വിമോചന സമരത്തിന്റെ തടവുകാരോ?

ജൂലൈ 14, 2008 at 7:28 pm | In Uncategorized | 3 Comments
Tags: , ,

വിമോചന സമരം അമ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നടന്ന സംഭവമാണെങ്കിലും അതിനുശേഷം ജനിച്ച ഓരോ തലമുറയും വിമോചനസമരത്തിന്റെ പ്രസക്തിയേയോ അപ്രസക്തിയേയോ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക്‌ സാക്ഷ്യം വഹിച്ചവരാണ്‌. ഇന്നും അത്തരം ചര്‍ച്ചകള്‍ തുടരുകയാണ്‌. വീണ്ടുമൊരു വിമോചന സമരത്തിന്റെ ഭീഷണിയുയര്‍ത്തിക്കൊണ്ടാണ്‌ പ്രതിപക്ഷവും മതനേതാക്കളും ഇടതുമുന്നണിയുടെ വിദ്യാഭ്യാസ നയത്തിനെതിരെ രംഗത്തിറങ്ങിയിട്ടുള്ളത്‌. അമ്പതുവര്‍ഷങ്ങള്‍ക്കുശേഷവും മലയാളി സമൂഹം വിമോചന സമരത്തിന്റെ ഹാങ്ങ്‌ഓവറില്‍ നിന്ന് മോചിതരായിട്ടില്ല എന്നതാണോ ഇത്‌ സൂചിപ്പിക്കുന്നത്‌?
നമ്മുടെ ഇന്നത്തെ രാഷ്ട്രീയ നേതൃത്വം, ഭരണപക്ഷമായാലും പ്രതിപക്ഷമായാലും, പൂര്‍ണ്ണമായും വിമോചന സമരത്തിലൂടെ കടന്നുവന്നവരാണ്‌. 57ലെ കമ്യൂണിസ്റ്റ്‌ മന്ത്രിസഭ അധികാരമേറ്റ്‌ ആഴ്ചകള്‍ക്കുള്ളിലാണ്‌ കേരളത്തില്‍ കെ.എസ്‌.യു. രൂപീകൃതമാകുന്നത്‌. ആലപ്പുഴ ജില്ലയിലെ പുളിങ്കുന്നില്‍ നിന്നാരംഭിച്ച ഒരണ സമരത്തിലൂടെയാണ്‌ കെ.എസ്‌.യു കേരളത്തില്‍ വളര്‍ന്നത്‌. ഈ സമരത്തിനു പിന്നില്‍ എല്ലാ കമ്യൂണിസ്റ്റ്‌ വിരോധികളുടേയും പിന്തുണയുണ്ടായിരുന്നു. വിമോചന സമരത്തിലൂടെ വളര്‍ന്നുവന്ന കോണ്‍ഗ്രസ്‌ നേതാക്കളാണ്‌ ഏ.കെ.ആന്റണിയും ഉമ്മന്‍ ചാണ്ടിയും വയലാര്‍ രവിയും.  ഇതില്‍ ആന്റണിയും രവിയും ഇന്നൊരു വിമോചന സമരത്തിന്‌ പ്രസക്തിയില്ല എന്ന് പറഞ്ഞുവെങ്കിലും ശ്രീ ഉമ്മന്‍ ചാണ്ടി ഇന്നും വിമോചന സമരത്തില്‍ വിശ്വസിക്കുന്നയാളാണ്‌. വി.എസ്‌. അച്യുതാനന്ദന്‍ അന്ന് സി.പി.ഐയുടെ സ്റ്റേറ്റ്‌ സെക്രിട്ടറിയറ്റ്‌ അംഗമായിരുന്നു. ഇവരുടെയെല്ലാം രാഷ്ട്രീയ നിലപാടുകളും പ്രസ്ഥാവനകളും പരിശോധിക്കുമ്പോള്‍ വിമോചന സമരത്തില്‍ തുടങ്ങിയ വെറുപ്പിന്റെ രഷ്ട്രീയം ഇന്നും തുടരുന്നുണ്ട്‌ എന്ന് കാണാം.
രാഷ്ട്രീയ ചേരിതിരിവുകള്‍ മാറ്റിവച്ചുനോക്കിയാല്‍, ജനാധിപത്യ വ്യവസ്ഥയില്‍ വിമോചന സമരം തെറ്റായിരുന്നു എന്ന് തന്നെ കണ്ടെത്താം. ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാരിനെ തങ്ങള്‍ക്ക്‌ ഇഷ്ടപ്പെടാത്ത നയങ്ങള്‍ നടപ്പിലാക്കുന്നു എന്നതു മൂലം ജാതിയുടേയും മതത്തിന്റേയും പേരില്‍ ജനങ്ങളെ സംഘടിപ്പിച്ച്‌ പ്രക്ഷോഭം സംഘടിപ്പിക്കുക. അത്തരമൊരു സമരത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടുക. ഇത്തരമൊരു നടപടി ജനാധിപത്യത്തില്‍ ശരിയല്ല എന്ന് ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വം പൊതുവെ വിശ്വസിക്കുന്നുണ്ട്‌. ഉത്തര്‍പ്രദേശ്‌ രാഷ്ട്രീയത്തിലെ കീരിയും പാമ്പുമായ മുലായംസിങ്ങും മായാവതിയും പോലും ഈവഴി ചിന്തിയ്ക്കാറില്ല. രണ്ടാമത്‌ 57ലെ രാഷ്ട്രീയ കാലാവസ്ഥയല്ല ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്‌.
കേന്ദ്ര സഹായത്തോടെ വിജയിച്ച വിമോചന സമരം കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും പുരോഗമന ചിന്തകള്‍ക്കും തിരിച്ചടിയാണ്‌ നല്‍കിയത്‌. ജാതിമത ശക്തികള്‍ സമരത്തിലൂടെ നേടിയ സ്വാധീനം ഇന്നും തുടര്‍ന്നുപോരുന്നു. വിമോചന സമരത്തിലൂടെ ജാതിമതശക്തികള്‍ ഉഴുതുമറിച്ച മണ്ണിലാണ്‌ പിന്നീട്‌ ആള്‍ദൈവങ്ങളും കപടന്മാരും തഴച്ചുവളര്‍ന്നത്‌. കേരളത്തിലെ സാമുദായിക സംഘടനകളില്‍ ചിലത്‌ വിമോചന സമരത്തില്‍ നിന്ന് കൂടുതല്‍ ഊര്‍ജ്ജം സംഭരിച്ചവയാണ്‌. ഈ സംഘടനകളിലെ നേതാക്കളില്‍ പലരും വിമോചന സമരത്തെ അഭിമാനപൂര്‍വ്വം ഓര്‍ക്കുന്നവരാണ്‌. എന്‍.എസ്‌.എസ്സിന്റെ കാഴ്‌ച്ചപ്പാടില്‍ മന്നത്ത്‌ പത്മനാഭന്‍ ഇന്നും പുരോഗമനവാദിയായ സമുദായ നേതാവാണ്‌. വിമോചന സമരത്തിന്റെ പാശ്ചാത്തലത്തില്‍ മന്നത്തിനെതിരെയുള്ള ഏത്‌ വിമര്‍ശനങ്ങളും പൊതുവെ നായര്‍ സമുദായത്തിനെതിരെയുള്ള ആക്രമണമായാണ്‌ ചിത്രീകരിക്കാറ്‌.
വിമോചന സമരത്തിന്റെ മറ്റൊരു സംഭാവനയാണ്‌ അന്ധമായ രാഷ്ട്രീയ വൈര്യം. അന്ധമായ കമ്യൂണിസ്റ്റ്‌-കോണ്‍ഗ്രസ്‌ ശത്രുത കേരളത്തിന്റെ വികസന സാധ്യതകളെയാണ്‌ ബാധിച്ചതും ബാധിച്ചുകൊണ്ടിരിക്കുന്നതും. ഭരണത്തിലിരിക്കുമ്പോള്‍ ഒരു നയവും പ്രതിപക്ഷത്തിരിക്കുമ്പോള്‍ വേറൊരു നയവുമാണ്‌ നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍ പിന്തുടരുന്നത്‌. ആരുഭരിച്ചാലും ഹര്‍ത്താലും ബന്ദും നിത്യസംഭവങ്ങളാണ്‌. ഇതുമൂലം സാധാരണ ജനങ്ങള്‍ക്ക്‌ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളും വ്യവസായ നഷ്ടങ്ങളും പൊതുമുതല്‍ നശിപ്പിക്കലും ഒരു രാഷ്ട്രീയ പാര്‍ട്ടികളും പരിഗണിക്കാറില്ല. ഇന്ന് കേരളത്തില്‍ മാറി മാറി വരുന്ന മുന്നണികള്‍ക്ക്‌ പുരോഗമനപരമായ ഒരു തീരുമാനവും എടുക്കുവാനുള്ള ചങ്കൂറ്റം ഇല്ല എന്നത്‌ ഏവര്‍ക്കും അറിയാവുന്നതാണ്‌. കോണ്‍ഗ്രസ്‌-കമ്യൂണിസ്റ്റ്‌ രാഷ്ട്രീയ വൈരം മറന്നുകൊണ്ട്‌ കേരളത്തിനുവേണ്ട ഭാവനാപരമായ ഉള്‍ക്കാഴ്ച ഒരു പാര്‍ട്ടിക്കും ഇല്ല. വര്‍ഷാവര്‍ഷം അവതരിപ്പിക്കുന്ന ബജറ്റിന്‌ അപ്പുറം നമ്മുടെ ചര്‍ച്ചകള്‍ മുന്നേറാറില്ല. ഭരണപക്ഷം പൂര്‍ണ്ണമായും ബജറ്റിനെ പിന്താങ്ങുകയും പ്രതിപക്ഷം പൂര്‍ണ്ണമായും കുറ്റപ്പെടുത്തുകയുമാണ്‌ സാധാരണ പതിവ്‌.
57ലെ കമ്യൂണിസ്റ്റ്‌ മന്ത്രിസഭ കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലിനും കാര്‍ഷികബന്ധ ബില്ലിനുമെതിരായാ പ്രതിഷേധങ്ങളാണ്‌ വിമോചന സമരത്തില്‍ എത്തിയത്‌. സ്വകാര്യ വിദ്യാഭ്യാസസ്ഥാപങ്ങളിലെ ക്രമക്കേടുകള്‍ അവസാനിപ്പിക്കുവാനും സംസ്ഥാനമൊട്ടാകെ ഒരു പൊതു വിദ്യാഭ്യാസ പരിപാടി നടപ്പാക്കാനുമായിരുന്നു ജോസഫ്‌ മുണ്ടശ്ശേരി അവതരിപ്പിച്ച ബില്ലിന്റെ ഉദ്ദേശം. പള്ളിയുടെ സ്കൂളുകള്‍ ഞങ്ങള്‍ രക്ഷിക്കണമെങ്കില്‍ ഞങ്ങളുടെ ഭൂമി പള്ളി രക്ഷിച്ചു തരണം ഇതായിരുന്നു ജന്മികളുടേയും വലിയ ഭൂവുടമകളുടേയും നിലപാട്‌ എന്ന് വിമോചന സമരത്തിന്റെ സംഘാടകരില്‍ പ്രധാനിയായിരുന്ന ഫാദര്‍ വടക്കന്‍ എന്റെ കുതിപ്പും കിതപ്പും എന്ന ആത്മകഥയില്‍ പറയുന്നു. ഇതില്‍ നിന്ന് വിമോചനസമരത്തിനു ഇറങ്ങിയ കക്ഷികളുടെ ഉദ്ദേശം മനസ്സിലാകുന്നതാണ്‌. 57ലും അന്നത്തെ സര്‍ക്കാര്‍ നിയമിച്ച കമ്മറ്റികള്‍ തയ്യാറാക്കിയ പാഠപുസ്തകങ്ങള്‍ പഠിക്കേണ്ടിവരുന്ന കുട്ടികള്‍ മസ്തിഷ്‌കപ്രക്ഷാളനത്തിനു വിധേയരാകും എന്ന് അന്നും ആരോപണമുണ്ടായിരുന്നു.
ക്രൈസ്തവ മാനേജുമെന്റുകള്‍ വിദ്യാഭ്യാസ പരിഷ്ക്കരണങ്ങള്‍ക്ക്‌ എതിരുനിന്നത്‌ ഇത്‌ ആദ്യമല്ല. ഇതിനോട്‌ സമാനമായ ചരിത്രം 1945 കളില്‍ ഉണ്ടായിട്ടുണ്ട്‌. തിരുവതാംകൂറില്‍ പ്രൈമറി വിദ്യാഭ്യാസം നിര്‍ബന്ധമാക്കാനും വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ എഡ്യൂക്കേഷന്‍ റീഓര്‍ഗനൈസേഷന്‍ കമ്മറ്റിയുടെ നിര്‍ദ്ദേശത്തിനെതിരേയും സഭ സമരകാഹളം മുഴക്കിയിട്ടുണ്ട്‌. അന്ന് പ്രൈമറി വിദ്യാഭ്യാസ രംഗത്തുണ്ടായിരുന്ന പ്രധാന പ്രശ്നം അദ്ധ്യാപരുടെ കുറഞ്ഞ വേതന നിരക്കായിരുന്നു. ഈ കമ്മറ്റിയുടെ റിപ്പോര്‍ട്ട്‌ ശ്രീമൂലം അസംബ്ലിയും ശ്രീചിത്തിര സ്റ്റേറ്റ്‌ കൌണ്‍സിലും ചര്‍ച്ചചെയ്യുകയും തുടര്‍ന്ന് അംഗീകരിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് വന്ന സര്‍ക്കാര്‍ വിജ്ഞാപനപ്രകാരം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പൂര്‍ണ്ണ ചുമതല തിരുവതാംകൂര്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. സൌജന്യവും
നിര്‍ബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം ചുരുങ്ങിയ കാലത്തിനുള്ളില്‍ നടപ്പിലാക്കുവാനുമായി ഇത്തരം വിദ്യാലയങ്ങളുടെ (പ്രൈമറി മാത്രം) മനേജുമെന്റിന്റെ സര്‍ക്കാര്‍ ഏറ്റെടുത്തു. അതുകൂടാതെ അദ്ധ്യാപക നിയമനവും പ്രമോഷനും പൂര്‍ണ്ണ ശമ്പളവും സര്‍ക്കാര്‍ തന്നെ ഏറ്റെടുത്തു. പുരോഗമനപരമായ ഈ നടപടിയെ ക്രൈസ്തവ സഭകള്‍ മത സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമായി ചിത്രീകരിക്കുകയാണ്‌ ചെയ്തത്‌. ചെങ്ങനാശ്ശേരി ബിഷപ്പ്‌ മാര്‍ ജെയിംസ്‌ കാളാശ്ശേരി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട്‌ ഇടയലേഖനം ഇറക്കുകയുണ്ടായി. ചെങ്ങനാശ്ശേരി ബിഷപ്പിന്‌ പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ മദ്രാസ്‌, ബാംഗ്ലൂര്‍, ബോംബെ എന്നിവടങ്ങളിലെ ബിഷപ്പുമാരും രംഗത്തെത്തി. അന്ന് നായര്‍, ഈഴവ, മുസ്ലീം സമുദായങ്ങള്‍ തിരുവതാംകൂര്‍ സര്‍ക്കാരിനെ പിന്തുണക്കുകയാണ്‌ ചെയ്തത്‌.
വിമോചന സമരക്കാലത്ത്‌ പ്രതിപക്ഷ നേതാവായിരുന്ന പി. റ്റി. ചാക്കോ, തിരുവതാംകൂര്‍ സര്‍ക്കാരിന്റെ ദേശസല്‍ക്കരണ നടപടികളെ എതിര്‍ത്തുകൊണ്ട്‌, കത്തോലിക്കാ സ്ക്കൂളുകളില്‍ ‘കത്തോലിക്കാ അന്തരീക്ഷം’ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെ സമര്‍ഥിച്ചുകൊണ്ട്‌ സി.പി.ക്ക്‌ ഒരു തുറന്ന കത്ത്‌ പ്രസിദ്ധീകരിച്ചിരുന്നു എന്നത്‌ ഓര്‍ക്കേണ്ടതാണ്‌.
കേരളത്തിലെ വര്‍ഗ്ഗീയതയ്ക്ക്‌ രാജവാഴ്ചയുടെ കാലത്തോളം പഴക്കമുണ്ട്‌. അക്കാലത്ത്‌, പ്രത്യേകിച്ചും കൊച്ചിയിലും തിരുവതാംകൂറിലും, ഓരോ വിഭാഗക്കാരും തങ്ങളുടെ കാര്യസാധനത്തിന്‌ വേണ്ടി രാജാവിന്‌ ഹര്‍ജി സമര്‍പ്പിക്കുകയാണ്‌ പതിവ്‌. അങ്ങിനെ മൊത്തം മലയാളി ക്ഷേമത്തിനു പകരം തങ്ങളുടെ വിഭാഗങ്ങള്‍ക്കുള്ള ക്ഷേമത്തിനായി ഊന്നല്‍. എസ്‌.എന്‍. ഡി. പി.യും എന്‍.എസ്‌.എസും രൂപീകരിച്ചതോടെ വിഭാഗീയ ചിന്താഗതി ശ്ക്തമായി. കോണ്‍ഗ്രസും സി.പി.എമ്മും ഈ ശക്തികളെ വളര്‍ത്തുന്നതില്‍ സഹായിച്ചിട്ടുണ്ട്‌. ജാതിമത ശക്തികളുടെ ഐക്യത്തിലൂടെ സമരം നടത്തി പിരിച്ചുവിടപ്പെട്ട മന്ത്രിസഭയ്ക്കുശേഷം, കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ പിന്നീട്‌ ഇതേ പിന്തിരിപ്പന്‍ശക്തികളോട്‌ കൂട്ടുകൂടി കേരളം ഭരിക്കുന്ന കാഴ്ച പിന്നീട്‌ നമുക്ക്‌ കാണേണ്ടി വന്നു.
എഴാംക്ലാസിലെ സാമൂഹ്യ പാഠത്തിലെ മതമില്ലാത്ത ജീവന്‍ എന്ന പാഠം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്‌ വീണ്ടും ചില മത സാമുദായിയ കക്ഷികള്‍ ഇന്ന് സമരം ചെയ്യുകയാണ്‌. 57ലെ കുപ്രചരണങ്ങളുടെ തുടര്‍ച്ചയെന്നോണം ഇന്നും പാഠപുസ്തകങ്ങള്‍ വഴി കുട്ടികളെ മസ്തിഷ്ക പ്രക്ഷാളനത്തിനു വിധേയരാക്കുകയാണെന്നും ഭാവി തലമുറയെ കമ്യൂണിസ്റ്റാക്കുകയാണ്‌ ഉദ്ദേശമെന്നും ആരോപിക്കുന്നു. അന്‍പതുവര്‍ഷങ്ങള്‍ക്കുശേഷവും കേരളസമൂഹം ചിന്താപരമയി മുന്നേറിയിട്ടില്ല എന്നാണോ ഇത്‌ സൂചിപ്പിക്കുന്നത്‌?
പല മേഖലകളിലും കഴിഞ്ഞ അമ്പതുവര്‍ഷങ്ങള്‍ക്കുള്ളില്‍ നമ്മള്‍  വളരെയധികം മുന്നേറിയിട്ടുണ്ട്‌. സാമൂഹ്യ പുരോഗതിയില്‍ നമ്മള്‍ ഇന്ത്യയില്‍ ഒന്നാംസ്ഥാനത്താണ്‌. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച പുരോഗതി ചില വികസിത രാജ്യങ്ങളോട്‌ തുല്യമാണ്‌. ഐ.ടി രംഗത്തും നമ്മള്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. പക്ഷേ, ഇതിനൊക്കെ തുല്യമായി നമ്മുടെ ചിന്താശീലങ്ങള്‍, ഒരു സമൂഹമെന്ന നിലയ്ക്ക്‌ വികസിച്ചിട്ടില്ല എന്ന യാഥാര്‍ഥ്യം നമ്മള്‍ അംഗീകരിക്കേണ്ടിയിരിക്കുന്നു. പുരോഗമന പ്രസ്ഥാനങ്ങളുടെ അപചയം മുതലെടുത്ത പിന്തിരിപ്പന്‍ ശക്തികളേയും ആശയങ്ങളേയും തുറന്നുകാണിച്ചുകൊണ്ടും പരാജയപ്പെടുത്തിക്കൊണ്ടും മാത്രമെ കേരളീയസമൂഹത്തിന്‌ മുന്നോട്ട്‌ പോകുവാന്‍ കഴിയൂ.

റെഫെറന്‍സ്‌:
ട്രൈംഫ്‌ അന്‍ഡ്‌ ട്രാജിഡി ഇന്‍ ട്രാവന്‍കൂര്‍ – എ.ശ്രീധരമേനോന്‍
57ലെ വിദ്യാഭ്യാസബില്ല് – ഡോ.പി.കെ.മൈക്കിള്‍ തരകന്‍

Blog at WordPress.com. | Theme: Pool by Borja Fernandez.
Entries and comments feeds.