കൊച്ച്‌ കൊച്ചൊരു ദമണ്‍

സെപ്റ്റംബര്‍ 11, 2009 at 6:41 pm | In പലവക, യാത്രാവിവരണം, ലേഖനം | 5 Comments
Tags: ,

DSC01898

കൊച്ച്‌ കൊച്ചൊരു കൊച്ചി, ഓളു നീലക്കടലിന്റെ മോള്‌… ദമണില്‍ എത്തിയപ്പോള്‍ പൂവച്ചല്‍ ഖാദറിന്റെ ആ പഴയ ഗാനം ഓര്‍മ്മവന്നു.   ദമണിനെക്കുറിച്ചും ഇങ്ങനെ തന്നെ പാടാം. അറബിക്കടലിന്റെ തീരത്തുള്ള മറ്റൊരു സുന്ദരി. ടൂറിസ്റ്റ്‌ ഭൂപടത്തില്‍ ദമണിന്‌ ഗോവയെപോലെ വലിയ           സ്ഥാനമൊന്നുമില്ല. ഗുജറാത്തിനകത്തുള്ള ഒരു കേന്ദ്ര ഭരണ പ്രദേശം. ഗാന്ധിജിയുടെ നാട്ടില്‍ മദ്യ നിരോധനമായതിനാല്‍ ദുഖങ്ങള്‍ മറക്കാന്‍ ഗുജറാത്തികള്‍ എത്തുത്‌ ദമണിലാണ്‌. മദ്യത്തിന്‌ നികുതി കുറവായതിനാല്‍ ടൂറിസ്റ്റുകള്‍ക്ക്‌ സുഖവഴി. ഇത്രയധികം മദ്യ ഷാപ്പുകള്‍ വേറെയെങ്ങും ഞാന്‍ കണ്ടിട്ടില്ല. ഇരുന്നും നിന്നും കിടന്നും കഴിക്കാന്‍ സൌകര്യമുള്ള സ്ഥലങ്ങള്‍ ധാരാളം. മദ്യ സല്‍ക്കാരമില്ലാത്ത എന്ത്‌ ടൂറിസം?
പോര്‍ട്ടുഗീസുകാരുടെ വരവോടെയാണ്‌ ദമണ്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്‌. പോര്‍ട്ടുഗീസുകാര്‍ അബദ്ധവശാല്‍ ദമണില്‍ എത്തപ്പെട്ടതാണെന്ന്‌ ചിലര്‍ എഴുതിയിട്ടുണ്ട്‌.കാറ്റിലും കോളിലും പെട്ട്‌ കേടായ പോര്‍ട്ടുഗീസ്‌ കപ്പല്‍ 1523ല്‍ ദമണ്‍ തീരത്ത്‌ അടിയുകയും Diogo de Mello എന്ന കപ്പിത്താന്‍ ദമണുമായി പ്രേമത്തിലായെന്നും കഥ. പിന്നീട്‌ 1559ല്‍ പോര്‍ട്ടുഗീസുകാര്‍ ദമണ്‍ കീഴടക്കിയതിനുശേഷം 1961 വരെ അവരുടെ ഭരണമായിരുന്നു. പോര്‍ട്ടുഗീസുകാര്‍ കുടിയേറിയ സ്ഥലങ്ങളിലെല്ലാം പാട്ടും, കൂത്തും നേരമ്പോക്കിനുമൊപ്പം മനോഹരങ്ങളായ പള്ളികളും കോട്ടകളും പണിതിട്ടുണ്ട്‌. കളക്ടറുടെ ഓഫീസ്‌ സ്ഥിതിചെയ്യുന്ന സ്ഥലത്തെത്തിയപ്പോള്‍ ഫോര്‍ട്ട്‌ കൊച്ചിയില്‍ എത്തിയപോലെ തോന്നി. ദമണിലെ പ്രധാനപ്പെട്ട രണ്ടു ബീച്ചുകള്‍ ദേവ്‌കാ ബീച്ചും ജാംപോര്‍ ബീച്ചുമാണ്‌. ഇവിടത്തെ ബീച്ചിന്റെ ഒരു പ്രത്യേകത വേലിയേറ്റ സമയത്തുമാത്രമെ ബീച്ചില്‍ വെള്ളം കാണൂ എന്നതാണ്‌. വേലിയിറക്കമായാല്‍ ഉഴുതുമറിച്ച പാടം പോലെ തോന്നും! വേലിയേറ്റമായാല്‍ ബീച്ചുകള്‍ സജീവമാകും. സമീപത്തുള്ള ചെറിയ ചെറിയ ഷെഡുകളില്‍ ഭക്ഷണവും കുപ്പികളും റെഡി. ഭക്ഷണം ഓര്‍ഡര്‍ ചെയ്താല്‍ ഷെഡുകളുടെ മുന്നിലുള്ള കസേരകളില്‍ ഇരിയ്ക്കാം. ബിയറോ, അതിലും മുന്തിയവനോ അകത്താക്കിയാല്‍ ബീച്ചില്‍ ക്രിക്കറ്റോ വോളിബോളോ കളിയ്ക്കാം. വിശക്കുമ്പോഴേയ്ക്കും ഭക്ഷണം റെഡി. വെളുത്ത ആവോലി വറുത്തത്‌ ചൂടോടെ അകത്താക്കാം. ബില്ലിനെക്കുറിച്ച്‌ വേവലാതി വേണ്ട. വളരെ ന്യായമായ തുകയേ വേണ്ടൂ.
ഗോവയോട്‌ താരതമ്യം ചെയ്യുമ്പോള്‍ ദമണിലെ പള്ളികള്‍ അത്ര വലുതല്ല. 1603ല്‍ പണിത ബോം ജീസസ്സിന്റെ മനോഹരമായ ഈ പള്ളി പോര്‍ട്ടുഗീസ്‌ വാസ്തുവിദ്യയുടെ പ്രതീകമാണ്‌. ഈ പള്ളിയുടെ വാതിലും അന്തര്‍ഭാഗവും കലാപരമായി അലങ്കരിയ്ക്കപ്പെട്ടിരിക്കുന്നു. ദമണിലെ വേറൊരു പ്രത്യേകത അവിടത്തെ ഒരുവിഭാഗം ജനങ്ങള്‍ ഇപ്പോഴും പോര്‍ട്ടുഗീസ്‌ മാതൃഭാഷയായി സ്വീകരിച്ചവരാണെന്നതാണ്‌. സംസ്ക്കാരങ്ങള്‍ വളരുന്നതും നില്‍നില്‍ക്കുന്നതും ഒരത്ഭുത പ്രതിഭാസം തന്നെയാണ്‌. അടിച്ചമര്‍ത്തലിലൂടേയും അധിനിവേശത്തിലൂടേയുമായിരിയ്ക്കാം ചിലപ്പോള്‍ അതിന്റെ വരവ്‌. നൂറ്റാണ്ടുകള്‍ക്കുശേഷം വിദേശിയേത്‌ സ്വദേശിയേത്‌ എന്ന് പറയുവാന്‍ പറ്റാത്ത അവസ്ഥ. ബ്രസീലിയന്‍ സാധനമായ കശു അണ്ടി പോര്‍ട്ടുഗീസ്‌കാര്‍ വഴി ഇന്ത്യയിലെത്തിയതാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുവാന്‍ പ്രയാസം തോന്നുന്നതുപോലെ. ദമണിലെ കോട്ടകളും പള്ളികളും കണ്ടപ്പോള്‍ സംസ്ക്കാരത്തിന്റെ ഈ വിചിത്ര സ്വഭാവമാണ്‌ ഓര്‍മ്മവന്നത്‌.

DSC01642

DSC01905

DSC01654

നമ്മുടെ വോളിബോളിന്‌ എന്ത്‌ പറ്റി?

സെപ്റ്റംബര്‍ 6, 2009 at 8:57 pm | In ലേഖനം, വോളിബോള്‍, സ്പോര്‍ട്ട്‌സ്‌ | 1 Comment
Tags: , , ,

volleyball

ഒരു വോളിബോള്‍ പ്രേമിയായതുകൊണ്ട്‌ ഇതെഴുതാതെ വയ്യ. ഇവിടെ ‘നമ്മുടെ’ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ കൊച്ചു കേരളമാണ്‌. വടക്കുംപുറം സ്ക്കൂളില്‍ ഒന്നാംക്ലാസ്സില്‍ ചേര്‍ന്നപ്പോള്‍ തന്നെ വൈകുന്നേരങ്ങളില്‍ ജോര്‍ജേട്ടനും കൂട്ടുകാരും ആശാന്‍മൈതാനത്ത്‌ വോളിബോള്‍ കളിക്കുന്നത്‌ കൌതുകത്തോടെ നോക്കിനില്‍ക്കുമായിരുന്നു. ജോര്‍ജേട്ടന്‍ ഞങ്ങളുടെ ദേശത്തിന്റെ ഹരമായിരുന്നു. ജോര്‍ജേട്ടന്‍ സ്മാഷ്‌ ചെയ്യാനായി പൊങ്ങുന്നത്‌ പഞ്ഞി കാറ്റില്‍ പറന്നുയരുന്നതുപോലെയാണെന്ന് ചിലര്‍ ഉപമിക്കാറുണ്ടായിരുന്നു. എല്ലാംകൊണ്ടും അനുഗൃഹീതനായ ഒരു വോളിബോള്‍ കളിക്കാരനായിരുന്നു ജോര്‍ജേട്ടന്‍. ജോജേട്ടന്‍ പിന്നീട്‌ പി ആന്റ്‌ ടി യുടെ കേരളടീമിലും, ദേശീയടീമിലും കളിച്ചതുകൂടാതെ കേരള സ്റ്റേറ്റ്‌ ടീമിലും കളിച്ചു. ജോര്‍ജേട്ടന്റെ കൂടെയുണ്ടായിരുന്ന ധര്‍മ്മന്‍ചേട്ടന്‍, വിലാസന്‍ചേട്ടന്‍, അപ്പുക്കുട്ടന്‍ചേട്ടന്‍ എന്നിവരും വോളിബോളിലൂടെ എച്‌.എം.ടി, കെ.എസ്‌.ആര്‍.ടി.സി തുടങ്ങിയ കമ്പനി ടീമുകളില്‍ എത്തി. ഇവരുടെയെല്ലാം കളികള്‍ കണ്ടുവളര്‍ന്നതുകൊണ്ടുതന്നെ വോളിബോളിനെ മറക്കുക സാധ്യമല്ല. ഇരുപതുവര്‍ഷത്തെ ദില്ലി ജീവിതത്തിനിടയില്‍ ഏറ്റവും നഷ്ടപ്പെട്ട ഒരു കാര്യം വോളിബോള്‍ മത്സരങ്ങളാണ്‌. ദില്ലിയില്‍ വോളിബോള്‍ പോപ്പുലറല്ലാത്ത കാരണം നല്ല ടൂര്‍ണ്ണമെന്റുകളൊന്നും ഉണ്ടാകാറില്ല. ഗതകാല സ്മരണകള്‍ തല്‍ക്കാലം ഇവിടെ നില്‍ക്കട്ടെ.
ഇന്ത്യന്‍ യൂത്ത്‌ ടീമുകള്‍ (അണ്ടര്‍ ഇരുപത്തൊന്നും പത്തൊമ്പതും) അടുത്തകാലത്ത്‌ ലോകചാമ്പ്യന്‍ഷിപ്പുകളില്‍ നല്ല പ്രകടനങ്ങളാണ്‌ നടത്തിയത്‌. പുണെയില്‍ നടന്ന അണ്ടര്‍ ഇരുപത്തൊന്ന് ലോകചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ സെമിവരെയെത്തി. ലോകനിലവാരം പുലര്‍ത്തിയ കളിതന്നെയായിരുന്നു ഇന്ത്യയുടേത്‌. ആ ടീമില്‍ കേരളത്തെ പ്രതിനിധീകരിച്ച്‌ ആരും ഉണ്ടായിരുന്നില്ല എന്നത്‌ ഞെട്ടലോടെയാണ്‌ മനസ്സിലാക്കിയത്‌. ഒരു കാലത്ത്‌ ഇന്ത്യന്‍ ടീമുകളില്‍ ചുരുങ്ങിയത്‌ രണ്ടോ മൂന്നോ കേരള താരങ്ങള്‍ പതിവായിരുന്നു. ഇതെഴുതുമ്പോള്‍ പെട്ടെന്നോര്‍മ്മവരുന്നത്‌ ഉദയകുമാര്‍, സിറിള്‍ സി.വെള്ളൂര്‍, റസാഖ്‌ സഖ്യത്തെയാണ്‌. ഇറ്റലിയില്‍ നടന്നുകൊണ്ടിരിക്കുന്ന അണ്ടര്‍ പത്തൊമ്പത്‌ യൂത്ത്‌ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ടീമിലും കേരളത്തെ പ്രതിനിധീകരിച്ച്‌ ആരും ഇല്ല എന്ന് കേട്ടപ്പോള്‍ ശരിക്കും നിരാശ തോന്നി. (ഈ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ സെമിയില്‍ എത്തിയില്ലെങ്കിലും ഇറ്റലിയേയും ബ്രസീലിനേയും തോല്‍പ്പിക്കാനായത്‌ നേട്ടം തന്നെ.) ദേശീയ ടീമുകളില്‍ കേരളകളിക്കാര്‍ ഇല്ല എന്നതിനര്‍ഥം നമ്മുടെ വോളിബോളിന്‌ നിലവാരം കുറയുന്നു എന്നുതന്നെയല്ലേ? അതോ ടീം തിരഞ്ഞെടുപ്പിലെ രാഷ്ട്രീയം മൂലം നമ്മുടെ കളിക്കാര്‍ തഴയപ്പെട്ടതാണോ? അല്ലെങ്കില്‍ ക്രിക്കറ്റ്‌ എന്ന രാക്ഷസന്‍ വോളിബോളിനേയും മിഴുങ്ങി തുടങ്ങിയിരിയ്ക്കാം! അല്ലെങ്കില്‍ വോളിബോള്‍ കളിച്ചാല്‍ പണവും പ്രശസ്തിയും കിട്ടില്ല എന്ന തിരിച്ചറിവുകൊണ്ടാണോ? ഇന്ന് ദേശീയടീമുകളിലെ കൂടുതല്‍ കളിക്കാരും പഞ്ചാബ്‌ ഹരിയാണ, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്‌. ഒരു കാലത്ത്‌ പ്രീമിയര്‍ ടയേഴ്സ്‌, കേരളപോലീസ്‌, ടൈറ്റാനിയം, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌, പോര്‍ട്ട്‌ട്രസ്റ്റ്‌, കെ.എസ്‌.ഇ.ബി ടീമുകളില്‍ മികച്ച കളിക്കാര്‍ തന്നെ ഉണ്ടായിരുന്നു. പ്രത്യേകിച്ചും പോലീസ്‌ ടീമില്‍. അന്നൊക്കെ കളിക്കാര്‍ക്ക്‌ ടീം മാനേജ്‌മെന്റില്‍ നിന്നും ജനങ്ങളില്‍ നിന്നും നല്ല പ്രോത്സാഹനങ്ങള്‍ ലഭിച്ചിരുന്നു. ജിമ്മി ജോര്‍ജ്ജിനുശേഷം അത്രയും പ്രതിഭയുള്ള വേറൊരു വോളിബോള്‍ കളിക്കാരന്‍ നമുക്കുണ്ടായിട്ടില്ല.
വീണ്ടും ആ ചോദ്യം തന്നെ വീണ്ടും ചോദിക്കുന്നു. നമ്മുടെ വോളിബോളിന്‌ എന്ത്‌ പറ്റി? ഉത്തരം എനിയ്ക്കറിയില്ല!!

Blog at WordPress.com. | Theme: Pool by Borja Fernandez.
Entries and comments feeds.