മോഷെ

ഡിസംബര്‍ 7, 2008 at 6:11 pm | In Uncategorized | 1 Comment
Tags:

goguex248
ഏതൊ ഒരു വെള്ളിയാഴ്ചയിലെ നീണ്ട ഉച്ചഭക്ഷണ സമയത്താണ്‌ ചേന്ദമംഗലം ഹൈസ്ക്കൂളില്‍നിന്ന്‌ കൂട്ടുകാരോടൊപ്പം ആദ്യമായി കോട്ടയില്‍ കോവിലകത്തുള്ള ജൂതപള്ളി കാണുവാന്‍ പോയത്‌. അന്നത്‌ ആരും നോക്കാനില്ലാതെ അവഗണിക്കപ്പെട്ട്‌ കിടക്കുകയായിരുന്നു. അടുത്തകാലത്ത്‌ അത്‌ പുതുക്കി പണിതു എന്നറിഞ്ഞു. കോട്ടയില്‍ കോവിലത്തിന്റെ ഒരു പ്രത്യേകത നാലു വ്യത്യസ്ത മതക്കാരുടെ, ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍-ജൂത, ആരാധനാലയങ്ങള്‍ അടുത്തടുത്തായി സ്ഥിതി ചെയ്യുന്നു എന്നതാണ്‌. നൂറ്റാണ്ടുകള്‍ക്കുമുമ്പ്‌ മത സൌഹാര്‍ദ്ദം സാധ്യമായിരുന്നു, മനുഷ്യന്‍ പുരോഗമിച്ചതോടെ അത്‌ സാധ്യമല്ലാതായി! പിന്നീടാണ്‌ അറിയുന്നത്‌ ചേന്ദമംഗലത്ത്‌ ധാരാളം ജൂതന്മാര്‍ താമസിച്ചിരുന്നു എന്ന്. ചേന്ദമംഗലത്തിനു പുറമെ മാള, പറവൂര്‍, കൊച്ചി, കൊടുങ്ങല്ലൂര്‍, പാലയൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ജൂതന്മാര്‍ ഉണ്ടായിരുന്നു. സോളമന്റെ കാലത്തു തന്നെ ജൂതന്മാര്‍ കേരളത്തില്‍ താമസമുറപ്പിച്ചിരുന്നു എന്ന് പറയുന്നു. പിന്നീട്‌ ജറുസലത്തിലെ അവരുടെ രണ്ടാം ദേവാലയം നശിപ്പിച്ചതിനെതുടര്‍ന്നാണ്‌ 68 സി.ഇ. ല്‍ ധാരാളം ജൂതന്മാര്‍ കേരളത്തിലും ഇന്ത്യയിലെ മറ്റ്‌ സ്ഥലങ്ങളിലും എത്തുകയുണ്ടായി. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ നമ്മുടെ നാട്ടിലെത്തിയ ജൂത കുടുംബങ്ങളെപ്പറ്റിയും ഇസ്രായേല്‍ രൂപീകരണത്തിനുശേഷം നമ്മുടെ നാട്‌ വിട്ട ജൂത കുടുംബങ്ങളെപ്പറ്റിയും ഒന്ന് ആലോചിച്ച്‌ നോക്കു.
ബോംബെയിലെ നരിമാന്‍ ഹൌസ്‌ ആക്രമണം ഇന്ത്യയിലെ യഹൂദര്‍ക്ക്‌ വിശ്വസിക്കുവാന്‍ സാധിക്കുന്നില്ല. രണ്ടാം വയസ്സില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട മോഷെ ഹോറ്റ്‌സ്‌ബര്‍ഗിന്റെ നിര്‍ത്താതുള്ള കരച്ചില്‍ യഹൂദര്‍ക്ക്‌ മാത്രമല്ല എല്ലാ മനുഷ്യ സ്നേഹികള്‍ക്കും താങ്ങാവുന്നതിലധികമായിരുന്നു. ഇന്ന് മോഷെയും ആയ സാന്ദ്രയും ഇസ്രായേലിലെ എതോ അഞ്ജാതകേന്ദ്രത്തിലാണ്‌. നരിമാന്‍ ഹൌസ്‌ ആക്രമണത്തിന്റെ ഉദ്ദേശം വ്യക്തമാണ്‌ – ഒരു വെടിയ്ക്ക്‌ രണ്ടു പക്ഷി, ഇന്ത്യയും ഇസ്രായേലും.
പോര്‍ട്ടുഗീസുകാരുടെ കാലത്ത്‌ ഗോവയില്‍ കുറച്ച്‌ ശല്യങ്ങള്‍ സഹിക്കേണ്ടിവന്നെങ്കിലും ഇന്ത്യയില്‍ ജൂതന്മാര്‍ പൊതുവെ സമാധാനപരമായാണ്‌ ജീവിച്ചിരുന്നത്‌. മറ്റ്‌ പല രാജ്യങ്ങളിലും ജൂതന്മാര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഇന്ത്യ എന്നും അവര്‍ക്ക്‌ സുരക്ഷിതമായിരുന്നു.
ഭീകരവാദത്തിന്‌ മതദേശ വ്യത്യാസങ്ങളില്ല. ബോംബയില്‍ കണ്ടപോലെ ക്രൂരത മാത്രമാണ്‌ അതിന്റെ ഭാഷ. ഇത്തരം ഭീകരതയില്‍ അനാഥരാവുന്ന മോഷെമാരെ നമ്മള്‍ എന്ത്‌ പറഞ്ഞ്‌ ആശ്വസിപ്പിക്കും?

Blog at WordPress.com. | Theme: Pool by Borja Fernandez.
Entries and comments feeds.