കപടതയുടെ സാമ്പത്തിക ശാസ്ത്രം

മേയ് 27, 2008 at 12:22 am | In Uncategorized | 4 Comments
Tags: ,

(കപട) സന്യാസിമാര്‍ക്ക്‌ സമയം നല്ലതല്ല എന്ന് തോന്നുന്നു. ദുഷ്പ്പേരും മാനഹാനിയും ശനിദശ പോലെ പിന്തുടരുകയാണു. ചിലര്‍ക്ക്‌ ആശ്രമജീവിതം തല്‍ക്കാലം ലോക്കപ്പിലേയ്ക്ക്‌ മാറ്റേണ്ടിവന്നു. ചുരുങ്ങിയകാലത്തിനുള്ളിലാണു ഈ സ്വാമിമാര്‍ ഇത്രയും സ്വത്തും സ്വാധീനവും നേടിയത്‌ എന്ന് ഇപ്പോഴാണു മാധ്യമങ്ങള്‍ക്ക്‌ മനസ്സിലായത്‌. ഇവരുടെ വിജയകഥകള്‍ നാളെ IIM കളില്‍ പഠനവിഷയമായേക്കാം. ഇവരെല്ലാം ആത്മീയതയെ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തിയവരാണു. അധ്വാനത്തിന്റെ ഫലമായി പണവും സ്വാധീനവും ശാരീരിക സുഖങ്ങളും കിട്ടി. പത്രങ്ങളും ചാനല്‍കാരുമൊക്കെ പാവം സന്തോഷ്ജിയുടേയും ഹിമവല്‍ജിയുടേയും കഥകള്‍ പുറത്ത്‌ കൊണ്ടുവരുവാന്‍ മത്സരിയ്ക്കുകയാണു. എന്തുകൊണ്ടാണു ഇവരെക്കാള്‍ കൂടുതല്‍ ആത്മീയത വിറ്റ്‌ വിലസുന്നവരെ മാധ്യമങ്ങള്‍ തൊടാത്തത്‌? തൊട്ടാല്‍ കൈ പൊള്ളുകയോ സ്വയം നാറുകയോ ചെയ്യും!
എന്തായാലും സ്വാമിമാര്‍ ഒരു ജനതയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും വിറ്റ്‌ കാശുണ്ടാക്കി എന്നാരോപിയ്ക്കാന്‍ പറ്റില്ല.
ഉദ്ദേശിച്ചത്‌ നമ്മുടെ ചില നേതാക്കളെയാണു. ഖാദി ഷര്‍ട്ടും മുണ്ടും തൊപ്പിയുമിട്ട്‌ ലക്ഷങ്ങളും കോടികളും സമ്പാദിച്ചവരും സമ്പാദിയ്ക്കുന്നവരും ഇന്നും നമ്മുടെ ചുറ്റും അഭിമാനത്തോടെ ജീവിയ്ക്കുന്നില്ലേ? ഊണിലും ഉറക്കത്തിലും വിപ്ലവം പ്രസംഗിച്ച്‌ ചെങ്കൊടിയുടെ സഹായത്തോടെ കുടുംബം നന്നാക്കുന്ന എത്രയോ സഖാക്കള്‍ ഇന്നും ജീവിയ്ക്കുന്നു. വിപ്ലവ കണക്ഷന്‍ ഉപയോഗിച്ച്‌ സോവിയറ്റ്‌ റഷ്യയില്‍ മക്കളെ വിട്ട്‌ ഡോക്ടറും എഞ്ചിനീയറും ആക്കിയവരെ എന്ത്‌ വിളിയ്ക്കണം? ഇവരുടെയെല്ലാം പേരിനുമുമ്പില്‍ ‘കപട’ ചേര്‍ക്കേണ്ടതല്ലേ?
ഇവിടെ കപടതയെ എങ്ങനെ മാര്‍ക്കറ്റ്‌ ചെയ്യുന്നു എന്നതാണു വിജയ രഹസ്യം. നമ്മള്‍ ജീവിയ്ക്കുന്നത്‌ അത്തരമൊരു സമുഹത്തിലാണു. അല്‍പ്പസ്വല്‍പ്പം കപടതയുള്ള നമ്മെ നയിയ്ക്കുന്നത്‌ കപടതയുടെ മാര്‍ക്കറ്റിങ്ങ്‌ മനസ്സിലാക്കിയ മഹാന്മാരാണു.

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല!

 

 

Blog at WordPress.com. | Theme: Pool by Borja Fernandez.
Entries and comments feeds.