പ്രാണിഭുക്കുകള്‍
ജൂണ്‍ 18, 2008 at 6:22 pm | In Uncategorized | 8 CommentsTags: Entomophagy

ബാങ്കോക്കിലെ തെരുവുകളില്‍ പുഴുക്കളേയും വണ്ടുകളേയും വറുത്ത് കോരി വച്ചിരിക്കുന്ന ചിത്രം എല്ലാവരും കണ്ടുകാണും. ഛേ എന്ന് പറഞ്ഞ് ഓക്കാനിക്കുകയൊന്നും വേണ്ട! നമ്മുടെ പൂര്‍വ്വികര് ആയുധങ്ങള്‍ ഉപയോഗിച്ച് വേട്ടയാടാനും കൃഷിചെയ്യാനും തുടങ്ങുന്നതിനുമുന്‍പ് ഇത്തരം പ്രാണികളെയാണ് ഭക്ഷിച്ചിരുന്നത്. ഞണ്ടും കക്കയും ചെമ്മീനും കഴിക്കാമെങ്കില്‍ എന്തുകൊണ്ട് ഇത്തരം പ്രാണികളേയും കഴിച്ചുകൂടാ?
നമ്മള്‍ സ്വാദോടെ കഴിക്കുന്ന പല ഭക്ഷണങ്ങളിലും ഇന്‍സെക്‌ടുകളുടെ ശകലങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്ന് പറയപ്പെടുന്നു. ഉദാഹരണത്തിന് നൂറ്‌ഗ്രാം ചോക്ക്‌ലേറ്റില്‍ ശരാശരി 80 ഇന്‍സെക്ട് ശകലങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്ന് പറയുമ്പോള്‍ വിശ്വസിക്കുവാന്‍ തന്നെ പ്രയാസം തോന്നും! അതേപോലെ നൂറ്‌ഗ്രാം റ്റമാറ്റോ സോസിലും, പിസ്സാ സോസിലും മുപ്പത് ഇന്‍സെക്ട് മുട്ടകളോ അല്ലെങ്കില്‍ രണ്ട് പുഴുക്കള്‍ വീതമോ ഉണ്ടാകും എന്ന് പറയപ്പെടുന്നു. ഇവയൊന്നും നമ്മുടെ കണ്ണില്‍പ്പെടുന്നില്ല എന്ന് മാത്രം.
ഛത്തിസ്‌ഗഢില്‍ പരമ്പരാഗതമായി മരുന്ന് നിര്‍മ്മാണത്തിന് ഷഡ്‌പദങ്ങളേയും ചിലന്തികളേയും ഉപയോഗിക്കുന്നുണ്ട്. സാധാരണ രോഗങ്ങള്‍ മുതല്‍ ഗുരുതരമായ രോഗങ്ങള്‍ക്കുവരെ ഇത്തരത്തിലുള്ള മരുന്നുകള്‍ നല്‍കി വരുന്നുണ്ട്.
ഇന്ന് ലോകമെമ്പാടും 1200ലധികം ഷഡ്‌പദങ്ങളെ ഭക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. പ്രാണിഭുക്കുകള്‍ പൊതുവെ ഇഷ്ടപ്പെടുന്നത് പച്ചക്കുതിര, ചീവീട്, ചിതല്‍, ഉറുമ്പ്, വണ്ട്, ചിത്രശലഭപ്പുഴു, ചിലന്തി, ഊറാമ്പുലി, തേള്‍, മെഴുകുപുഴു എന്നിവയെയാണ്. മറ്റ് മാംസാഹാരങ്ങളെ അപേക്ഷിച്ച് ഷഡ്‌പദങ്ങളില്‍ കൂടുതല്‍ പോഷകഗുണമുണ്ട് എന്ന് പറയുന്നു. ഷഡ്‌പദങ്ങളില്‍ കൂടുതല്‍ പ്രോട്ടീനും കുറച്ച് കൊഴുപ്പുമുള്ളത് ‘ഡയറ്റ് കോണ്‍ഷസ്’ ആളുകള്‍ക്ക് സന്തോഷവാര്‍ത്തയാണ്. ഇത് കൂടാതെ വൈറ്റമിനും ഫോസ്‌ഫറസ്, അയോണ്‍ തുടങ്ങിയ ധാതുക്കളും ഈ പ്രാണികളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
കുറച്ച് വര്‍ഷങ്ങക്കുശേഷം മക്കളോടോ പേരക്കുട്ടികളോടോ ഇന്ന് എന്താ രണ്ടാമത് എന്ന് ചോദിക്കുമ്പോള്‍ മെഴുകുപുഴു തോരന്‍ എന്ന മറുപടി കേള്‍ക്കുമ്പോഴോ, സിനിമാതിയേറ്ററില്‍ പോപ്പ്‌കോണിനുപകരം പേരക്കുട്ടികള്‍ വണ്ട് വറുത്തത് കഴിക്കുന്നത് കാണുമ്പോഴോ ഞെട്ടരുത്. തയ്യാറായിക്കോളൂ!
Blog at WordPress.com. | Theme: Pool by Borja Fernandez.
Entries and comments feeds.