ചെങ്ങറയില്‍ നിന്ന് കാശ്മീരിലേയ്ക്ക്‌

ഓഗസ്റ്റ് 24, 2008 at 6:51 pm | In Uncategorized | 2 Comments
Tags: ,

കാശ്മീര്‍ പ്രശ്നം ഇന്നും ഇന്നലേയും തുടങ്ങിയതല്ല. തുര്‍ക്കി പോരാളികള്‍ 1320ല്‍ തുടങ്ങിയ ആക്രമണവും കൊള്ളയടിയ്ക്കലും തുടര്‍ന്നുവന്ന പല ഭരണാധികാരികളും നല്ല രീതിയില്‍ നടപ്പിലാക്കുകയുണ്ടായി. ഇതില്‍ ചിലര്‍ നടപ്പിലാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തനംമൂലം അനേകം കാശ്മീരിപണ്ഡിറ്റുകളും ബുദ്ധമതക്കാരും കാശ്മീര്‍ വിട്ട്‌ മറ്റ്‌ പല പ്രദേശങ്ങളിലും അഭയം തേടേണ്ടിവന്നു. 1989ല്‍ കാശ്മീരിപണ്ഡിറ്റുകളെ കാശ്മീരില്‍ നിന്ന് തുരത്താന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ചുരുങ്ങിയത്‌ നാല്‌ ലക്ഷം കാശ്മീരി പണ്ഡിറ്റുകളെങ്കിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക്‌ വീടും പറമ്പും ഉപേക്ഷിച്ച്‌ ഓടിപോന്നിട്ടുണ്ട്‌.
കാശ്മീരില്‍ തീവ്രവാദി ആക്രമണങ്ങളും ഭരണകൂടഭീകരതയും ഒപ്പം നടക്കുന്നുണ്ട്‌. വിവിധ ഗ്രൂപ്പുകളും പാര്‍ട്ടികളും തങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ച്‌ ജനങ്ങളെ തെളിച്ചുകൊണ്ടിരിയ്ക്കുകയാണ്‌. അമര്‍നാഥ്‌ പ്രശ്നത്തിന്റെ പേരില്‍ ജമ്മു കാശ്മീരിനെ ഹിന്ദു-മുസ്ലീം അറകളാക്കുന്നതില്‍ ഒരുകൂട്ടം വര്‍ഗ്ഗീയ കക്ഷികള്‍ വിജയിച്ചു കഴിഞ്ഞു.
ഇത്തരമൊരു സാഹചര്യത്തിലാണ്‌ അരുന്ധതി റോയ്‌ കാശ്മീരില്‍ എത്തുന്നത്‌. അവിടെചെന്ന് ഒരു പ്രസ്താവന ഇറക്കിയില്ലെങ്കില്‍ മാധ്യമങ്ങളിലെ തന്റെ ബുദ്ധിജീവി റേറ്റിങ്ങ്‌ കുറഞ്ഞാലോ? കാശ്മീരിന്‌ ഇന്ത്യയില്‍ നിന്ന്  സ്വാതന്ത്ര്യം വേണമെന്നപോലെ ഇന്ത്യയ്ക്ക്‌ കാശ്മീരില്‍ നിന്നും സ്വാതന്ത്ര്യം വേണമെന്ന ഒരു കിടിലന്‍ പ്രസ്താവന അവിടെ നിന്നും തട്ടി. ചെങ്ങറയില്‍ വന്ന് ഭൂരഹിതരുടെ ആദരവ്‌ നേടിയതുപോലെ ഒരു വിഭാഗം കാശ്മീരികളുടേയും പിന്തുണ ഒറ്റയടിയ്ക്ക്‌ നേടാന്‍ അരുന്ധതിയ്ക്ക്‌ കഴിഞ്ഞു. പാക്കിസ്താന്‍ പതാകയുയര്‍ത്തി ഞങ്ങള്‍ പാക്കിസ്താന്‍കാരാണ്‌ എന്നുപറയുന്ന ഹുറിയത്ത്‌ നേതാക്കള്‍ പോലും ഞെട്ടികാണും!
തലമുറകളായി കാശ്മീരില്‍ നിന്ന് ആട്ടിയോടിയ്ക്കപ്പെട്ട കാശ്മീരിപണ്ഡിറ്റുകള്‍ എവിടെ പോകും? 47ലെ ഇന്ത്യാ-പാക്കിസ്താന്‍ വിഭജനവും തുടര്‍ന്നുണ്ടായ അഭയാര്‍ഥി പ്രവാഹങ്ങളും കൂട്ടക്കൊലകളും മറക്കാറായിട്ടില്ല. കാശ്മീര്‍ പ്രശ്നത്തിന്‌ പരിഹാരം മതത്തിന്റെ പേരിലുള്ള വിഭജനമല്ലെന്നും സൌഹാര്‍ദ്ദത്തോടെ ജനാധിപത്യവ്യവസ്ഥയില്‍ ഒരുമിച്ച്‌ ജീവിയ്ക്കുകയാണെന്നും ചരിത്രം പഠിപ്പിയ്ക്കുന്നു.
ചെറിയ കാര്യങ്ങളുടെ തമ്പുരാട്ടി ഇതൊക്കെയൊന്ന് ഓര്‍ത്തിരുന്നെങ്കില്‍!

Blog at WordPress.com. | Theme: Pool by Borja Fernandez.
Entries and comments feeds.