നിങ്ങളെന്നെ മാവോയിസ്റ്റാക്കി
ജൂണ്‍ 3, 2008 at 8:53 pm | In Uncategorized | 5 CommentsTags: പി.എ.ഷൈന, മനുഷ്യാവകാശ ലംഘനങ്ങ

ഏപ്രില്‍ 21ന്റെ മാധ്യമം ആഴ്ചപ്പതിപ്പില്‍ പി.എ. ഷൈന കേരളമുഖ്യമന്ത്രിയ്ക്ക് എഴുതിയ തുറന്ന കത്ത് വൈകിയാണ് വായിക്കുവാന്‍ കിട്ടിയത്. പൌരാവകാശ പ്രവര്‍ത്തകരെ ഭരണകൂടങ്ങള്‍ നിരന്തരം പീഡിപ്പിച്ചുകൊണ്ടിരിയ്ക്കുന്നു എന്നതിന്റെ പുതിയ തെളിവാണ് ഷൈനയുടെ കത്ത് നല്‍കുന്നത്. ഷൈനയുടെ കത്ത് വായിക്കുവാന്‍ സാധിച്ചിട്ടില്ലാത്തവര്‍ക്കുവേണ്ടി ആ കത്തിലെ ചില ഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു. എട്ട് പേജോളം വരുന്ന ആ കത്തിലെ ചില ഭാഗങ്ങള്‍ മാത്രമാണു ഉദ്ധരിയ്ക്കുന്നത്.
(മാധ്യമം ഓണ്‍ലൈനില്‍ ഏപ്രില്‍ 21ന്റെ കവര്‍ സ്റ്റോറിയില്‍ “നിങ്ങളെന്നെ മാവോയിസ്റ്റാക്കി” എന്ന് കാണാം. പക്ഷേ ഷൈനയുടെ തുറന്ന കത്ത് ഓണ്‍ലൈനില്‍ നിന്ന് നീക്കം ചെയ്തതായി തോന്നുന്നു!)
“ഒരു ഇടത്തരം മുസ്ലിം കുടുംബത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടേയും വര്‍ക്കുഷാപ്പ് നടത്തിപ്പുകാരന്റേയും മകളായാണു ഞാന്‍ ജനിച്ചത്. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉറച്ചമണ്ണായ തൃശൂര്‍ ജില്ലയിലെ നാട്ടിക മണപ്പുറത്തെ ആ വീടിന്റെ രാഷ്ട്രീയ ചായ്‌വ് എന്നും ഇടത്തോട്ടായിരുന്നു.”
വിദ്യാഭ്യാസം – പ്രീഡിഗ്രി കഴിഞ്ഞ് ഫാര്‍മസിയില്‍ ഡിപ്ലോമ, ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡിഗ്രി, കൊച്ചി സര്‍വ്വകലാശാലയില്‍ നിന്ന് എല്‍.എല്‍.ബി, മനുഷ്യാവകാശത്തിലും ബൌദ്ധിക സ്വത്തവകാശത്തിലും ബിരുദാനന്തര ബിരുദം. അവസാനം ജീവിയ്ക്കുവാന്‍ വേണ്ടി ഹൈക്കോടതിയില്‍ ക്ലര്‍ക്കായി.
“എന്നാല്‍ അവിടെ ഒരു സര്‍ക്കാറുദ്യോഗസ്ഥയുടെ വാര്‍പ്പുമാതൃകയല്ലാത്ത എന്നെ ശിക്ഷണ നടപടികളുടെ ഒരു പരമ്പര കാത്തിരിക്കുന്നുണ്ടായിരുന്നു. കൊച്ചിന്‍ സ്പെഷല്‍ ഇക്കണോമിക്ക് സോണിലെ അങ്ങേയറ്റം ചൂഷിതമായ തൊഴിലാളികളുടെ യൂണിയനെ സഹായിക്കുന്നതിന്റെ പേരിലും ദാരിദ്ര്യത്തില്‍ മുങ്ങിക്കിടക്കുന്ന ആദിവാസി സമൂഹത്തിന്റെ സമരങ്ങളുമായി ഐക്യദാര്‍ഢ്യപ്പെട്ടതിന്റെ പേരിലും ഞാന്‍ സ്പെഷല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ് വിഭാഗങ്ങളുടെ നോട്ടപ്പുള്ളിയായി മാറിയിരുന്നു. ഇത് ഹൈക്കോടതിയില്‍ ശിക്ഷണ പരമ്പരയ്ക്ക് കാരണമായി. രണ്ടുവര്‍ഷം കൊണ്ട് തീരുന്ന പ്രൊബേഷന്‍ നാലുവര്‍ഷം നീട്ടിയാണ് എന്നെ ശിക്ഷിച്ചത്. ഇത് എന്റെ നിരവധി ആനുകൂല്യങ്ങളേയും സീനിയോറിറ്റി, ഉദ്യോഗക്കയറ്റം എന്നിവയെയുമെല്ലാം ബാധിച്ചു. ഇത്തരമൊരു ശിക്ഷണ നടപടിയ്ക്ക് എന്താണ് കാരണമെന്ന് വിശദമാക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് ഞാന്‍ കൊടുത്ത അപേക്ഷയ്ക്ക് കാരണമിപ്പോള്‍ പറയാന്‍ കഴിയില്ല എന്ന് ഉദ്ധതമായ മറുപടിയാണ് കേരളത്തിലെ പരമോന്നത നീതിപീഠം തന്നത്. പ്രൊബേഷന്‍ നീട്ടിയ കാലാവധി കഴിഞ്ഞപ്പോള്‍ അടുത്തതായി എനിയ്ക്കു നല്‍കിയത് പിരിച്ചുവിടല്‍ നോട്ടീസായിരുന്നു. സ്റ്റാഫ് അസോസിയേഷന്‍ മുന്‍ വൈസ്പ്രസിഡന്റ്‌കൂടിയായിരുന്ന എന്റെ നേര്‍ക്കുള്ള ഈ നടപടി അസോസിയേഷന്റെ ഇടപെടലിന്റെ ഭാഗമായി നിറുത്തി വെയ്ക്കുകയും ശക്തമായ താക്കീതോടെ എന്റെ പ്രൊബേഷന്‍ പൂര്‍ത്തിയായതായി ഉത്തരവു നല്‍കുകയും ചെയ്തു.”
“മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തെ ആശയപരമായി പിന്തുടരുന്നുവെങ്കിലും നിത്യജീവിതത്തിന്റെ പരിമിതികളെ മറികടക്കാനാകാത്തതില്‍ ഒരു സാദാ സര്‍ക്കാര്‍ ഗുമസ്തയും രണ്ടു കുട്ടികളുടെ അമ്മയായ കുടുംബിനിയുമായിക്കഴിഞ്ഞിരുന്ന ഒരാളാണു ഞാന്‍. എങ്കിലും പരിമിതമായ ഈ വൃത്തത്തിനകത്തുനിന്നുകൊണ്ടുതന്നെ സാമൂഹികമായ മുന്നേറ്റങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖാപിച്ച് മനുഷ്യാവകാശ ലംഘനങ്ങളെ എതിരിടാനും തുറന്നു കാണിക്കാനും ശ്രമിക്കുന്ന പൌരാവകാശ പ്രവര്‍ത്തകയുടെ സാമൂഹിക പ്രതിബദ്ധത കാണിച്ചുവെന്ന കുറ്റത്തിനു മാവോയിസ്റ്റ് തീവ്രവാദിയായി ചിത്രീകരിക്കപ്പെടുകയും ഭരണകൂടത്തിന്റെ നിരന്തരമായ വേട്ടയാടലുകള്‍ക്ക് ഇരയായിരിക്കുകയുമാണ് ഞാനിന്ന്”.
“ഇന്ന് സര്‍ക്കാറും പൊലീസും ചേര്‍ന്ന് എന്റെ സാധാരണ ജീവിതം അസാധ്യമാക്കിത്തീര്‍ത്തിരിക്കുന്നു. എന്റെ കുട്ടികളും വീട്ടുകാരും രാവും പകലും പൊലീസ് നിരീക്ഷണത്തിലാണ്. എന്റെ ജോലി, വീട്, വാഹനം എന്തിന് വസ്ത്രങ്ങളടക്കമുള്ള എല്ലാ അടിസ്ഥാന ഉപാധികളും നഷ്ടപ്പെട്ടിരിക്കുന്നു. ഇനി ഇതെല്ലാം തിരികെ കിട്ടണമെന്നു കരുതി ഞാന്‍ മുന്നോട്ട് വന്നാല്‍ പോലും എനിയ്ക്കായി കാത്തിരിയ്ക്കുന്നത് മഅ്‌ദനിയുടെ വിധിയായിരിക്കാം. നീണ്ടകാലം തടവില്‍കിടന്ന് ഒടുവില്‍ നിരപരാധിയെന്നു സ്ഥാപിക്കപ്പെട്ടിട്ട് എന്തു കാര്യം? സ്വന്തം ആശയങ്ങളോട് നീതിപുലര്‍ത്തി പ്രവര്‍ത്തിയ്ക്കുകയല്ലേ അതിനേക്കാള്‍ അഭികാമ്യം? നാളെ ചരിത്രം എന്നെ കുറ്റക്കാരിയല്ലെന്നു വിധിക്കട്ടെ.”
“നാം ചോദ്യംചെയ്യാന്‍ ആരംഭിക്കുമ്പോള്‍ ഭരണകൂട ഭീകരത നമ്മെ വേട്ടയാടുമെന്നു ഒരിക്കല്‍ കൂടി തിരിച്ചറിഞ്ഞു. രാഷ്ട്രീയമായി ചിന്തിയ്ക്കുകയും പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്നവര്‍ക്ക് പോരാട്ടത്തിന്റേതല്ലാത്ത വഴിയില്ലെന്ന് ഞാന്‍ തിരിച്ചറിയുന്നു.”
“അങ്ങയുടെ പൊലീസും അധികാരവും എന്നെ മാവോയിസ്റ്റാക്കിമാറ്റിയിരിക്കുന്നു.”
“ഒരു സ്ത്രീയെന്നനിലയില്‍ ഒട്ടേറെ വെല്ലുവിളികളെ നേരിടേണ്ടിവരുമെന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ അതും പഠിപ്പിച്ചു തരുക തന്നെ ചെയ്യും. വി.എസ്.അച്യുതാനന്ദന്‍ എന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി തുന്നിച്ചേര്‍ക്കാം. മധ്യവര്‍ഗജീവിതം നയിച്ചിരുന്ന എന്നെ മാവോയിസ്റ്റാക്കി മാറ്റിയതിന്റെ പൊന്‍കതിര്‍!”
എന്ന്
പി.എ.ഷൈന
Blog at WordPress.com. | Theme: Pool by Borja Fernandez.
Entries and comments feeds.