ദാവീദും സോളമനും ജീവിച്ചിരുന്നോ?

നവംബര്‍ 18, 2008 at 7:12 pm | In Uncategorized | 1 Comment

MIDEAST ISRAEL ANCIENT INSCRIPTION

ബൈബിള്‍ ഒരു സമ്പൂര്‍ണ്ണ ചരിത്ര രേഖയായി കണക്കിലെടുക്കാമോ എന്നത്‌ ഒരു തര്‍ക്ക വിഷയമാണ്‌. തല്‍ക്കാലം ഇവിടെ തര്‍ക്കത്തിന്‌ ഉദ്ദേശമില്ല, പ്രതേകിച്ചും വിശ്വാസികളോട്‌. ഇസ്രായേലിലെ ഏലാതാഴ്‌വരയില്‍ നടക്കുന്ന ഉത്‌ഖനനങ്ങള്‍ ഇത്തരമൊരു പാശ്ചാത്തലത്തിലാണ്‌ പ്രാധാന്യമര്‍ഹിയ്ക്കുന്നത്‌. പഴയ നിയമത്തിലെ പല കഥകള്‍ക്കും ആര്‍കിയോളജിക്കല്‍ തെളിവുകള്‍ വിരളമായേ കിട്ടിയിട്ടുള്ളു.
“യഹൂദായിലുള്ള ബെത്‌ലഹേമിലെ എഫ്രാതിയനായ യിശ്ശായിയുടെ പുത്രനായിരുന്നു ദാവീദ്‌.” “എല്ലാ ഇസ്രായേല്‍ക്കാരും ഫെലിസ്തിയരോട്‌ ഏലാ താഴ്‌വരയില്‍ യുദ്ധം ചെയ്യുകയായിരുന്നു.”
“ദാവീദ്‌ ഒരു കവിണയും ഒരു കല്ലുംകൊണ്ട്‌ ഫെലിസ്തിയനെ കീഴടക്കി; അയാളെ വധിച്ചു.”
” നാല്‍പതു വത്സരം ദാവീദ്‌ ഇസ്രായേലില്‍ ഭരണം നടത്തി: ഏഴു വത്സരം ഹൈബ്രോനിലും മുപ്പത്തിമൂന്നു വത്സരം ജെറുശലേമിലും”.
“അതിനുശേഷം സോളമന്‍ തന്റെ പിതാവായ ദാവീദിന്റെ സിംഹാസനത്തില്‍ അരൂഡനായി. അയാളുടെ രാജത്വം സുസ്ഥാപിതമായി. സോളമന്‍ ഇസ്രായേലിനു മുഴുവന്‍ രാജാവായി നാല്‍പതു വത്സരം ജെറൂശലേമില്‍ ഭരണം നടത്തി.”

ദാവീദ്‌ പടുത്തുയര്‍ത്തിയ രാജ്യം വീണ്ടെടുത്തതാണ്‌ ഇന്നത്തെ ഇസ്രായേല്‍ എന്നാണ്‌ ജൂത വിശ്വാസം. പക്ഷേ ചരിത്രപരമായ തെളിവുകളുടെ അഭാവം കാരണം  ദാവീദിന്റേയും സോളമന്റേയും രാജ്യം വെറുമൊരു മിത്ത്‌ മാത്രമാണെന്നാണ്‌ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്‌.

“സോളമന്‍ രാജാവ്‌ ഭൂമിയിലെ എല്ലാ രാജാക്കന്മാരേക്കാളും സമ്പന്നനും വിജ്ഞാനിയും ആയിരുന്നു. ദൈവം സോളമനു നല്‍കിയ വിജ്ഞാനം ശ്രവിക്കാന്‍ രാജസന്നിധിയില്‍ എത്തുന്നതിനു സമസ്തലോകവും കൊതിച്ചു. അവരെല്ലാം സമ്മാനങ്ങള്‍ കൊണ്ടുവന്നിരുന്നു.”
“യൂഫ്രട്ടീസ്‌ നദിമുതല്‍ ഫെലിസ്തിയ ദേശം വരേയും ഈജിപ്തിന്റെ അതിര്‍ത്തിവരേയുള്ള രാജ്യങ്ങള്‍ മുഴുവന്‍ സോളമന്‍ ഭരിച്ചു.”
ഇത്തരമൊരു മഹാരാജ്യം നിലനിന്നിരുന്നെങ്കില്‍ അതിനടുത്തുള്ള രാജ്യങ്ങളിലെ ചരിത്രങ്ങളിലും രേഖപ്പെടുത്തപ്പെട്ടേനേ എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.
ഏലാ താഴ്‌വരയില്‍ കണ്ടെത്തിയിട്ടുള്ള കോട്ടയ്ക്ക്‌ 3000 വര്‍ഷം പഴക്കമുണ്ടെന്നാണ്‌ കണക്ക്‌. ജെറുശലേമിന്റെ തെക്കുപടിഞ്ഞാറുള്ള താഴ്വരയിലാണ്‌ ഈ കോട്ട കണ്ടെത്തിയിട്ടുള്ളത്‌. ബൈബിള്‍ കാലഘട്ടത്തില്‍ ഏലാതാഴ്‌വര ഫെലിസ്തിയരുടെ രാജ്യത്തിന്റേയും ഇസ്രായേലി രാജ്യത്തിന്റേയും ഇടയ്ക്കുള്ള പ്രവേശന മാര്‍ഗ്ഗമായിരുന്നു. അവിടെനിന്നും കണ്ടെത്തിയിട്ടുള്ള മണ്‍പാത്രങ്ങളില്‍ എഴുതിയിട്ടുള്ള ഹീബ്രൂ വചനങ്ങള്‍ ഏറ്റവും പഴക്കമുള്ള ഹീബ്രൂ വചനങ്ങളാണെന്നാണ്‌ പുതിയ അവകാശം. മരക്കരിയും മൃഗങ്ങളുടെ കൊഴുപ്പും ചേര്‍ന്ന ഒരു തരം മഷിയിലാണ്‌ ഈ വചനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഇവിടെനിന്നും കണ്ടെത്തിയിട്ടുള്ള ഒലീവ്‌ മരങ്ങളുടെ അവശിഷ്ടങ്ങളില്‍ നടത്തിയ കാര്‍ബണ്‍ ഡെയ്റ്റിങ്ങ്‌ ടെസ്റ്റുകള്‍ ദാവീദിന്റേയും സോളമന്റേയും കാലത്തോട്‌ യോജിക്കുന്നതായി പറയപ്പെടുന്നു. ദാവീദിന്റെ ഭരണകലം 1072-1032 ബി.സി.ഇ വരേയും സോളമന്റെ ഭരണകാലം 1032-992 ബി.സി.ഇ വരേയുമാണെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌.
ബൈബിള്‍ മുന്‍നിര്‍ത്തിയുള്ള ചരിത്രപഠനങ്ങളെ പിന്‍താങ്ങുന്നവര്‍ പറയുന്നത്‌ സാക്ഷരത അക്കാലത്ത്‌ നമ്മള്‍ ഇന്ന് കരുതുന്നതിനേക്കള്‍ കൂടുതലായിരുന്നു എന്നാണ്‌. ആ വാദം ചെന്നെത്തുന്നത്‌ ഇന്നത്തെ ബൈബിള്‍ സമാഹരിയ്ക്കപ്പെടുന്നതിനേക്കാള്‍ മുമ്പ്‌ തന്നെ ബൈബിള്‍ സംഭവങ്ങള്‍ തലമുറകളായി കൈമാറപ്പെട്ടിരുന്നെന്നും രേഖപ്പെടുത്തിയിരുന്നെന്നും എന്നതിലേയ്ക്കാണ്‌. ഏലാ താഴ്‌വരയിലെ ഉത്ഖനനങ്ങള്‍ തെളിയിക്കുവാന്‍ പോകുന്നത്‌ ചരിത്രഗവേഷകര്‍ അന്വേഷിയ്ക്കുന്ന കണ്ടെത്താകണ്ണികളാണോ എന്ന് കാത്തിരുന്ന് കാണാം!

(ഉദ്ധരണികള്‍ പഴയ നിയമത്തില്‍ നിന്ന്)

1 അഭിപ്രായം »

RSS feed for comments on this post. TrackBack URI

  1. മിത്തിനെ ചരിത്രമാക്കുന്നത് ഇങ്ങനെയാണ്. ആദ്യം ഒരു രാജ്യത്തേയ്ക്ക് നുഴഞ്ഞ് കയറുക. എന്നിട്ട് ആ രാജ്യം സ്വാധീനമുപയോഗിച്ച് കീഴടക്കുക. ആ രാജ്യത്തെ ജനങ്ങള്‍ക്ക് തങ്ങളുടെ രാജ്യം തന്നെയില്ലാതാകുന്നത് കാണുക. ഇനി തങ്ങളാണ് സത്യമെന്ന് തെളിയിക്കുവാന്‍ ചരിത്ര രേഖകള്‍ “കുഴിച്ചെടുക്കുക”. വളരെ ലളിതമായ സൂത്രവാക്യം.


ഒരു അഭിപ്രായം ഇടൂ

XHTML: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>

Blog at WordPress.com. | Theme: Pool by Borja Fernandez.
Entries and comments feeds.