികമായ മുന്നേറ്റങ്ങളോട്‌ ഐക്യദാര്‍ഢ്യം പ്രഖാപിച്ച്‌ മനുഷ്യാവകാശ ലംഘനങ്ങളെ എതിരിടാനും തുറന്നു കാണിക്കാനും ശ്രമിക്കുന്ന പൌരാവകാശ പ്രവര്‍ത്തകയുടെ സാമൂഹിക പ്രതിബദ്ധത കാണിച്ചുവെന്ന കുറ്റത്തിനു മാവോയിസ്റ്റ്‌ തീവ്രവാദിയായി ചിത്രീകരിക്കപ്പെടുകയും ഭരണകൂടത്തിന്റെ നിരന്തരമായ വേട്ടയാടലുകള്‍ക്ക്‌ ഇരയായിരിക്കുകയുമാണ്‌ ഞാനിന്ന്”.
“ഇന്ന് സര്‍ക്കാറും പൊലീസും ചേര്‍ന്ന് എന്റെ സാധാരണ ജീവിതം അസാധ്യമാക്കിത്തീര്‍ത്തിരിക്കുന്നു. എന്റെ കുട്ടികളും വീട്ടുകാരും രാവും പകലും പൊലീസ്‌ നിരീക്ഷണത്തിലാണ്‌. എന്റെ ജോലി, വീട്‌, വാഹനം എന്തിന്‌ വസ്ത്രങ്ങളടക്കമുള്ള എല്ലാ അടിസ്ഥാന ഉപാധികളും നഷ്ടപ്പെട്ടിരിക്കുന്നു. ഇനി ഇതെല്ലാം തിരികെ കിട്ടണമെന്നു കരുതി ഞാന്‍ മുന്നോട്ട്‌ വന്നാല്‍ പോലും എനിയ്ക്കായി കാത്തിരിയ്ക്കുന്നത്‌ മഅ്‌ദനിയുടെ  വിധിയായിരിക്കാം. നീണ്ടകാലം തടവില്‍കിടന്ന് ഒടുവില്‍ നിരപരാധിയെന്നു സ്ഥാപിക്കപ്പെട്ടിട്ട്‌ എന്തു കാര്യം? സ്വന്തം ആശയങ്ങളോട്‌ നീതിപുലര്‍ത്തി പ്രവര്‍ത്തിയ്ക്കുകയല്ലേ അതിനേക്കാള്‍ അഭികാമ്യം? നാളെ ചരിത്രം എന്നെ കുറ്റക്കാരിയല്ലെന്നു വിധിക്കട്ടെ.”
“നാം ചോദ്യംചെയ്യാന്‍ ആരംഭിക്കുമ്പോള്‍ ഭരണകൂട ഭീകരത നമ്മെ വേട്ടയാടുമെന്നു ഒരിക്കല്‍ കൂടി തിരിച്ചറിഞ്ഞു. രാഷ്ട്രീയമായി ചിന്തിയ്ക്കുകയും പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്നവര്‍ക്ക്‌ പോരാട്ടത്തിന്റേതല്ലാത്ത വഴിയില്ലെന്ന് ഞാന്‍ തിരിച്ചറിയുന്നു.”
“അങ്ങയുടെ പൊലീസും അധികാരവും എന്നെ മാവോയിസ്റ്റാക്കിമാറ്റിയിരിക്കുന്നു.”
“ഒരു സ്ത്രീയെന്നനിലയില്‍ ഒട്ടേറെ വെല്ലുവിളികളെ നേരിടേണ്ടിവരുമെന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ട്‌. എന്നാല്‍ നിങ്ങള്‍ അതും പഠിപ്പിച്ചു തരുക തന്നെ ചെയ്യും. വി.എസ്‌.അച്യുതാനന്ദന്‍ എന്ന കമ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയുടെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി തുന്നിച്ചേര്‍ക്കാം. മധ്യവര്‍ഗജീവിതം നയിച്ചിരുന്ന എന്നെ മാവോയിസ്റ്റാക്കി മാറ്റിയതിന്റെ പൊന്‍കതിര്‍!”
എന്ന്
പി.എ.ഷൈന

Blog at WordPress.com. | Theme: Pool by Borja Fernandez.
Entries and comments feeds.