മല്ലിക സാരാഭായിയുടെ രാഷ്ട്രീയ പ്രസക്തി

ഏപ്രില്‍ 26, 2009 at 6:49 pm | In Uncategorized | 3 Comments

mallika-sarabhai1മല്ലിക സാരാഭായിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ബഹുമുഖ പ്രതിഭ എന്ന് ചുരുക്കി പറയാം. ഗുജറാത്തിലെ ഗാന്ധിനഗര്‍ ലോകസഭാമണ്ഡലം ബി.ജെ.പിയുടെ ലോഹപുരുഷന്റെ തട്ടകമാണ്‌. അതുകൂടാതെ നരേന്ദ്രമോദിയുടെ മൂക്കിനുതാഴെയുള്ള മണ്ഡലം കൂടിയാണ്‌. ഇവിടെയാണ്‌ മല്ലിക സാരാഭായ്‌ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍ത്സരിയ്ക്കുന്നത്‌.
തിരഞ്ഞെടുപ്പ്‌ അടുത്തപ്പോള്‍ ജനങ്ങളോട്‌ പെട്ടെന്ന് തോന്നിയ സ്നേഹം കൊണ്ട്‌ മത്സരിയ്ക്കാനിറങ്ങിയതല്ല മല്ലിക സാരാഭായ്‌. വികസനത്തെക്കുറിച്ചും വര്‍ഗ്ഗീയതയെക്കുറിച്ചും ദര്‍പ്പണ അക്കാദമിയിലൂടെയും തീയറ്റര്‍ പ്രവര്‍ത്തനങ്ങളിലൂടെയും നിരന്തരം സമൂഹത്തോട്‌ തന്റെ സാമൂഹ്യ പ്രതിബദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്‌.
രാഷ്ട്രീയ പ്രക്രിയയില്‍ ജനങ്ങളും സമൂഹവും ഉള്‍ച്ചേരണമെന്നും അക്രമം ഒഴിവാക്കണമെന്നും അവര്‍ വിശ്വസിക്കുന്നു. വികസനം പക്ഷപാതരഹിതവും സഹായിക്കത്തക്കതുമാകണമെന്നും സാമ്പത്തിക സൂചികകള്‍ മാത്രം നോക്കിയല്ല വിലയിരുത്തേണ്ടതെന്നും മല്ലിക പറയുന്നു.ഇതൊന്നും തിരഞ്ഞെടുപ്പില്‍ പുതിയ മുദ്രാവാക്യങ്ങളല്ലെന്ന് നിങ്ങള്‍ പറഞ്ഞേക്കാം. ഗുജറാത്തിലെ നിലനില്‍ക്കുന്ന രാഷ്ട്രീയസാഹചര്യങ്ങളില്‍ മോദിയ്ക്കെതിരെ അംഗീകൃത പാര്‍ട്ടികളുടെ ലേബലിലല്ലാതെ ഒരു വനിതയുയര്‍ത്തുന്ന വെല്ലുവിളി ഒരു നിസ്സാര കര്യമല്ല.
ഗുജറാത്തിലെ വര്‍ഗ്ഗീയ ലഹളയെ എതിര്‍ത്തതിനു പ്രതികാരമായി അവരെ ഒരു കള്ളകേസില്‍ പ്രതിയാക്കിയത്‌ ഇവിടെ ഓര്‍ക്കേണ്ടതാണ്‌. വോട്ട്ബാങ്ക്‌ രാഷ്ട്രീയത്തില്‍ അവര്‍ തോറ്റെന്നുവരാം. എന്നാലും അവര്‍ മുന്നോട്ട്‌ വച്ച രാഷ്ട്രീയ ചര്‍ച്ച ഗുജറാത്തി രാഷ്ട്രീയത്തില്‍ മാറ്റത്തിനു തുടക്കമാകട്ടെ എന്ന് നമുക്കാശ്വസിക്കാം!

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഈ ഇടവഴികളിലൂടെ പോയാലും:

 http://mallikasarabhai.in/

 http://mallikasarabhai.rediffiland.com/iland/mallikasarabhai_diary.html

Binayak Sen

ഏപ്രില്‍ 19, 2009 at 6:06 pm | In Uncategorized | Leave a Comment

നള സരോവറിലെ പക്ഷികള്‍

ഏപ്രില്‍ 16, 2009 at 5:53 pm | In Uncategorized | 1 Comment

dsc01975

പക്ഷി നിരീക്ഷണത്തില്‍ താല്‍പ്പര്യമുണ്ടെങ്കില്‍ നിങ്ങള്‍ നല്‍സരോവറില്‍ പോയിരിയ്ക്കണം. പറ്റിയ സമയം നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌. (ഡിസംബറില്‍ നടത്തിയ യാത്രയ്ക്കുശേഷം എഴുതിയ കുറിപ്പ്‌ പല കാരണങ്ങള്‍ കൊണ്ടും പോസ്റ്റ്‌ ചെയ്യുവാന്‍ സാധിച്ചില്ല) അഹമ്മദാബാദില്‍ നിന്ന് ഒരുമണിക്കൂര്‍ യാത്ര ചെയ്താല്‍ നല്‍ സരോവറില്‍ എത്താം. ജലാശയത്തിന്റെ നടുക്കുകാണുന്ന ഒരു സ്‌തൂപം നളന്റെ സമാധിസ്ഥലത്തു പണിതതാണെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. നളനെ നമുക്ക്‌ അറിയാവുന്നതില്‍ കൂടുതല്‍ വേറെ ആര്‍ക്കാണ്‌ ആറിയുന്നത്‌? നളചരിതം എത്രപ്രാവിശ്യം നമ്മള്‍ കണ്ടുകഴിഞ്ഞു? എല്ലാം നഷ്ടപ്പെട്ട്‌ കാട്ടില്‍ അലയുന്ന നളനെ എങ്ങനെ മറക്കും?
നളന്റെ ബന്ധംകാരണം ഈ സ്ഥലത്തെ നളസരോവര്‍ എന്ന് നമുക്ക്‌ മലയാളീകരിയ്ക്കാം. ഇതൊരു വലിയ തടാകമാണ്‌. കൃത്യമായി പറഞ്ഞാല്‍ 123 സ്ക്വയര്‍ കിലോമീറ്ററില്‍ പരന്നുകിടക്കുന്ന മനോഹരമായ തടാകം. പക്ഷികളുടെ സ്വകാര്യതയ്ക്ക്‌ പറ്റിയ ചെറിയ ചെറിയ തുരുത്തുകളില്‍ നമ്മളെ അസൂയപ്പെടുത്തിക്കൊണ്ട്‌ പറവകൂട്ടങ്ങള്‍ ജീവിതം അസ്വദിക്കുന്നു. വാടകയ്ക്ക്‌ ഒരു വഞ്ചി എടുത്താല്‍ സുഖമായി പക്ഷികളുടെ അടുത്ത്‌ എത്താം. ഗുജറാത്തികള്‍ പൊതുവെ വെജിറ്റേറിയന്‍സായതുകാരണം വേട്ടക്കാരുടെ ശല്യം ഇല്ല എന്നുതന്നെ പറയാം.
ഇവിടെ 250ല്‍ കൂടുതല്‍ പല ഇനത്തിലുള്ള പക്ഷികള്‍ ഉണ്ടെന്നു പറയപ്പെടുന്നു. കൊറ്റി, രാജഹംസം, ഞാറപക്ഷി, നീര്‍ക്കോഴി, മണ്ണാത്തിപ്പുള്ള്‌, ജലകുക്കുടം, വാലാട്ടിപക്ഷി, പൊന്മാന്‍ എന്നിവ ഇവയില്‍ ചിലതാണ്‌. ദേശാടനപക്ഷികളെ ഓര്‍ത്ത്‌ പലപ്പോഴും ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്‌. ചിലത്‌ പതിനായിരത്തിലധികം കിലോമീറ്ററുകള്‍ പറന്ന് വരുന്നു. ചിലത്‌ മുപ്പതും നാല്‍പ്പതും ദിവസങ്ങള്‍ തുടര്‍ച്ചയായി പറക്കും. ഇവിടെ വന്ന് മുട്ടയിടും. കുഞ്ഞുങ്ങള്‍ തള്ള വന്ന സ്ഥലത്തേയ്ക്കുതന്നെ തിരിച്ചുപറക്കുന്നു. ആരും ഒന്നും പഠിപ്പിയ്ക്കേണ്ട. ഉദാഹരണത്തിന്‌ ‘യൂറേഷ്യന്‍ കൂട്ട്‌’ (നീര്‍ക്കോഴി വര്‍ഗ്ഗം) യൂറോപ്പില്‍ നിന്നും ആസ്ത്രേലിയയില്‍നിന്നും ഒക്കെ നാല്‍പ്പതുദിവസം കൊണ്ട്‌ പറന്നു വരുന്നതാണ്‌. ഈ പക്ഷികള്‍ വെള്ളത്തിനു മുകളില്‍ കൂടി ഓടുന്നതുകാണുവാന്‍ നല്ല രസമാണ്‌. ഇങ്ങനെ കൃത്യമായി എത്തിച്ചേരുവാന്‍ എങ്ങനെ സാധിക്കുന്നു? വേറൊരു പക്ഷി വെളുത്ത വാലുള്ള മണ്ണാത്തിപ്പുള്ളാണ്‌. ഇവ റഷ്യയില്‍ നിന്നു വരുന്ന സഖാക്കളാണ്‌. സഖാക്കളല്ലാത്ത മണ്ണാത്തിപ്പുള്ളുകള്‍ ഇറാനില്‍ നിന്നും, ഇറാഖില്‍ നിന്നും വരുന്നവയാണ്‌.
മുഗള്‍ ഭരണകാലത്ത്‌ കബൂത്തര്‍ ബാസ്‌ (പിജന്‍ ഫാന്‍സിയര്‍) ഒരു ശാസ്ത്രം തന്നെ യായിരുന്നു. അവസാന മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബഹാദൂര്‍ഷാ സഫര്‍ കബൂത്തര്‍ ബാസില്‍ നൈപുണ്യം സമ്പാദിച്ചയാളായിരുന്നു. വര്‍ഷങ്ങളോളം വേണ്ട പരിശീലനത്തിനു ശേഷമാണ്‌ ഒരാള്‍ ഇതില്‍ ഖലീഫയാകുന്നത്‌. ഇത്തരമൊരു ഖലീഫയ്ക്ക്‌ തന്റെ പ്രാവുകളെ ഉപയോഗിച്ച്‌ പല കാര്യങ്ങളും സാധിയ്ക്കാം എന്ന് പറയപ്പെടുന്നു. ഇന്നും പഴയ ദില്ലിയില്‍ കബൂത്തര്‍ ബാസില്‍ന്റെ പിന്‍തുടര്‍ച്ചക്കാര്‍ ഉണ്ട്‌. ഇതെഴുതുവാന്‍ കാരണം നളസരോവറില്‍ ഹംസങ്ങളുടെ വര്‍ഗ്ഗത്തില്‍പ്പെട്ട പക്ഷികളെ കണ്ടപ്പോഴാണ്‌. ഹംസം അക്കാലത്ത്‌ ഐ.എഫ്‌.എസുകാരുടെ ജോലിയാണല്ലോ ചെയ്തിരുന്നത്‌!
നളസരോവര്‍ കണ്ടു ക്ഷീണിച്ചാല്‍ പരമ്പരാഗതമായ ഗുജറാത്തി ഭക്ഷണം റെഡി. ബാജ്‌റിയുടെ റോട്ട്‌ലോ, ശുദ്ധ വെണ്ണ, സംഭാരം, ചുട്ടവഴുതനങ്ങക്കറി, സേവ്‌-ടമാറ്റര്‍ കറി, എല്ലാം വയര്‍ നിറച്ച്‌ കഴിക്കുവാന്‍ ഒരാള്‍ക്ക്‌ ഇരുപത്തഞ്ചു രൂപ മതി.
തിരിച്ചുവരുമ്പോള്‍ അടുത്തവര്‍ഷവും ഡിസംബറില്‍ നളസരോവറില്‍ എത്തണം എന്നുതന്നെയായിരുന്നു ചിന്ത!

Blog at WordPress.com. | Theme: Pool by Borja Fernandez.
Entries and comments feeds.