വിശുദ്ധിയുടെ വാണിഭം

ഒക്ടോബര്‍ 14, 2008 at 8:39 pm | In Uncategorized | 3 Comments
Tags: ,

ആള്‍ദൈവങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കും ചര്‍ച്ചകള്‍ക്കുമായി നമ്മുടെ മുഖ്യധാരാ മാദ്ധ്യമങ്ങള്‍ അടുത്ത കാലത്താണ്‌ കുറെ പേജുകളും ദിവസങ്ങളും മാറ്റി വച്ചത്‌. സന്തോഷ്‌ മാധവന്‍, ഹിമവല്‍ജി തുടങ്ങിയ മഹാത്മാരുടെ പേരുകളും രൂപങ്ങളും മാദ്ധ്യമസഹായംകൊണ്ട്‌ ജനങ്ങള്‍ക്ക്‌ മറക്കുവാന്‍ സാധിക്കുന്നില്ല. അന്നും വേട്ടയാടപ്പെട്ടത്‌ പാവപ്പെട്ട ആള്‍ദൈവങ്ങളായിരുന്നു. ആള്‍ദൈവങ്ങളിലെ മുന്തിയ ഇനങ്ങള്‍ അന്നും ഇന്നും ഇതേ മാദ്ധ്യമങ്ങളുടെ സഹായത്തോടെ കച്ചവടം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്‌. ദൈവങ്ങളേയും കുട്ടിദൈവങ്ങളേയും വളര്‍ത്തുന്നതില്‍ മാദ്ധ്യമങ്ങളുടെ പങ്ക്‌ ഒന്നുകൂടി വ്യക്തമാക്കപ്പെട്ടതാണ്‌ അല്‍ഫോന്‍സാമ്മയുടെ ഉയര്‍ത്തപ്പെടല്‍.

“ഭാരതത്തില്‍ ജനിച്ച്‌ ജീവിച്ച്‌ ഇവിടെത്തന്നെ മരിച്ച ആദ്യത്തെ വിശുദ്ധയായി അല്‍ഫോന്‍സാമ്മ മാറും. ആഗോള കത്തോലിക്കാ സഭയ്ക്ക്‌ വണക്കത്തിനായി വെണ്‍പനിനീര്‍പൂവിന്റെ നൈര്‍മ്മല്യവുമായി സിസ്‌റ്റര്‍ അല്‍ഫോന്‍സ ഇന്ന്‌ വിശുദ്ധയായി ഉയര്‍ത്തപ്പെടുകയാണ്‌” എന്ന്‌ മാതൃഭൂമി എഴുതിയത്‌ മനോരമയുടെ തട്ടകത്തില്‍ കയറി സര്‍ക്കുലേഷന്‍ കൂട്ടാനുള്ള ഒരു അടവായിരിയ്ക്കാം! വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പ്രസ്ഥാനത്തിന്റെ നേതാവ്‌ വത്തിക്കാനില്‍ നിന്ന് റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ കഥ പൂര്‍ണ്ണമാകുകയാണ്‌.
“വിശുദ്ധിയുടെ വെണ്‍മേഘങ്ങളിലേയ്ക്ക്‌ അല്‍ഫോന്‍സാമ്മ”; “ഭാരതത്തിന്റെ വിശുദ്ധ നക്ഷത്രോദയം ഇന്ന്” “ഒരു പുണ്യ നക്ഷത്രത്തെ വഴികാട്ടിയായി ലഭിക്കാനുള്ള വിശ്വാസസമൂഹത്തിന്റെ കാത്തിരിപ്പ്‌ അവസാനിക്കുന്നു” എന്നെല്ലാം മനോരമയില്‍ വായിക്കുമ്പോള്‍ വായനക്കാരനും വെണ്‍മേഘമാകുകയാണ്‌! ഒന്നും ചിന്തിക്കരുത്‌, വെറുതെ വായിക്കുക!

അല്‍ഫോന്‍സാമ്മയുടെ വിശുദ്ധിയുടെ തെളിവായി പത്രങ്ങള്‍ സാക്ഷിപ്പെടുത്തുന്നു:
1)1980ല്‍ ഇടതുകാലിന്‌ തളര്‍ച്ച വന്നപ്പോള്‍ അല്‍ഫോന്‍സാമ്മ നല്‍കിയ തൂവാല എടുത്ത്‌ പ്രാര്‍ഥിച്ചപ്പോള്‍ രോഗം ഭേദമായതായി കുട്ടനാട്ടിലെ കൈനടയിലെ പുത്തന്‍ പുരയ്ക്കല്‍ ലില്ലിക്കുട്ടി പറയുന്നു;
2) കോട്ടയം ജില്ലയിലെ മണ്ണാറപ്പാറയിലെ ജിനില്‍ കാലുകള്‍ വളഞ്ഞിരുന്നതിനാല്‍ നടക്കാനുള്ള കഴിവില്ലാതിരുന്ന ജിനില്‍ അല്‍ഫോന്‍സാമ്മയുടെ മദ്ധ്യസ്ഥതയില്‍ ലഭിച്ച അനുഗ്രഹത്തിലാണ്‌ സുഖം പ്രാപിച്ചത്‌.
ഇതെല്ലാം നമ്മോട്‌ പറഞ്ഞത്‌ മാസങ്ങള്‍ക്കുമുമ്പ്‌ ആള്‍ദൈവങ്ങള്‍ക്കെതിരെ പരമ്പരകള്‍ എഴുതിയ പത്രങ്ങള്‍ തന്നെയാണ്‌. കേരളത്തിലെ പുരോഗമനവാദികളും സാംസ്ക്കാരിക നായകന്മാരും എവിടെയാണാവോ? തൊട്ടാല്‍ കൈ പൊള്ളുമല്ലേ?

 

ലക്ഷ്മി പാണ്ഡയ്ക്ക്‌ ആദരാഞ്ജലികള്‍

ഒക്ടോബര്‍ 6, 2008 at 9:23 pm | In Uncategorized | 1 Comment

ഐ.എന്‍.എ. പോരാളിയായിരുന്ന ലക്ഷ്മി പാണ്ഡ ഇന്നലെ ദില്ലിയിലെ AIIMS വച്ച്‌ അന്തരിച്ചു. തന്റെ ജീവിതകാലം മുഴുവന്‍ ആഗ്രഹിച്ചിരുന്ന കേന്ദ്രസര്‍ക്കാരിന്റെ സ്വാതന്ത്ര്യ സമര പെന്‍ഷന്‍ അനുവദിച്ചുകൊണ്ടുള്ള അറിയിപ്പ്‌ വളരെ വൈകിയാണ്‌ അവരെ തേടി എത്തിയത്‌, ഒരാഴ്ച മുമ്പ്‌ ആശുപത്രിയില്‍ വച്ച്‌.
(രണ്ടാഴ്ചമുമ്പ്‌ ലക്ഷ്മി പാണ്ഡയെക്കുറിച്ച്‌ എഴുതുമ്പോള്‍ ഇത്രവേഗം അവര്‍ ഈ നന്ദികെട്ട ജനതയെ വിട്ടുപോകുമെന്ന് ഓര്‍ത്തില്ല!)
ലക്ഷ്മി പാണ്ഡയ്ക്ക്‌ ആദരാഞ്ജലികള്‍!!

ഭൂമി തരാം കൃഷി ചെയ്യോ?

ഒക്ടോബര്‍ 6, 2008 at 6:30 pm | In Uncategorized | 7 Comments
Tags:

ലക്ഷ്മി പാണ്ഡ

സെപ്റ്റംബര്‍ 28, 2008 at 7:20 pm | In Freedom struggle | 1 Comment
Tags: ,

സുഭാഷ്‌ ചന്ദ്രബോസിന്റെ ഐ.എന്‍.എ.യിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു ലക്ഷ്മി. ജീവിച്ചിരിക്കുന്ന ചുരുക്കം ചില ഐ.എന്‍.എ. പോരാളികളില്‍ ഒരുവള്‍. സ്വാതന്ത്ര്യ സമര സേനാനികളോ, ഛേ, ജീവിതം പാഴാക്കിയ ചില കോമാളികളല്ലേ അവര്‍ എന്നാണല്ലോ നമുക്കും നമ്മെ ഭരിക്കുന്നവര്‍ക്കും ആദ്യം തോന്നുക.അടുത്തകാലം വരെ ലക്ഷ്മി വീടുകളില്‍ ജോലിചെയ്ത്‌ ചേരിയിലാണ്‌ കഴിഞ്ഞുകൂടിയത്‌ എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടേണ്ടാ. ഒരു ഒറിയ പത്ര പ്രവര്‍ത്തകന്‍ ഇവരെക്കുറിച്ച്‌ എഴുതിയതോടെയാണ്‌ പുറം ലോകം ലക്ഷ്മിയെക്കുറിച്ച്‌ അറിയുന്നത്‌. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത അനേകായിരം സാധാരണക്കാരില്‍ ഒരുവള്‍ മാത്രമാണ്‌ താനെന്ന് ലക്ഷ്മി വിശ്വസിക്കുന്നു. മന്ത്രിയാകാനും ഗവര്‍ണ്ണറാകാനൊന്നും അവര്‍ക്ക്‌ യോഗമുണ്ടായില്ല, ആഗ്രഹിച്ചതുമില്ല. ഒറീസ്സാ സര്‍ക്കാരില്‍നിന്ന് കിട്ടുന്ന ആയിരം രൂപ പെന്‍ഷന്‍ കൊണ്ടാണ്‌ ഇന്നവര്‍ കഴിഞ്ഞ്‌ കൂടുന്നത്‌. ലക്ഷ്മിയെക്കുറിച്ച്‌ ഇത്രയൊക്കെ അറിയാമെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ പെന്‍ഷന്‍ ഇതുവരെ അവര്‍ക്ക്‌ കിട്ടിയിട്ടില്ല. കാരണം ലക്ഷ്മി ജെയില്‍ വാസം അനുഭവിച്ചതിന്‌ തെളിവില്ല. താന്‍ ജെയിലില്‍ പോയിട്ടില്ല എന്ന്‌ ലക്ഷ്മിയും പറയുന്നു. സര്‍ക്കാരിന്റെ കാശ്‌ പിന്നെ അവര്‍ക്ക്‌ എങ്ങനെ കിട്ടും?

സ്വാതന്ത്ര്യ സമരവും ഐ.എന്‍.എ.യുമെല്ലാം ചരിത്ര പുസ്തകങ്ങളില്‍ അവശേഷിക്കുമ്പോള്‍, സമൂഹത്തിന്റെ അവഗണകള്‍ ഏറ്റ്‌ വാങ്ങി ജീവിതം തള്ളിനീക്കിയ ലക്ഷ്മിയെക്കുറിച്ചറിയുന്നതിന്‌ ചില ലിങ്കുകള്‍ :

http://www.hinduonnet.com/2007/08/15/stories/2007081554621300.htm

http://www.orissadiary.com/Shownews.asp?id=7900

http://www.tehelka.com/story_main40.asp?filename=Ws300808tricolourecstasy.asp

 

മുതലാളിത്തത്തിന്‌ വാട്ടമോ?

സെപ്റ്റംബര്‍ 24, 2008 at 7:27 pm | In Politics | 1 Comment
Tags:

ലീമാന്‍ ബ്രദേഴ്‌സ്‌, മെറില്‍ലിഞ്ച്‌, എ.ഐ.ജി, ഗോള്‍ഡ്‌മാന്‍, മോര്‍ഗാന്‍ സ്റ്റാന്‍ലി…പ്രതിസന്ധിയിലായ അമേരിക്കന്‍ കമ്പനികളുടെ പട്ടിക നീളുകയാണ്‌. പുതിയ വാര്‍ത്തകള്‍ അനുസരിച്ച്‌ ഗോള്‍ഡ്‌മാനും മോര്‍ഗാനും ഇന്‍വെസ്റ്റ്‌മെന്റ്‌ ബാങ്‌കിംങ്ങ്‌ രംഗത്തുനിന്നു തന്നെ പിന്മാറുകയാണ്‌. അമേരിക്കയിലെ പ്രധാന സ്റ്റോക്ക്‌ എക്സ്ചേഞ്ചുകളുടേയും ബാങ്‌കുകളുടേയും സിരാകേന്ദ്രമായിരുന്നു വോള്‍ സ്ട്രീറ്റ്‌. ഇതോടുകൂടി രണ്ട്‌ ദശാബ്ദങ്ങളായി ലോകസാമ്പത്തിക വ്യവസ്ഥയെ നിയന്ത്രിച്ചിരുന്ന വോള്‍സ്ട്രീറ്റിന്റെ കാലം കഴിഞ്ഞു. വോള്‍ സ്ട്രീറ്റ്‌ എന്ന പേര്‌ വരുവാന്‍ കാരണമായ പന്ത്രണ്ടടിയില്‍ കൂടുതല്‍ ഉയരമുണ്ടായിരുന്ന മതില്‍ 1699 ല്‍ തന്നെ ബ്രിട്ടീഷുകാര്‍ പൊളിച്ചുകളഞ്ഞിരുന്നു. ഇന്ന് മുതലാളിത്തം തന്നെ മതിലകത്തിന്റെ(?)കഴുത്ത്‌ ഞെരിച്ചു! അല്ലെങ്കിലും ചരിത്രം എപ്പോഴും വികൃതികളേ കാട്ടൂ!അമേരിക്കന്‍ മോഡല്‍ സാമ്പത്തിക വ്യവസ്ഥ കോപ്പിയടിച്ച രാജ്യങ്ങളിലെല്ലാം ഇന്ന് സാമ്പത്തികമാന്ദ്യമാണ്‌. സോവിയറ്റ്‌ മോഡല്‍ സോഷ്യല്‍ സാമ്രാജ്യത്വം തകര്‍ന്നപോലെ അമേരിക്കന്‍ മോഡല്‍ വ്യവസ്ഥയും തകരുകയാണോ? ഇന്ത്യന്‍ ഭരണാധികാരികള്‍ കോപ്പിയടിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന അമേരിക്കന്‍ മോഡല്‍ നിലനില്‍ക്കുന്നത്‌ തന്നെ ഓഹരി കമ്പോളത്തെ ആശ്രയിച്ചാണ്‌. നമ്മള്‍ ഇന്ത്യയില്‍ കാണുന്നപോലെ, ഓഹരി കമ്പോളത്തെ നിയന്ത്രിക്കുന്നത്‌ ഒരു കൂട്ടം ഓഹരി ദല്ലാളന്മാരും ധനകാര്യ വ്യാപാരികളും, പ്രൈവറ്റ്‌ ബാങ്കുകളുമാണ്‌. എളുപ്പത്തില്‍ ധനാവാന്മാരാകാന്‍ ഇത്തരമൊരു വ്യവസ്ഥ എല്ലാ സൌകര്യങ്ങളും ഒരുക്കുന്നു. ഉത്‌പാദനവുമായി ബന്ധമില്ലാത്ത കപടവാണിജ്യ വ്യവഥ എന്നും പൊട്ടാം. ഇവിടെ ലാഭം ഉത്‌പാദനത്തിലൂടെയല്ല മറിച്ച്‌ വിനിമയത്തിലൂടെയാണ്‌. അത്യാര്‍ത്തിയുടെ പ്രതിഫലം എന്ന് റ്റൈം മാഗസിനുതന്നെ വിലപിക്കേണ്ടിവന്നു (Sep 29 issue)!
വന്‍കിട മുതലാളിത്ത രാജ്യങ്ങളില്‍ സാമ്പത്തിക വാട്ടം തുടരുമ്പോള്‍ ഇന്ത്യ രക്ഷപ്പെട്ടത്‌ ഇവിടത്തെ പോതുമേഖലയുടെ സ്വാധീനം കൊണ്ടാണെന്ന് വൈകിയാണെങ്കിലും ചില ഉദാരവല്‍ക്കരണവാദികള്‍ക്ക്‌ സമ്മതിക്കേണ്ടിവന്നു. ചിലര്‍ക്ക്‌ ഈയവസരത്തില്‍ നെഹ്രുവിനേയും ഓര്‍മ്മവന്നു. അഹങ്കാരത്തിലും അത്യാര്‍ത്തിയിലും ഊന്നിയുള്ള വ്യവസ്ഥയെ പുണരുന്നവര്‍ക്ക്‌ ഇതൊരു താക്കീതാകട്ടെ എന്നാശ്വസിക്കാം!

മുളകുപൊടിയും സോപ്പും സാഹിത്യവും

സെപ്റ്റംബര്‍ 21, 2008 at 8:59 pm | In സാഹിത്യം | 2 Comments
Tags:

ദിനേശ്‌ ബീഡിയുടെ വില്‍പ്പന കൂട്ടുവാന്‍ ഒരുപൊതി ബീഡിയുടെ കൂടെ ഒരു തീപ്പെട്ടി സൌജന്യം എന്ന കച്ചവട തന്ത്രം പ്രയോഗിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്‌. ബീഡിയും തീപ്പെട്ടിയുമായുള്ള ബന്ധം കാരണം അതില്‍ വലിയ അത്ഭുതമൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ മലയാള മനോരമ വാര്‍ഷികപ്പതിപ്പിനൊപ്പം 23 രൂപ വിലയുള്ള മുളകുപൊടിയും സോപ്പും സൌജന്യം എന്ന പരസ്യം കണ്ടപ്പോള്‍ ഞെട്ടലും അമ്പരപ്പും ചേര്‍ന്ന ഒരു  കോക്‌ടെയ്‌ല്‍ വികാരമാണ്‌ തോന്നിയത്‌. ‘ഓണക്കാലത്ത്‌ വായിക്കാന്‍ ഏറ്റവും മികച്ച സാഹിത്യ വിശേഷാല്‍ പ്രതി’യില്‍ എം.ടി., പത്മനാഭന്‍, ഒ.എന്‍.വി., അഴീക്കോട്‌, പുനത്തില്‍, മുകുന്ദന്‍, സക്കറിയ, സേതു തുടങ്ങിയ മലയാളത്തിലെ മികച്ച കൊമ്പന്മാരേയാണ്‌ നിരത്തിയിരിക്കുന്നത്‌. അച്ചടിക്കുന്ന സാധനം ഏത്‌ വിധത്തില്‍ വിറ്റ്‌ കാശാക്കണം എന്നതിന്റെ രഹസ്യം മനോരമയേക്കാള്‍ കൂടുതലായി വേറെ ആര്‍ക്കും അറിയുമെന്ന് തോന്നുന്നില്ല. മനോരമ ഇന്ന് ചെയ്യുന്ന കാര്യങ്ങള്‍ മാതൃഭൂമി വര്‍ഷങ്ങള്‍ക്കുശേഷമായിരിക്കും നടപ്പില്‍ വരുത്തുക. അപ്പോള്‍ വാര്‍ഷികപ്പതിപ്പിന്റെ കൂടെ ‘23′ രൂപയുടെ ഓഫര്‍ ഗൌരവമായിതന്നെ എടുക്കണം, പിള്ളേരുകളിയല്ല എന്നര്‍ഥം. മലയാളത്തിലെ ഈ സൂപ്പര്‍സ്റ്റാറുകളുടെ സൃഷ്ടികള്‍ വില്‍ക്കണമെങ്കില്‍ (45 രൂപ) അതിന്റെ പകുതി വിലയുള്ള സാധങ്ങള്‍ സൌജന്യമായി കൊടുക്കേണ്ട ഗതികേടായോ? അല്ലെങ്കില്‍ മുളകുപൊടിയുടേയും സോപ്പിന്റേയും കൂടെ ഓണത്തിന്‌ ഈ ഭാണ്ഡം കൂടി ഇരുന്നോട്ടേയെന്നാണോ? അതോ, ഈ സാഹിത്യ കാരണവന്മാരെ വേണ്ട വിധത്തില്‍ ആദരിച്ചതാണോ?

മാദ്ധ്യമങ്ങളുടെ നാനോ

സെപ്റ്റംബര്‍ 3, 2008 at 11:28 pm | In Uncategorized | 1 Comment
Tags: ,

സിംഗൂറില്‍നിന്നും ടാറ്റപിന്മാറുന്നു എന്ന് പ്രഖ്യാപിച്ചതോടുകൂടി ഇന്ത്യയിലെ മാധ്യമങ്ങളുടെ വീക്ഷണവും മാറുന്ന കാഴ്ചയാണ്‌ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്‌. ഇതുവരെ, കര്‍ഷകരോടുള്ള സ്നേഹത്തേക്കാളുപരി, സി.പി.എം.നെ അടിയ്ക്കാന്‍ കിട്ടിയ അവസരമായി സിംഗൂറിനെ ഉപയോഗപ്പെടുത്തിയിരുന്നവര്‍, ഒറ്റ ദിവസംകൊണ്ട്‌ മമതാബാനര്‍ജിയെ തള്ളിപ്പറഞ്ഞുകഴിഞ്ഞു. ഒരു പ്രസിദ്ധ ഇംഗ്ലീഷ്‌ പത്രത്തിന്‌ ഇന്നലെയാണ്‌ മനസ്സിലായത്‌ സിംഗൂറിലെ സമരത്തിന്‌ നേതൃത്വം നല്‍കുന്ന ജനകീയമുന്നണിയിലെ ഏഴ്‌ സംഘടനകള്‍ക്ക്‌ നാമമാത്രമായ അംഗബലമാണ്‌ ഉള്ളതെന്ന്. ചില സംഘടനകള്‍ വെറും കടലാസ്‌ പുലികളാണെന്നും, ചിലത്‌ എന്‍.ജി.ഓ.കളും, മാവോയിസ്റ്റുകളും സി.പി,എം.വിരുദ്ധരാണെന്നും പത്രം പറയുന്നു. വോട്ടിനെ പേടിയില്ലാത്ത ഇതില്‍ ചില സംഘടനകള്‍ വ്യവസായ വിരുദ്ധരാണെന്നും തുടര്‍ന്ന് പറയുന്നു. റിപ്പോര്‍ട്ട്‌ സത്യമാകാം, പക്ഷേ പ്രസിദ്ധപ്പെടുത്തിയ സമയം അതിന്റെ ഉദ്ദേശം വ്യക്തമാക്കുന്നില്ലേ?
കര്‍ഷകരില്‍ നിന്നും നിസ്സാരവിലയ്ക്ക്‌ കൃഷിഭൂമി പിടിച്ചുവാങ്ങിയ ബംഗാള്‍ സര്‍ക്കാരിന്‌ പെട്ടെന്നാണ്‌ വില്ലന്‍ റോളില്‍ നിന്നും മോചനം കിട്ടിയത്‌. മാദ്ധ്യമങ്ങളില്‍ ഇന്ന് നാനോ മാറുന്ന ബംഗാളിന്റെ, വ്യവസായ പുരോഗതിയുടെ ചിഹ്നമാണ്‌. വ്യവസായവല്‍ക്കരണത്തെ സംബന്ധിച്ച്‌ സ്വദേശികള്‍ക്ക്‌ അല്‍പമെങ്കിലും സംശയം ഭാക്കിയുണ്ടെങ്കില്‍ അത്‌ മാറുവാനായി വാള്‍സ്ട്രീറ്റ്‌ ജേണലും, ന്യൂയോര്‍ക്ക്‌ ടൈസും എന്ത്‌ പറയുന്നു എന്ന് പത്രം പറഞ്ഞു തരുന്നു.
നാനോ സിംഗൂറില്‍ നിന്നും പുറത്ത്‌ വന്നാലും ഇല്ലെങ്കിലും പ്രത്യേക സാമ്പത്തിക മേഖലകളുടെ പേരില്‍ കൃഷിഭൂമി പിടിച്ചുപറിക്കുന്ന നയത്തിനെതിരെ ഇന്ത്യയില്‍ നടക്കുന്ന സമരങ്ങള്‍ക്ക്‌ സിംഗൂര്‍ എന്നും പ്രചോദനമായിരിക്കും.

ഇനിയുമൊരു ‘നന്ദിഗ്രാ’മാവര്‍ത്തിച്ചീടുവാ-
നവസരമൊരുക്കരുത്‌, നിങ്ങളുണരുക (ദാമോദരന്‍.കെ.പി.)

ഇറാക്ക്‌, കൊസോവോ, ഒസെറ്റിയ…..

ഓഗസ്റ്റ് 25, 2008 at 9:11 pm | In Uncategorized | 2 Comments
Tags: , ,

റഷ്യന്‍ സൈന്യം ജോര്‍ജിയയില്‍ നടത്തിയ വീരപരാക്രമണ കഥകള്‍ വായിച്ചപ്പോള്‍ അണ്ണാന്‍കുഞ്ഞിനെ മരം കയറ്റാന്‍ പഠിപ്പിക്കണോ എന്ന ചൊല്ലാണ്‌ ഓര്‍മ്മവന്നത്‌. പഴയ കോള്‍ഡ്‌വാര്‍ കാലത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌, റഷ്യയെ തഴയാന്‍ വരട്ടെ എന്നൊരു ചെറിയ സന്ദേശമാണ്‌ ഇതിലൂടെ റഷ്യ അമേരിക്കയ്ക്ക്‌ നല്‍കിയത്‌. തങ്ങളുടെ കൈവശമുള്ള പ്രകൃതിസമ്പത്തുകളില്‍ നിന്നുള്ള വരുമാനം കാരണം, യു.എസ്‌.എസ്‌.ആര്‍ന്റെ തകര്‍ച്ചയ്ക്ക്‌ ശേഷമുള്ള ദാരിദ്ര്യമെല്ലാം മാറി, പഴയ പോലെ ചെറിയ ഗുണ്ടായിസം കാണിയ്ക്കാമെന്നായിട്ടുണ്ട്‌. സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്‌ റഷ്യ പുതിയൊരു സാമ്പത്തിക ശക്തിയായി ഉയരുന്നു എന്നാണ്‌.
പതിവുപോലെ അമേരിക്കയുടേയും കൂട്ടുരാജ്യങ്ങളുടേയും വികാരപ്രകടനങ്ങള്‍ ഇതിനെതിരെ നടന്നുകൊണ്ടിരിക്കുകയാണ്‌. ചേരിചേരാരാജ്യങ്ങള്‍ എന്നൊരു കൂട്ടം നിലനില്‍ക്കുന്നുണ്ടോ എന്ന് തന്നെ സംശയമാണ്‌!
ഇനിയൊരു ഫ്ലാഷ്‌ബാക്ക്‌! കഴിഞ്ഞ ഫെബ്രുവരിയില്‍ റഷ്യന്‍ ബന്ധുരാജ്യമായ സെര്‍ബിയയില്‍ നിന്ന് കൊസോവോ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോള്‍, അമേരിക്കയും കൂട്ടരും റഷ്യയെ അവഗണിച്ച്‌ കൊസോവന്‍ സ്വാതന്ത്ര്യത്തെ പിന്താങ്ങി. ഇന്ന് ഒസെറ്റിയക്കും അബ്‌ഖാസിയക്കും സ്വാതന്ത്ര്യം വേണമെന്ന വാദത്തെ റഷ്യ പിന്താങ്ങുന്നു! രസകരമായ ഒരു വസ്തുത, അഞ്ച്‌വര്‍ഷമായി ഇറക്കില്‍ തുടരുന്ന അമേരിക്കന്‍ അധിനിവേശത്തില്‍ ജോര്‍ജിയയും പങ്കാളിയാണ്‌ എന്നതാണ്‌. ഏകദേശം രണ്ടായിരത്തോളം ജോര്‍ജിയന്‍ ഭടന്മാര്‍ക്ക്‌ റഷ്യന്‍ ആക്രമണത്തിനുശേഷമാണ്‌ ഇറാക്കില്‍നിന്ന് മോചനം കിട്ടിയത്‌.
ക്രൂഡോയില്‍ എവിടെയെല്ലാം സുലഭമാണോ അവിടെയെല്ലാം സാമ്രാജ്യത്വ ഇടപെടലുകളും വ്യക്തമാണ്‌. അസര്‍ബെയ്‌ജാനില്‍നിന്നുള്ള ക്രൂഡോയില്‍ ജോര്‍ജിയ വഴിയാണ്‌ മെഡിറ്ററേനിയന്‍ തീരത്തുള്ള തുര്‍ക്കി തുറമുഖത്തെത്തുന്നത്‌. ഇതിനെങ്ങാന്‍ തടസ്സം നേരിട്ടാല്‍ പല പടിഞ്ഞാറന്‍ രാജ്യങ്ങളും ദുരിതത്തിലാകും. (ഇറാനില്‍നിന്ന് പാക്കിസ്താന്‍ വഴി ഇന്ത്യയിലേക്ക്‌ പ്രകൃതി വാതകം എത്തിക്കുവാനുള്ള പദ്ധതിയെ അമേരിക്ക പാരവയ്ക്കുന്നത്‌ എന്തുകൊണ്ട്‌? ഈ പദ്ധതിയ്ക്ക്‌ വേണ്ടി പ്രയത്നിച്ച മണിശങ്കര്‍ അയ്യര്‍ക്ക്‌ എന്തുകൊണ്ട്‌ പെട്രോളിയം വകുപ്പ്‌ നഷ്ടപ്പെട്ടു?)
പഴയ കോള്‍ഡ്‌വാര്‍ ഇനി ഹോട്ട്‌വാര്‍ ആകുമോ എന്നത്‌ കാത്തിരുന്ന് കാണാം!

ചെങ്ങറയില്‍ നിന്ന് കാശ്മീരിലേയ്ക്ക്‌

ഓഗസ്റ്റ് 24, 2008 at 6:51 pm | In Uncategorized | 2 Comments
Tags: ,

കാശ്മീര്‍ പ്രശ്നം ഇന്നും ഇന്നലേയും തുടങ്ങിയതല്ല. തുര്‍ക്കി പോരാളികള്‍ 1320ല്‍ തുടങ്ങിയ ആക്രമണവും കൊള്ളയടിയ്ക്കലും തുടര്‍ന്നുവന്ന പല ഭരണാധികാരികളും നല്ല രീതിയില്‍ നടപ്പിലാക്കുകയുണ്ടായി. ഇതില്‍ ചിലര്‍ നടപ്പിലാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തനംമൂലം അനേകം കാശ്മീരിപണ്ഡിറ്റുകളും ബുദ്ധമതക്കാരും കാശ്മീര്‍ വിട്ട്‌ മറ്റ്‌ പല പ്രദേശങ്ങളിലും അഭയം തേടേണ്ടിവന്നു. 1989ല്‍ കാശ്മീരിപണ്ഡിറ്റുകളെ കാശ്മീരില്‍ നിന്ന് തുരത്താന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ചുരുങ്ങിയത്‌ നാല്‌ ലക്ഷം കാശ്മീരി പണ്ഡിറ്റുകളെങ്കിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക്‌ വീടും പറമ്പും ഉപേക്ഷിച്ച്‌ ഓടിപോന്നിട്ടുണ്ട്‌.
കാശ്മീരില്‍ തീവ്രവാദി ആക്രമണങ്ങളും ഭരണകൂടഭീകരതയും ഒപ്പം നടക്കുന്നുണ്ട്‌. വിവിധ ഗ്രൂപ്പുകളും പാര്‍ട്ടികളും തങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ച്‌ ജനങ്ങളെ തെളിച്ചുകൊണ്ടിരിയ്ക്കുകയാണ്‌. അമര്‍നാഥ്‌ പ്രശ്നത്തിന്റെ പേരില്‍ ജമ്മു കാശ്മീരിനെ ഹിന്ദു-മുസ്ലീം അറകളാക്കുന്നതില്‍ ഒരുകൂട്ടം വര്‍ഗ്ഗീയ കക്ഷികള്‍ വിജയിച്ചു കഴിഞ്ഞു.
ഇത്തരമൊരു സാഹചര്യത്തിലാണ്‌ അരുന്ധതി റോയ്‌ കാശ്മീരില്‍ എത്തുന്നത്‌. അവിടെചെന്ന് ഒരു പ്രസ്താവന ഇറക്കിയില്ലെങ്കില്‍ മാധ്യമങ്ങളിലെ തന്റെ ബുദ്ധിജീവി റേറ്റിങ്ങ്‌ കുറഞ്ഞാലോ? കാശ്മീരിന്‌ ഇന്ത്യയില്‍ നിന്ന്  സ്വാതന്ത്ര്യം വേണമെന്നപോലെ ഇന്ത്യയ്ക്ക്‌ കാശ്മീരില്‍ നിന്നും സ്വാതന്ത്ര്യം വേണമെന്ന ഒരു കിടിലന്‍ പ്രസ്താവന അവിടെ നിന്നും തട്ടി. ചെങ്ങറയില്‍ വന്ന് ഭൂരഹിതരുടെ ആദരവ്‌ നേടിയതുപോലെ ഒരു വിഭാഗം കാശ്മീരികളുടേയും പിന്തുണ ഒറ്റയടിയ്ക്ക്‌ നേടാന്‍ അരുന്ധതിയ്ക്ക്‌ കഴിഞ്ഞു. പാക്കിസ്താന്‍ പതാകയുയര്‍ത്തി ഞങ്ങള്‍ പാക്കിസ്താന്‍കാരാണ്‌ എന്നുപറയുന്ന ഹുറിയത്ത്‌ നേതാക്കള്‍ പോലും ഞെട്ടികാണും!
തലമുറകളായി കാശ്മീരില്‍ നിന്ന് ആട്ടിയോടിയ്ക്കപ്പെട്ട കാശ്മീരിപണ്ഡിറ്റുകള്‍ എവിടെ പോകും? 47ലെ ഇന്ത്യാ-പാക്കിസ്താന്‍ വിഭജനവും തുടര്‍ന്നുണ്ടായ അഭയാര്‍ഥി പ്രവാഹങ്ങളും കൂട്ടക്കൊലകളും മറക്കാറായിട്ടില്ല. കാശ്മീര്‍ പ്രശ്നത്തിന്‌ പരിഹാരം മതത്തിന്റെ പേരിലുള്ള വിഭജനമല്ലെന്നും സൌഹാര്‍ദ്ദത്തോടെ ജനാധിപത്യവ്യവസ്ഥയില്‍ ഒരുമിച്ച്‌ ജീവിയ്ക്കുകയാണെന്നും ചരിത്രം പഠിപ്പിയ്ക്കുന്നു.
ചെറിയ കാര്യങ്ങളുടെ തമ്പുരാട്ടി ഇതൊക്കെയൊന്ന് ഓര്‍ത്തിരുന്നെങ്കില്‍!

വിമോചന സമരത്തിന്റെ തടവുകാരോ?

ജൂലൈ 14, 2008 at 7:28 pm | In Uncategorized | 3 Comments
Tags: , ,

വിമോചന സമരം അമ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നടന്ന സംഭവമാണെങ്കിലും അതിനുശേഷം ജനിച്ച ഓരോ തലമുറയും വിമോചനസമരത്തിന്റെ പ്രസക്തിയേയോ അപ്രസക്തിയേയോ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക്‌ സാക്ഷ്യം വഹിച്ചവരാണ്‌. ഇന്നും അത്തരം ചര്‍ച്ചകള്‍ തുടരുകയാണ്‌. വീണ്ടുമൊരു വിമോചന സമരത്തിന്റെ ഭീഷണിയുയര്‍ത്തിക്കൊണ്ടാണ്‌ പ്രതിപക്ഷവും മതനേതാക്കളും ഇടതുമുന്നണിയുടെ വിദ്യാഭ്യാസ നയത്തിനെതിരെ രംഗത്തിറങ്ങിയിട്ടുള്ളത്‌. അമ്പതുവര്‍ഷങ്ങള്‍ക്കുശേഷവും മലയാളി സമൂഹം വിമോചന സമരത്തിന്റെ ഹാങ്ങ്‌ഓവറില്‍ നിന്ന് മോചിതരായിട്ടില്ല എന്നതാണോ ഇത്‌ സൂചിപ്പിക്കുന്നത്‌?
നമ്മുടെ ഇന്നത്തെ രാഷ്ട്രീയ നേതൃത്വം, ഭരണപക്ഷമായാലും പ്രതിപക്ഷമായാലും, പൂര്‍ണ്ണമായും വിമോചന സമരത്തിലൂടെ കടന്നുവന്നവരാണ്‌. 57ലെ കമ്യൂണിസ്റ്റ്‌ മന്ത്രിസഭ അധികാരമേറ്റ്‌ ആഴ്ചകള്‍ക്കുള്ളിലാണ്‌ കേരളത്തില്‍ കെ.എസ്‌.യു. രൂപീകൃതമാകുന്നത്‌. ആലപ്പുഴ ജില്ലയിലെ പുളിങ്കുന്നില്‍ നിന്നാരംഭിച്ച ഒരണ സമരത്തിലൂടെയാണ്‌ കെ.എസ്‌.യു കേരളത്തില്‍ വളര്‍ന്നത്‌. ഈ സമരത്തിനു പിന്നില്‍ എല്ലാ കമ്യൂണിസ്റ്റ്‌ വിരോധികളുടേയും പിന്തുണയുണ്ടായിരുന്നു. വിമോചന സമരത്തിലൂടെ വളര്‍ന്നുവന്ന കോണ്‍ഗ്രസ്‌ നേതാക്കളാണ്‌ ഏ.കെ.ആന്റണിയും ഉമ്മന്‍ ചാണ്ടിയും വയലാര്‍ രവിയും.  ഇതില്‍ ആന്റണിയും രവിയും ഇന്നൊരു വിമോചന സമരത്തിന്‌ പ്രസക്തിയില്ല എന്ന് പറഞ്ഞുവെങ്കിലും ശ്രീ ഉമ്മന്‍ ചാണ്ടി ഇന്നും വിമോചന സമരത്തില്‍ വിശ്വസിക്കുന്നയാളാണ്‌. വി.എസ്‌. അച്യുതാനന്ദന്‍ അന്ന് സി.പി.ഐയുടെ സ്റ്റേറ്റ്‌ സെക്രിട്ടറിയറ്റ്‌ അംഗമായിരുന്നു. ഇവരുടെയെല്ലാം രാഷ്ട്രീയ നിലപാടുകളും പ്രസ്ഥാവനകളും പരിശോധിക്കുമ്പോള്‍ വിമോചന സമരത്തില്‍ തുടങ്ങിയ വെറുപ്പിന്റെ രഷ്ട്രീയം ഇന്നും തുടരുന്നുണ്ട്‌ എന്ന് കാണാം.
രാഷ്ട്രീയ ചേരിതിരിവുകള്‍ മാറ്റിവച്ചുനോക്കിയാല്‍, ജനാധിപത്യ വ്യവസ്ഥയില്‍ വിമോചന സമരം തെറ്റായിരുന്നു എന്ന് തന്നെ കണ്ടെത്താം. ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാരിനെ തങ്ങള്‍ക്ക്‌ ഇഷ്ടപ്പെടാത്ത നയങ്ങള്‍ നടപ്പിലാക്കുന്നു എന്നതു മൂലം ജാതിയുടേയും മതത്തിന്റേയും പേരില്‍ ജനങ്ങളെ സംഘടിപ്പിച്ച്‌ പ്രക്ഷോഭം സംഘടിപ്പിക്കുക. അത്തരമൊരു സമരത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടുക. ഇത്തരമൊരു നടപടി ജനാധിപത്യത്തില്‍ ശരിയല്ല എന്ന് ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വം പൊതുവെ വിശ്വസിക്കുന്നുണ്ട്‌. ഉത്തര്‍പ്രദേശ്‌ രാഷ്ട്രീയത്തിലെ കീരിയും പാമ്പുമായ മുലായംസിങ്ങും മായാവതിയും പോലും ഈവഴി ചിന്തിയ്ക്കാറില്ല. രണ്ടാമത്‌ 57ലെ രാഷ്ട്രീയ കാലാവസ്ഥയല്ല ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്‌.
കേന്ദ്ര സഹായത്തോടെ വിജയിച്ച വിമോചന സമരം കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും പുരോഗമന ചിന്തകള്‍ക്കും തിരിച്ചടിയാണ്‌ നല്‍കിയത്‌. ജാതിമത ശക്തികള്‍ സമരത്തിലൂടെ നേടിയ സ്വാധീനം ഇന്നും തുടര്‍ന്നുപോരുന്നു. വിമോചന സമരത്തിലൂടെ ജാതിമതശക്തികള്‍ ഉഴുതുമറിച്ച മണ്ണിലാണ്‌ പിന്നീട്‌ ആള്‍ദൈവങ്ങളും കപടന്മാരും തഴച്ചുവളര്‍ന്നത്‌. കേരളത്തിലെ സാമുദായിക സംഘടനകളില്‍ ചിലത്‌ വിമോചന സമരത്തില്‍ നിന്ന് കൂടുതല്‍ ഊര്‍ജ്ജം സംഭരിച്ചവയാണ്‌. ഈ സംഘടനകളിലെ നേതാക്കളില്‍ പലരും വിമോചന സമരത്തെ അഭിമാനപൂര്‍വ്വം ഓര്‍ക്കുന്നവരാണ്‌. എന്‍.എസ്‌.എസ്സിന്റെ കാഴ്‌ച്ചപ്പാടില്‍ മന്നത്ത്‌ പത്മനാഭന്‍ ഇന്നും പുരോഗമനവാദിയായ സമുദായ നേതാവാണ്‌. വിമോചന സമരത്തിന്റെ പാശ്ചാത്തലത്തില്‍ മന്നത്തിനെതിരെയുള്ള ഏത്‌ വിമര്‍ശനങ്ങളും പൊതുവെ നായര്‍ സമുദായത്തിനെതിരെയുള്ള ആക്രമണമായാണ്‌ ചിത്രീകരിക്കാറ്‌.
വിമോചന സമരത്തിന്റെ മറ്റൊരു സംഭാവനയാണ്‌ അന്ധമായ രാഷ്ട്രീയ വൈര്യം. അന്ധമായ കമ്യൂണിസ്റ്റ്‌-കോണ്‍ഗ്രസ്‌ ശത്രുത കേരളത്തിന്റെ വികസന സാധ്യതകളെയാണ്‌ ബാധിച്ചതും ബാധിച്ചുകൊണ്ടിരിക്കുന്നതും. ഭരണത്തിലിരിക്കുമ്പോള്‍ ഒരു നയവും പ്രതിപക്ഷത്തിരിക്കുമ്പോള്‍ വേറൊരു നയവുമാണ്‌ നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍ പിന്തുടരുന്നത്‌. ആരുഭരിച്ചാലും ഹര്‍ത്താലും ബന്ദും നിത്യസംഭവങ്ങളാണ്‌. ഇതുമൂലം സാധാരണ ജനങ്ങള്‍ക്ക്‌ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളും വ്യവസായ നഷ്ടങ്ങളും പൊതുമുതല്‍ നശിപ്പിക്കലും ഒരു രാഷ്ട്രീയ പാര്‍ട്ടികളും പരിഗണിക്കാറില്ല. ഇന്ന് കേരളത്തില്‍ മാറി മാറി വരുന്ന മുന്നണികള്‍ക്ക്‌ പുരോഗമനപരമായ ഒരു തീരുമാനവും എടുക്കുവാനുള്ള ചങ്കൂറ്റം ഇല്ല എന്നത്‌ ഏവര്‍ക്കും അറിയാവുന്നതാണ്‌. കോണ്‍ഗ്രസ്‌-കമ്യൂണിസ്റ്റ്‌ രാഷ്ട്രീയ വൈരം മറന്നുകൊണ്ട്‌ കേരളത്തിനുവേണ്ട ഭാവനാപരമായ ഉള്‍ക്കാഴ്ച ഒരു പാര്‍ട്ടിക്കും ഇല്ല. വര്‍ഷാവര്‍ഷം അവതരിപ്പിക്കുന്ന ബജറ്റിന്‌ അപ്പുറം നമ്മുടെ ചര്‍ച്ചകള്‍ മുന്നേറാറില്ല. ഭരണപക്ഷം പൂര്‍ണ്ണമായും ബജറ്റിനെ പിന്താങ്ങുകയും പ്രതിപക്ഷം പൂര്‍ണ്ണമായും കുറ്റപ്പെടുത്തുകയുമാണ്‌ സാധാരണ പതിവ്‌.
57ലെ കമ്യൂണിസ്റ്റ്‌ മന്ത്രിസഭ കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലിനും കാര്‍ഷികബന്ധ ബില്ലിനുമെതിരായാ പ്രതിഷേധങ്ങളാണ്‌ വിമോചന സമരത്തില്‍ എത്തിയത്‌. സ്വകാര്യ വിദ്യാഭ്യാസസ്ഥാപങ്ങളിലെ ക്രമക്കേടുകള്‍ അവസാനിപ്പിക്കുവാനും സംസ്ഥാനമൊട്ടാകെ ഒരു പൊതു വിദ്യാഭ്യാസ പരിപാടി നടപ്പാക്കാനുമായിരുന്നു ജോസഫ്‌ മുണ്ടശ്ശേരി അവതരിപ്പിച്ച ബില്ലിന്റെ ഉദ്ദേശം. പള്ളിയുടെ സ്കൂളുകള്‍ ഞങ്ങള്‍ രക്ഷിക്കണമെങ്കില്‍ ഞങ്ങളുടെ ഭൂമി പള്ളി രക്ഷിച്ചു തരണം ഇതായിരുന്നു ജന്മികളുടേയും വലിയ ഭൂവുടമകളുടേയും നിലപാട്‌ എന്ന് വിമോചന സമരത്തിന്റെ സംഘാടകരില്‍ പ്രധാനിയായിരുന്ന ഫാദര്‍ വടക്കന്‍ എന്റെ കുതിപ്പും കിതപ്പും എന്ന ആത്മകഥയില്‍ പറയുന്നു. ഇതില്‍ നിന്ന് വിമോചനസമരത്തിനു ഇറങ്ങിയ കക്ഷികളുടെ ഉദ്ദേശം മനസ്സിലാകുന്നതാണ്‌. 57ലും അന്നത്തെ സര്‍ക്കാര്‍ നിയമിച്ച കമ്മറ്റികള്‍ തയ്യാറാക്കിയ പാഠപുസ്തകങ്ങള്‍ പഠിക്കേണ്ടിവരുന്ന കുട്ടികള്‍ മസ്തിഷ്‌കപ്രക്ഷാളനത്തിനു വിധേയരാകും എന്ന് അന്നും ആരോപണമുണ്ടായിരുന്നു.
ക്രൈസ്തവ മാനേജുമെന്റുകള്‍ വിദ്യാഭ്യാസ പരിഷ്ക്കരണങ്ങള്‍ക്ക്‌ എതിരുനിന്നത്‌ ഇത്‌ ആദ്യമല്ല. ഇതിനോട്‌ സമാനമായ ചരിത്രം 1945 കളില്‍ ഉണ്ടായിട്ടുണ്ട്‌. തിരുവതാംകൂറില്‍ പ്രൈമറി വിദ്യാഭ്യാസം നിര്‍ബന്ധമാക്കാനും വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ എഡ്യൂക്കേഷന്‍ റീഓര്‍ഗനൈസേഷന്‍ കമ്മറ്റിയുടെ നിര്‍ദ്ദേശത്തിനെതിരേയും സഭ സമരകാഹളം മുഴക്കിയിട്ടുണ്ട്‌. അന്ന് പ്രൈമറി വിദ്യാഭ്യാസ രംഗത്തുണ്ടായിരുന്ന പ്രധാന പ്രശ്നം അദ്ധ്യാപരുടെ കുറഞ്ഞ വേതന നിരക്കായിരുന്നു. ഈ കമ്മറ്റിയുടെ റിപ്പോര്‍ട്ട്‌ ശ്രീമൂലം അസംബ്ലിയും ശ്രീചിത്തിര സ്റ്റേറ്റ്‌ കൌണ്‍സിലും ചര്‍ച്ചചെയ്യുകയും തുടര്‍ന്ന് അംഗീകരിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് വന്ന സര്‍ക്കാര്‍ വിജ്ഞാപനപ്രകാരം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പൂര്‍ണ്ണ ചുമതല തിരുവതാംകൂര്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. സൌജന്യവും
നിര്‍ബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം ചുരുങ്ങിയ കാലത്തിനുള്ളില്‍ നടപ്പിലാക്കുവാനുമായി ഇത്തരം വിദ്യാലയങ്ങളുടെ (പ്രൈമറി മാത്രം) മനേജുമെന്റിന്റെ സര്‍ക്കാര്‍ ഏറ്റെടുത്തു. അതുകൂടാതെ അദ്ധ്യാപക നിയമനവും പ്രമോഷനും പൂര്‍ണ്ണ ശമ്പളവും സര്‍ക്കാര്‍ തന്നെ ഏറ്റെടുത്തു. പുരോഗമനപരമായ ഈ നടപടിയെ ക്രൈസ്തവ സഭകള്‍ മത സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമായി ചിത്രീകരിക്കുകയാണ്‌ ചെയ്തത്‌. ചെങ്ങനാശ്ശേരി ബിഷപ്പ്‌ മാര്‍ ജെയിംസ്‌ കാളാശ്ശേരി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട്‌ ഇടയലേഖനം ഇറക്കുകയുണ്ടായി. ചെങ്ങനാശ്ശേരി ബിഷപ്പിന്‌ പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ മദ്രാസ്‌, ബാംഗ്ലൂര്‍, ബോംബെ എന്നിവടങ്ങളിലെ ബിഷപ്പുമാരും രംഗത്തെത്തി. അന്ന് നായര്‍, ഈഴവ, മുസ്ലീം സമുദായങ്ങള്‍ തിരുവതാംകൂര്‍ സര്‍ക്കാരിനെ പിന്തുണക്കുകയാണ്‌ ചെയ്തത്‌.
വിമോചന സമരക്കാലത്ത്‌ പ്രതിപക്ഷ നേതാവായിരുന്ന പി. റ്റി. ചാക്കോ, തിരുവതാംകൂര്‍ സര്‍ക്കാരിന്റെ ദേശസല്‍ക്കരണ നടപടികളെ എതിര്‍ത്തുകൊണ്ട്‌, കത്തോലിക്കാ സ്ക്കൂളുകളില്‍ ‘കത്തോലിക്കാ അന്തരീക്ഷം’ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെ സമര്‍ഥിച്ചുകൊണ്ട്‌ സി.പി.ക്ക്‌ ഒരു തുറന്ന കത്ത്‌ പ്രസിദ്ധീകരിച്ചിരുന്നു എന്നത്‌ ഓര്‍ക്കേണ്ടതാണ്‌.
കേരളത്തിലെ വര്‍ഗ്ഗീയതയ്ക്ക്‌ രാജവാഴ്ചയുടെ കാലത്തോളം പഴക്കമുണ്ട്‌. അക്കാലത്ത്‌, പ്രത്യേകിച്ചും കൊച്ചിയിലും തിരുവതാംകൂറിലും, ഓരോ വിഭാഗക്കാരും തങ്ങളുടെ കാര്യസാധനത്തിന്‌ വേണ്ടി രാജാവിന്‌ ഹര്‍ജി സമര്‍പ്പിക്കുകയാണ്‌ പതിവ്‌. അങ്ങിനെ മൊത്തം മലയാളി ക്ഷേമത്തിനു പകരം തങ്ങളുടെ വിഭാഗങ്ങള്‍ക്കുള്ള ക്ഷേമത്തിനായി ഊന്നല്‍. എസ്‌.എന്‍. ഡി. പി.യും എന്‍.എസ്‌.എസും രൂപീകരിച്ചതോടെ വിഭാഗീയ ചിന്താഗതി ശ്ക്തമായി. കോണ്‍ഗ്രസും സി.പി.എമ്മും ഈ ശക്തികളെ വളര്‍ത്തുന്നതില്‍ സഹായിച്ചിട്ടുണ്ട്‌. ജാതിമത ശക്തികളുടെ ഐക്യത്തിലൂടെ സമരം നടത്തി പിരിച്ചുവിടപ്പെട്ട മന്ത്രിസഭയ്ക്കുശേഷം, കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ പിന്നീട്‌ ഇതേ പിന്തിരിപ്പന്‍ശക്തികളോട്‌ കൂട്ടുകൂടി കേരളം ഭരിക്കുന്ന കാഴ്ച പിന്നീട്‌ നമുക്ക്‌ കാണേണ്ടി വന്നു.
എഴാംക്ലാസിലെ സാമൂഹ്യ പാഠത്തിലെ മതമില്ലാത്ത ജീവന്‍ എന്ന പാഠം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്‌ വീണ്ടും ചില മത സാമുദായിയ കക്ഷികള്‍ ഇന്ന് സമരം ചെയ്യുകയാണ്‌. 57ലെ കുപ്രചരണങ്ങളുടെ തുടര്‍ച്ചയെന്നോണം ഇന്നും പാഠപുസ്തകങ്ങള്‍ വഴി കുട്ടികളെ മസ്തിഷ്ക പ്രക്ഷാളനത്തിനു വിധേയരാക്കുകയാണെന്നും ഭാവി തലമുറയെ കമ്യൂണിസ്റ്റാക്കുകയാണ്‌ ഉദ്ദേശമെന്നും ആരോപിക്കുന്നു. അന്‍പതുവര്‍ഷങ്ങള്‍ക്കുശേഷവും കേരളസമൂഹം ചിന്താപരമയി മുന്നേറിയിട്ടില്ല എന്നാണോ ഇത്‌ സൂചിപ്പിക്കുന്നത്‌?
പല മേഖലകളിലും കഴിഞ്ഞ അമ്പതുവര്‍ഷങ്ങള്‍ക്കുള്ളില്‍ നമ്മള്‍  വളരെയധികം മുന്നേറിയിട്ടുണ്ട്‌. സാമൂഹ്യ പുരോഗതിയില്‍ നമ്മള്‍ ഇന്ത്യയില്‍ ഒന്നാംസ്ഥാനത്താണ്‌. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച പുരോഗതി ചില വികസിത രാജ്യങ്ങളോട്‌ തുല്യമാണ്‌. ഐ.ടി രംഗത്തും നമ്മള്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. പക്ഷേ, ഇതിനൊക്കെ തുല്യമായി നമ്മുടെ ചിന്താശീലങ്ങള്‍, ഒരു സമൂഹമെന്ന നിലയ്ക്ക്‌ വികസിച്ചിട്ടില്ല എന്ന യാഥാര്‍ഥ്യം നമ്മള്‍ അംഗീകരിക്കേണ്ടിയിരിക്കുന്നു. പുരോഗമന പ്രസ്ഥാനങ്ങളുടെ അപചയം മുതലെടുത്ത പിന്തിരിപ്പന്‍ ശക്തികളേയും ആശയങ്ങളേയും തുറന്നുകാണിച്ചുകൊണ്ടും പരാജയപ്പെടുത്തിക്കൊണ്ടും മാത്രമെ കേരളീയസമൂഹത്തിന്‌ മുന്നോട്ട്‌ പോകുവാന്‍ കഴിയൂ.

റെഫെറന്‍സ്‌:
ട്രൈംഫ്‌ അന്‍ഡ്‌ ട്രാജിഡി ഇന്‍ ട്രാവന്‍കൂര്‍ – എ.ശ്രീധരമേനോന്‍
57ലെ വിദ്യാഭ്യാസബില്ല് – ഡോ.പി.കെ.മൈക്കിള്‍ തരകന്‍

മുന്‍ പേജ്അടുത്ത താള്‍ »

Blog at WordPress.com. | Theme: Pool by Borja Fernandez.
Entries and comments feeds.