ലക്ഷ്മി പാണ്ഡ
സെപ്റ്റംബര്‍ 28, 2008 at 7:20 pm | In Freedom struggle | 1 CommentTags: ഐ.എന്‍.എ., ലക്ഷ്മി പാണ്ഡ
സുഭാഷ് ചന്ദ്രബോസിന്റെ ഐ.എന്‍.എ.യിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു ലക്ഷ്മി. ജീവിച്ചിരിക്കുന്ന ചുരുക്കം ചില ഐ.എന്‍.എ. പോരാളികളില്‍ ഒരുവള്‍. സ്വാതന്ത്ര്യ സമര സേനാനികളോ, ഛേ, ജീവിതം പാഴാക്കിയ ചില കോമാളികളല്ലേ അവര്‍ എന്നാണല്ലോ നമുക്കും നമ്മെ ഭരിക്കുന്നവര്‍ക്കും ആദ്യം തോന്നുക.അടുത്തകാലം വരെ ലക്ഷ്മി വീടുകളില്‍ ജോലിചെയ്ത് ചേരിയിലാണ് കഴിഞ്ഞുകൂടിയത് എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടേണ്ടാ. ഒരു ഒറിയ പത്ര പ്രവര്‍ത്തകന്‍ ഇവരെക്കുറിച്ച് എഴുതിയതോടെയാണ് പുറം ലോകം ലക്ഷ്മിയെക്കുറിച്ച് അറിയുന്നത്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത അനേകായിരം സാധാരണക്കാരില്‍ ഒരുവള്‍ മാത്രമാണ് താനെന്ന് ലക്ഷ്മി വിശ്വസിക്കുന്നു. മന്ത്രിയാകാനും ഗവര്‍ണ്ണറാകാനൊന്നും അവര്‍ക്ക് യോഗമുണ്ടായില്ല, ആഗ്രഹിച്ചതുമില്ല. ഒറീസ്സാ സര്‍ക്കാരില്‍നിന്ന് കിട്ടുന്ന ആയിരം രൂപ പെന്‍ഷന്‍ കൊണ്ടാണ് ഇന്നവര്‍ കഴിഞ്ഞ് കൂടുന്നത്. ലക്ഷ്മിയെക്കുറിച്ച് ഇത്രയൊക്കെ അറിയാമെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ പെന്‍ഷന്‍ ഇതുവരെ അവര്‍ക്ക് കിട്ടിയിട്ടില്ല. കാരണം ലക്ഷ്മി ജെയില്‍ വാസം അനുഭവിച്ചതിന് തെളിവില്ല. താന്‍ ജെയിലില്‍ പോയിട്ടില്ല എന്ന് ലക്ഷ്മിയും പറയുന്നു. സര്‍ക്കാരിന്റെ കാശ് പിന്നെ അവര്‍ക്ക് എങ്ങനെ കിട്ടും?

സ്വാതന്ത്ര്യ സമരവും ഐ.എന്‍.എ.യുമെല്ലാം ചരിത്ര പുസ്തകങ്ങളില്‍ അവശേഷിക്കുമ്പോള്‍, സമൂഹത്തിന്റെ അവഗണകള്‍ ഏറ്റ് വാങ്ങി ജീവിതം തള്ളിനീക്കിയ ലക്ഷ്മിയെക്കുറിച്ചറിയുന്നതിന് ചില ലിങ്കുകള്‍ :
http://www.hinduonnet.com/2007/08/15/stories/2007081554621300.htm
http://www.orissadiary.com/Shownews.asp?id=7900
http://www.tehelka.com/story_main40.asp?filename=Ws300808tricolourecstasy.asp
മുതലാളിത്തത്തിന് വാട്ടമോ?
സെപ്റ്റംബര്‍ 24, 2008 at 7:27 pm | In Politics | 1 CommentTags: മുതലാളിത്തം
ലീമാന്‍ ബ്രദേഴ്‌സ്, മെറില്‍ലിഞ്ച്, എ.ഐ.ജി, ഗോള്‍ഡ്‌മാന്‍, മോര്‍ഗാന്‍ സ്റ്റാന്‍ലി…പ്രതിസന്ധിയിലായ അമേരിക്കന്‍ കമ്പനികളുടെ പട്ടിക നീളുകയാണ്. പുതിയ വാര്‍ത്തകള്‍ അനുസരിച്ച് ഗോള്‍ഡ്‌മാനും മോര്‍ഗാനും ഇന്‍വെസ്റ്റ്‌മെന്റ് ബാങ്‌കിംങ്ങ് രംഗത്തുനിന്നു തന്നെ പിന്മാറുകയാണ്. അമേരിക്കയിലെ പ്രധാന സ്റ്റോക്ക് എക്സ്ചേഞ്ചുകളുടേയും ബാങ്‌കുകളുടേയും സിരാകേന്ദ്രമായിരുന്നു വോള്‍ സ്ട്രീറ്റ്. ഇതോടുകൂടി രണ്ട് ദശാബ്ദങ്ങളായി ലോകസാമ്പത്തിക വ്യവസ്ഥയെ നിയന്ത്രിച്ചിരുന്ന വോള്‍സ്ട്രീറ്റിന്റെ കാലം കഴിഞ്ഞു. വോള്‍ സ്ട്രീറ്റ് എന്ന പേര് വരുവാന്‍ കാരണമായ പന്ത്രണ്ടടിയില്‍ കൂടുതല്‍ ഉയരമുണ്ടായിരുന്ന മതില്‍ 1699 ല്‍ തന്നെ ബ്രിട്ടീഷുകാര്‍ പൊളിച്ചുകളഞ്ഞിരുന്നു. ഇന്ന് മുതലാളിത്തം തന്നെ മതിലകത്തിന്റെ(?)കഴുത്ത് ഞെരിച്ചു! അല്ലെങ്കിലും ചരിത്രം എപ്പോഴും വികൃതികളേ കാട്ടൂ!അമേരിക്കന്‍ മോഡല്‍ സാമ്പത്തിക വ്യവസ്ഥ കോപ്പിയടിച്ച രാജ്യങ്ങളിലെല്ലാം ഇന്ന് സാമ്പത്തികമാന്ദ്യമാണ്. സോവിയറ്റ് മോഡല്‍ സോഷ്യല്‍ സാമ്രാജ്യത്വം തകര്‍ന്നപോലെ അമേരിക്കന്‍ മോഡല്‍ വ്യവസ്ഥയും തകരുകയാണോ? ഇന്ത്യന്‍ ഭരണാധികാരികള്‍ കോപ്പിയടിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന അമേരിക്കന്‍ മോഡല്‍ നിലനില്‍ക്കുന്നത് തന്നെ ഓഹരി കമ്പോളത്തെ ആശ്രയിച്ചാണ്. നമ്മള്‍ ഇന്ത്യയില്‍ കാണുന്നപോലെ, ഓഹരി കമ്പോളത്തെ നിയന്ത്രിക്കുന്നത് ഒരു കൂട്ടം ഓഹരി ദല്ലാളന്മാരും ധനകാര്യ വ്യാപാരികളും, പ്രൈവറ്റ് ബാങ്കുകളുമാണ്. എളുപ്പത്തില്‍ ധനാവാന്മാരാകാന്‍ ഇത്തരമൊരു വ്യവസ്ഥ എല്ലാ സൌകര്യങ്ങളും ഒരുക്കുന്നു. ഉത്‌പാദനവുമായി ബന്ധമില്ലാത്ത കപടവാണിജ്യ വ്യവഥ എന്നും പൊട്ടാം. ഇവിടെ ലാഭം ഉത്‌പാദനത്തിലൂടെയല്ല മറിച്ച് വിനിമയത്തിലൂടെയാണ്. അത്യാര്‍ത്തിയുടെ പ്രതിഫലം എന്ന് റ്റൈം മാഗസിനുതന്നെ വിലപിക്കേണ്ടിവന്നു (Sep 29 issue)!
വന്‍കിട മുതലാളിത്ത രാജ്യങ്ങളില്‍ സാമ്പത്തിക വാട്ടം തുടരുമ്പോള്‍ ഇന്ത്യ രക്ഷപ്പെട്ടത് ഇവിടത്തെ പോതുമേഖലയുടെ സ്വാധീനം കൊണ്ടാണെന്ന് വൈകിയാണെങ്കിലും ചില ഉദാരവല്‍ക്കരണവാദികള്‍ക്ക് സമ്മതിക്കേണ്ടിവന്നു. ചിലര്‍ക്ക് ഈയവസരത്തില്‍ നെഹ്രുവിനേയും ഓര്‍മ്മവന്നു. അഹങ്കാരത്തിലും അത്യാര്‍ത്തിയിലും ഊന്നിയുള്ള വ്യവസ്ഥയെ പുണരുന്നവര്‍ക്ക് ഇതൊരു താക്കീതാകട്ടെ എന്നാശ്വസിക്കാം!
മുളകുപൊടിയും സോപ്പും സാഹിത്യവും
സെപ്റ്റംബര്‍ 21, 2008 at 8:59 pm | In സാഹിത്യം | 2 CommentsTags: മനോരമ ഓണപ്പതിപ്പ്
ദിനേശ് ബീഡിയുടെ വില്‍പ്പന കൂട്ടുവാന്‍ ഒരുപൊതി ബീഡിയുടെ കൂടെ ഒരു തീപ്പെട്ടി സൌജന്യം എന്ന കച്ചവട തന്ത്രം പ്രയോഗിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്. ബീഡിയും തീപ്പെട്ടിയുമായുള്ള ബന്ധം കാരണം അതില്‍ വലിയ അത്ഭുതമൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ മലയാള മനോരമ വാര്‍ഷികപ്പതിപ്പിനൊപ്പം 23 രൂപ വിലയുള്ള മുളകുപൊടിയും സോപ്പും സൌജന്യം എന്ന പരസ്യം കണ്ടപ്പോള്‍ ഞെട്ടലും അമ്പരപ്പും ചേര്‍ന്ന ഒരു കോക്‌ടെയ്‌ല്‍ വികാരമാണ് തോന്നിയത്. ‘ഓണക്കാലത്ത് വായിക്കാന്‍ ഏറ്റവും മികച്ച സാഹിത്യ വിശേഷാല്‍ പ്രതി’യില്‍ എം.ടി., പത്മനാഭന്‍, ഒ.എന്‍.വി., അഴീക്കോട്, പുനത്തില്‍, മുകുന്ദന്‍, സക്കറിയ, സേതു തുടങ്ങിയ മലയാളത്തിലെ മികച്ച കൊമ്പന്മാരേയാണ് നിരത്തിയിരിക്കുന്നത്. അച്ചടിക്കുന്ന സാധനം ഏത് വിധത്തില്‍ വിറ്റ് കാശാക്കണം എന്നതിന്റെ രഹസ്യം മനോരമയേക്കാള്‍ കൂടുതലായി വേറെ ആര്‍ക്കും അറിയുമെന്ന് തോന്നുന്നില്ല. മനോരമ ഇന്ന് ചെയ്യുന്ന കാര്യങ്ങള്‍ മാതൃഭൂമി വര്‍ഷങ്ങള്‍ക്കുശേഷമായിരിക്കും നടപ്പില്‍ വരുത്തുക. അപ്പോള്‍ വാര്‍ഷികപ്പതിപ്പിന്റെ കൂടെ ‘23′ രൂപയുടെ ഓഫര്‍ ഗൌരവമായിതന്നെ എടുക്കണം, പിള്ളേരുകളിയല്ല എന്നര്‍ഥം. മലയാളത്തിലെ ഈ സൂപ്പര്‍സ്റ്റാറുകളുടെ സൃഷ്ടികള്‍ വില്‍ക്കണമെങ്കില്‍ (45 രൂപ) അതിന്റെ പകുതി വിലയുള്ള സാധങ്ങള്‍ സൌജന്യമായി കൊടുക്കേണ്ട ഗതികേടായോ? അല്ലെങ്കില്‍ മുളകുപൊടിയുടേയും സോപ്പിന്റേയും കൂടെ ഓണത്തിന് ഈ ഭാണ്ഡം കൂടി ഇരുന്നോട്ടേയെന്നാണോ? അതോ, ഈ സാഹിത്യ കാരണവന്മാരെ വേണ്ട വിധത്തില്‍ ആദരിച്ചതാണോ?
മാദ്ധ്യമങ്ങളുടെ നാനോ
സെപ്റ്റംബര്‍ 3, 2008 at 11:28 pm | In Uncategorized | 1 CommentTags: നാനോ, സിംഗൂര്‍
സിംഗൂറില്‍നിന്നും ടാറ്റപിന്മാറുന്നു എന്ന് പ്രഖ്യാപിച്ചതോടുകൂടി ഇന്ത്യയിലെ മാധ്യമങ്ങളുടെ വീക്ഷണവും മാറുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇതുവരെ, കര്‍ഷകരോടുള്ള സ്നേഹത്തേക്കാളുപരി, സി.പി.എം.നെ അടിയ്ക്കാന്‍ കിട്ടിയ അവസരമായി സിംഗൂറിനെ ഉപയോഗപ്പെടുത്തിയിരുന്നവര്‍, ഒറ്റ ദിവസംകൊണ്ട് മമതാബാനര്‍ജിയെ തള്ളിപ്പറഞ്ഞുകഴിഞ്ഞു. ഒരു പ്രസിദ്ധ ഇംഗ്ലീഷ് പത്രത്തിന് ഇന്നലെയാണ് മനസ്സിലായത് സിംഗൂറിലെ സമരത്തിന് നേതൃത്വം നല്‍കുന്ന ജനകീയമുന്നണിയിലെ ഏഴ് സംഘടനകള്‍ക്ക് നാമമാത്രമായ അംഗബലമാണ് ഉള്ളതെന്ന്. ചില സംഘടനകള്‍ വെറും കടലാസ് പുലികളാണെന്നും, ചിലത് എന്‍.ജി.ഓ.കളും, മാവോയിസ്റ്റുകളും സി.പി,എം.വിരുദ്ധരാണെന്നും പത്രം പറയുന്നു. വോട്ടിനെ പേടിയില്ലാത്ത ഇതില്‍ ചില സംഘടനകള്‍ വ്യവസായ വിരുദ്ധരാണെന്നും തുടര്‍ന്ന് പറയുന്നു. റിപ്പോര്‍ട്ട് സത്യമാകാം, പക്ഷേ പ്രസിദ്ധപ്പെടുത്തിയ സമയം അതിന്റെ ഉദ്ദേശം വ്യക്തമാക്കുന്നില്ലേ?
കര്‍ഷകരില്‍ നിന്നും നിസ്സാരവിലയ്ക്ക് കൃഷിഭൂമി പിടിച്ചുവാങ്ങിയ ബംഗാള്‍ സര്‍ക്കാരിന് പെട്ടെന്നാണ് വില്ലന്‍ റോളില്‍ നിന്നും മോചനം കിട്ടിയത്. മാദ്ധ്യമങ്ങളില്‍ ഇന്ന് നാനോ മാറുന്ന ബംഗാളിന്റെ, വ്യവസായ പുരോഗതിയുടെ ചിഹ്നമാണ്. വ്യവസായവല്‍ക്കരണത്തെ സംബന്ധിച്ച് സ്വദേശികള്‍ക്ക് അല്‍പമെങ്കിലും സംശയം ഭാക്കിയുണ്ടെങ്കില്‍ അത് മാറുവാനായി വാള്‍സ്ട്രീറ്റ് ജേണലും, ന്യൂയോര്‍ക്ക് ടൈസും എന്ത് പറയുന്നു എന്ന് പത്രം പറഞ്ഞു തരുന്നു.
നാനോ സിംഗൂറില്‍ നിന്നും പുറത്ത് വന്നാലും ഇല്ലെങ്കിലും പ്രത്യേക സാമ്പത്തിക മേഖലകളുടെ പേരില്‍ കൃഷിഭൂമി പിടിച്ചുപറിക്കുന്ന നയത്തിനെതിരെ ഇന്ത്യയില്‍ നടക്കുന്ന സമരങ്ങള്‍ക്ക് സിംഗൂര്‍ എന്നും പ്രചോദനമായിരിക്കും.
ഇനിയുമൊരു ‘നന്ദിഗ്രാ’മാവര്‍ത്തിച്ചീടുവാ-
നവസരമൊരുക്കരുത്, നിങ്ങളുണരുക (ദാമോദരന്‍.കെ.പി.)
Blog at WordPress.com. | Theme: Pool by Borja Fernandez.
Entries and comments feeds.

