മലയാളം ക്ലാസിക്കല്‍ ഭാഷയാണോ?

നവംബര്‍ 5, 2008 at 7:47 pm | In Uncategorized | 6 Comments

കന്നഡയും തെലുങ്കും ക്ലാസിക്കല്‍ ഭാഷകളായി അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പൌരാണികവും ശ്രേഷ്ഠവുമായ ഭാഷകളുടെ കൂട്ടത്തില്‍ നേരത്തേ തന്നെ സംസ്കൃതത്തേയും തമിഴിനേയും ഉള്‍പ്പെടുത്തിയിരുന്നു. മറ്റ്‌ ഇന്ത്യന്‍ ഭാഷകളെയൊന്നും ഈ ദേവഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
മലയാളത്തെ ക്ലാസിക്കലാക്കിയാലും നോണ്‍ക്ലാസിക്കലാക്കിയാലും നമുക്കൊരു വിരോധവുമില്ല. ഈ വക അലമ്പുകാര്യങ്ങള്‍ക്കുവേണ്ടി സമയം പാഴാക്കാന്‍ മലയാളിയെ കിട്ടില്ല. കേന്ദ്ര സാഹിത്യ അക്കാദമി ചെയര്‍മാന്‍ തലവനായുള്ള വിദഗ്‌ധ സമിതിയുടേ ശുപാശ കണക്കിലെടുത്താണ്‌ കേന്ദ്രസര്‍ക്കാര്‍ ക്ലാസിക്കലിനെ കണ്ടുപിടിച്ചത്‌. 1000 കൊല്ലത്തെ ചരിത്രമുള്ള ഭാഷകള്‍ക്ക്‌ ക്ലാസിക്കല്‍ തൊപ്പി നല്‍കാം എന്നാണ്‌ നേരത്തേ തീരുമാനിച്ചിരുന്നത്‌. അങ്ങനെ 2000 ല്‍ തമിഴന്‌ ഈ തൊപ്പി കിട്ടി. അതിനുശേഷം തൊപ്പി ഇടാനുള്ള മൂപ്പ്‌ സ്വല്‍പ്പം കൂട്ടി. 1500 മുതല്‍ 2000 വരെ ചരിത്രമുള്ള ഭാഷകളേ ക്ലാസിക്കലാകൂ എന്ന് ഭേദഗതി വന്നു. തങ്ങള്‍ക്ക്‌ ക്ലാസിക്കല്‍ തൊപ്പി കിട്ടിയപ്പോള്‍ തമിഴന്‍ ഒന്നു തീരുമാനിച്ചു. ഈ തൊപ്പി ഇനി മറ്റ്‌ ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്ക്‌ കിട്ടിക്കൂടാ. കന്നഡയ്ക്കും തെലുങ്കിനും ക്ലാസിക്കല്‍ പദവി കൊടുത്തുകൂടാ എന്ന് പറഞ്ഞ്‌ ചെന്നൈ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. അത്‌ അവിടെ നടന്നോട്ടേ!
ഭാഷ ക്ലാസിക്കലായാല്‍ അല്ലറ ചില്ലറ വരുമാനം കൂടും. സ്ക്കോളര്‍ഷിപ്പുകള്‍, ഫെല്ലോഷിപ്പുകള്‍, അവാര്‍ഡുകള്‍, പ്രത്യേക സാമ്പത്തിക സഹായം, പ്രോത്സാഹനം…. പയ്യന്റെ ഭാഷയില്‍ “ഒട്ടും മുഷിയില്ല”.
ഈയവസരത്തില്‍ മലയാളത്തിന്റെ ചരിത്രം ഒന്ന്‌ നോക്കാം. മലയാള ഭാഷയുടെ വികാസപരിണാമങ്ങള്‍ എന്ന പുസ്തകത്തില്‍ ഇളംകുളം കുഞ്ഞന്‍പിള്ള വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ഈ വിഷയം ഭംഗിയായി എഴിതിയിട്ടുണ്ട്‌:
“കൊല്ലം ഒന്നാം ശതകത്തില്‍ത്തന്നെ മലനാട്ടുതമിള്‍ പ്രത്യേകം ഒരു ഭാഷയായിത്തീരാനുള്ള ലക്ഷണങ്ങള്‍ സ്വീകരിച്ചുകഴിഞ്ഞുവെന്ന് ശാസനങ്ങളില്‍ നിന്നു മനസ്സിലാക്കാം”.
“കൊല്ലവര്‍ഷാരംഭത്തിന്‌ അല്‍പം മുമ്പുമുതല്‍ നമ്പൂതിരിമാര്‍ക്കു സിദ്ധിച്ച പ്രാമാണ്യവും പത്താം ശതകത്തിനു ശേഷം ലഭിച്ച രാഷ്ട്രീയമായ പ്രാബല്യവും ആണ്‌ മലനാട്ടുതമിഴ്‌ ഒരു പ്രത്യേക ഭാഷയായി തീരുവാന്‍ കാരണം. അതിനും മുമ്പ്‌ സംസ്കൃതവും തമിഴും ചേര്‍ന്ന അവരുടെ മിശ്ര ഭാഷ ഉദ്ഭവിച്ചിരിക്കാം. എന്നാല്‍ മിശ്ര ഭാഷയ്ക്കു മലനാട്ടു തമിഴില്‍ ബലമായ പ്രേരണ ചെലുത്തുവാന്‍ കഴിഞ്ഞത്‌ നമ്പൂതിരിമാര്‍ പ്രബലന്മാരായിത്തീര്‍ന്നതില്‍ പിന്നീടുമാത്രമാണ്‌. അധികാരസ്ഥാനങ്ങള്‍ അധികവും കരസ്ഥമായാല്‍ മാത്രമേ ചെറിയ ഒരു ജനവിഭാഗത്തിന്റെ ഭാഷയ്ക്കു സാമാന്യ ജനങ്ങളുടെ  ഭാഷയില്‍ പരിവര്‍ത്തനമുളവാക്കുവാന്‍ കഴിയുകയുള്ളു.”
“കേരളത്തിലെ വ്യവഹാരഭാഷയായിരുന്ന തമിഴ്‌ മലയാളമായി പരിണമിച്ചതുപോലെ തെലുങ്ക്‌, കര്‍ണ്ണാടകം മുതലായ ദേശങ്ങളിലെ പൂര്‍വ്വ ഭാഷയും പല ഘട്ടങ്ങളേയും തരണം ചെയ്താണ്‌ ഇന്നത്തെ നിലയെ പ്രാപിച്ചിട്ടുള്ളത്‌. ഇന്നത്തെ തെലുങ്കും കര്‍ണ്ണാടകവും തമിഴും മലയാളവും എല്ലാം സഹോദര ഭാഷകളാണ്‌. മൂല ദ്രാവിഡ ഭാഷയുടെ ഒരു അംശം ഇന്നത്തെ തെലുങ്കു കര്‍ണ്ണാടകങ്ങളുടെ പൂര്‍വ്വഭാഷയായി രൂപാന്തരം പ്രാപിച്ചതിനുശേഷവും കുറെക്കാലം ചേര ചോള പാണ്ഡ്യ ദേശങ്ങളിലെ ഭാഷ ഒന്നുതന്നെയായിരുന്നുവെന്ന ചരിത്രപരമായ പരമാര്‍ത്ഥം ആര്‍ക്കും നിഷേധിക്കുവാന്‍ കഴിയുന്നതല്ല. തമിഴ്‌ എന്ന് വിളിച്ചുവന്ന ആ ഭാഷ രണ്ടായി പിരിഞ്ഞ്‌ പല ഘട്ടങ്ങളും തരണം ചെയ്താണ്‌ ഇന്നത്തെ തമിഴ്‌ മലയാളങ്ങളായി പരിണമിച്ചത്‌. അതുകൊണ്ട്‌ തമിഴ്‌ മലയാളങ്ങള്‍ തെലുങ്കു കര്‍ണ്ണാടകങ്ങളേക്കാള്‍ നൂതനങ്ങളാകുകയില്ല. എന്തെന്നാല്‍ അന്നത്തെ തെലുങ്കുകര്‍ണ്ണാടക ദേശങ്ങളിലെ ഭാഷ ഇന്നത്തെ തെലുങ്കുകര്‍ണ്ണാടകങ്ങളല്ല അവയുടെ പൂര്‍വ്വ രൂപമാണ്‌.”
“ഒരു നാട്ടിലെ ഭാഷയുടെ മാതൃസ്ഥാനത്തു മറ്റൊരു നാട്ടിലെ ഭാഷയെ കല്‍പ്പിക്കുന്നത്‌ ‌ കേവലം അനുചിതമെന്നേ പറയാനുള്ളു. എന്തെന്നാല്‍ മലനാട്ടിലെ തമിഴ്‌ തന്നെയാണ്‌  പലവിധ പരിണാമങ്ങളും സംഭവിച്ചു മലയാളമായിത്തീര്‍ന്നത്‌; പാണ്ടിനാട്ടിലെ തമിഴല്ല. അതുപോലെ പാണ്ഡ്യ ചോള ദേശങ്ങളിലെ പൂര്‍വ്വകാലത്തെ വ്യവഹാര ഭാഷയാണ്‌ ഇന്നത്തെ തമിഴായി പരിണമിച്ചത്‌; മലനാട്ടു തമിഴല്ല.”
ഏകദേശം മൂവായിരം വര്‍ഷം മുമ്പ്‌ ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ ‘മൂല ദ്രാവിഡഭാഷ’ എന്ന ഒരൊറ്റ ഭാഷയാണ്‌ സംസാരിച്ചിരുന്നത്‌. അതില്‍ നിന്ന് കാലക്രമേണ സ്വതന്ത്രരൂപം കൈവന്നവയാണ്‌ തമിഴ്‌, മലയാളം, കന്നഡ, തെലുങ്ക്‌ മുതലായ ഭാഷകള്‍. ഇതുകൂടാതെ നമ്മള്‍ കേട്ടിട്ടില്ലാത്ത വേറെ പതിനാറിലധികം ഭാഷകള്‍ ദ്രാവിഡ ഗോത്രത്തിലുണ്ട്‌.
കൊല്ലവര്‍ഷം 1184ല്‍ ജീവിക്കുന്ന നമ്മള്‍ക്ക്‌ നമ്മുടെ ഭാഷയും ക്ലാസിക്കലാണ്‌ എന്ന്‌ അഭിമാനിച്ച്‌കൂടെ?

6അഭിപ്രായങ്ങള്‍ »

RSS feed for comments on this post. TrackBack URI

  1. നമ്മുടെ ഭാഷ ക്ലാസിക്കലല്ലേ?

  2. അയ്യോ വെണ്ടേ…!!

    ഇനി അതിന്റെ പേരില്‍ പച്ച്ക്കറിയും അരിയും സാമാനങ്ങളും തമിള്‍ നാട്ടില്‍ തടഞ്ഞിടാനല്ലേ???

  3. ഇളംകുളത്തിന്റെ നിരീക്ഷണങ്ങൾ മാത്രം വെച്ചുള്ള വിലയിരുത്തലുകൾ ശാസ്ത്രീയമല്ല.ആധുനിക ഭാഷാകാഴ്ച്ചപ്പാട് വെച്ച്,വ്യാകരണബന്ധതലമാണ്പദതലത്തിലെ ബന്ധമല്ല,ഭാഷോൽ‌പ്പത്തിയെ നിരീക്ഷിക്കുമ്മ്പോൾ കണക്കിലെടുക്കേണ്ടത്.ഏ.ആറൂം,ഗോദവർമ്മയും,ആറ്റൂരും,കെ.എം.ജോർജും,കെ.എൽ.ആന്റണിയുമടക്കം പലരുടേയും നിരീക്ഷണങ്ങളെ കാണാതെ,തികച്ചും പഴയ മലനാട്ട് തമിഴ് വാദം എടുത്തിടുന്നതിന്റെ ഉദ്ദേശം വ്യക്തമല്ല.
    മലയാളം ക്ലാസിക്കലായാലും നിയോക്ലാസിക്കലായാലും വലിയ മാറ്റമൊന്നും വരാനില്ല.

  4. മലയാളം = കൊടും തമിള്‍ + സംസ്കൃതം

    കൊടും തമിഴില്‍ നിന്നുദ്ഭവിച്ചതാണല്ലോ മലയാളം!

    അതിനാല്‍ തമിഴിന്റെയും സംസ്കൃതത്തിന്റെയും ക്ലാസിസത്തില്‍ നമുക്ക് ഇരട്ടി പുളകപ്രസരം അനുഭവിക്കാം!

    :-)

  5. സമാധി, അരിയ്ക്കും പച്ചക്കറിയ്ക്കും നമുക്ക്‌ ക്ഷാമമുണ്ടാകുകയില്ല, രൂപകളല്ലേ കിടക്കുന്നത്‌ കൈയ്യില്‍!
    ശിരോമണിജി, ഇളംകുളത്തിന്റെ അഭിപ്രായങ്ങള്‍ ഇപ്പോഴും പ്രസക്തമാണെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ്‌ quote ചെയ്തത്‌. പിന്നെ, ഉള്ളൂരും, ഗോദവര്‍മ്മയും മലനാട്ടിലെ ഭാഷയ്ക്ക്‌ തമിഴിനേക്കാള്‍ പഴക്കമുണ്ടെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്‌! ഭാഷ ക്ലാസിക്കലാക്കിയാലും നോണ്‍ക്ലാസിക്കലാക്കിയാലും പ്രത്യേകിച്ച്‌ ഒന്നുമില്ല പക്ഷേ അതിന്റെ പിന്നിലെ രാഷ്ട്രീയം തിരിച്ചറിയേണ്ടതുണ്ട്‌.

  6. theri parayan classical bhasha veno?


ഒരു അഭിപ്രായം ഇടൂ

XHTML: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>

Blog at WordPress.com. | Theme: Pool by Borja Fernandez.
Entries and comments feeds.