ഡോ. ബിനായക് സെന്‍
മേയ് 18, 2008 at 8:17 pm | In Uncategorized | 1 CommentTags: ഛത്തിസ്ഗഡ്, ഡോ. ബിനായക് സെന്‍, Dr. Binayak Sen, Salwa Judum
സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തില്‍ ജനനം, സൈന്യത്തില്‍നിന്നും വിരമിച്ച കേണലിന്റെ മകന്‍, വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ നിന്നും സ്വര്‍ണ്ണമെടലോടെ വൈദ്യശാസ്ത്രത്തില്‍ ബിരുദം, ദില്ലിയിലെ JNU ല്‍ നിന്നും സോഷ്യല്‍ മെഡിസിനില്‍ ബിരുദം, തൊഴില്‍പരമായി ശിശുരോഗ വിദഗ് ദ്ധന്‍, എല്ലാം കൊണ്ടും ഇന്ത്യയിലെ ഏത് പഞ്ചനക്ഷത്ര ആശുപത്രിയിലും ഉയര്‍ന്ന ശമ്പളത്തോടെ അനായാസം ഡോ. ബിനായക് സെന്നിനുജോലി ലഭിയ്ക്കുമായിരുന്നു. കൂടാതെ സ്വകാര്യ പ്രാക്ടീസിലൂടെ ലക്ഷങ്ങള്‍ സമ്പാദിയ്ക്കാം. പക്ഷേ ആഡംബര ജീവിതം വേണ്ടെന്നുവച്ച് ഡോ. സെന്‍ തിരഞ്ഞെടുത്തത് ഹോഷങ്കാബാദിലെ ഗ്രാമീണ ചികിത്സാ കേന്ദ്രത്തിലെ ജോലിയായിരുന്നു.
തുടര്‍ന്ന് ഛത്തിസ്ഗഡിലെ ആദിവാസി കേന്ദ്രങ്ങളില്‍ അദ്ദേഹം മുപ്പതു വര്‍ഷത്തില്‍ കൂടുതല്‍ സേവനം നടത്തി. അടിസ്ഥാന സൌകര്യങ്ങള്‍ അല്‍പം പോലുമില്ലാത്ത ആദിവാസി കേന്ദ്രങ്ങളില്‍ ക്ഷയം, മലേറിയ, പട്ടിണി എന്നിങ്ങനെ പല പ്രതികൂല ഘടകങ്ങളേയും അതിജീവിച്ചാണു ഡോ. സെന്‍ സേവനം നടത്തിയത്. ഇവിടെ ശുദ്ധജല സൌകര്യമോ, വൈദ്യുതിയോ, വിദ്യാലയങ്ങളോ ഇതുവരെ എത്തിയിട്ടില്ല. വികസനവും പൊതുജനാരോഗ്യ സംരക്ഷണവും ഒത്ത് ചേര്‍ന്ന് പോകുന്ന ഒരു ഏകീകൃത സമൂഹം എന്ന സ്വപ്നമാണു അദ്ദേഹത്തെ മുന്നോട്ട് നയിച്ചത്.
1990ല്‍ ഡോ. സെന്നും പത്നിയും ചേര്‍ന്ന് രൂപാന്തര്‍ എന്ന NGO രൂപീകരിച്ചു. ഗ്രാമഗ്രാമാന്തരങ്ങളില്‍ സഞ്ചരിയ്ക്കുന്ന ചികിത്സാലയങ്ങള്‍ നടത്തിയും അരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം കൊടുത്തുമാണു ഡോ. സെന്നും പത്നിയും ആദിവാസി കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചു പോന്നത്. 2004ല്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ഇദ്ദേഹത്തെ പോള്‍ ഹാരിസണ്‍ അവാര്‍ഡ് നല്‍കി ബഹുമാനിയ്ക്കുകയുണ്ടായി.
പൊതുസേവനത്തിനു വേണ്ടി മാത്രം ജീവിയ്ക്കുന്ന ഈ ഡോക്ടറെയാണു 2007 മെയ് 14നു ഛത്തിസ്ഗഡ് പോലീസ് നക്സലൈറ്റ് ഭീകരവാദിയായി മുദ്രകുത്തി രാജ്യദ്രോഹം, ഗൂഡാലോചന എന്നീ ഭീകരവാദ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തത്. ടാഡയും പോട്ടയും പോലത്തെ രണ്ട് കരിനിയമങ്ങള്‍ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടതിനാല്‍ സുപ്രീം കോടതിയില്‍ പോലും ജാമ്യം നിഷേധിയ്ക്കപ്പെട്ടു.
2006 മേയ് മാസത്തില്‍ ഛത്തിസ്ഗഡ് പോലീസ് നാരായണ്‍ സന്യാല്‍ എന്ന വൃദ്ധനായ മാവോയിസ്റ്റ് നേതാവിനെ അറസ്റ്റ് ചെയ്യുന്നു. സന്യാലിന്റെ ഉള്ളം കൈയ്യില്‍ ഗുരുതരവും വേദനാജനകവുമായ ഒരു രോഗം പിടിപെട്ടതിനാല്‍ നിയമസഹായത്തിനും വൈദ്യ സഹായത്തിനുമായി അദ്ദേഹത്തിന്റെ ജേഷ്ഠന്‍ പി.യു.സി.എല്‍ ജനറല്‍ സെക്രട്ടറി കൂടിയായ ഡോ. സെന്നിനു കത്തെഴുതി. തുടര്‍ന്ന് ഡോ. സെന്‍ സന്യാലിനു നിയമസഹായം ഏര്‍പ്പെടുത്തികൊടുക്കുകയും അദ്ദേഹത്തിന്റെ ശസ്ത്രക്രിയയ്ക്കുവേണ്ടി ജയില്‍ അധികൃതരുമായി ബന്ധപ്പെടുകയും ചെയ്തു. ജയില്‍ അധികൃതരുടെ അനുവാദത്തോടെ ഡോ. സെന്‍ 33 തവണ സന്യാലിനെ സന്ദര്‍ശിച്ചിട്ടുള്ളതായി രേഖകള്‍ വെളിപ്പെടുത്തുന്നു. 2007 മെയ് 6നു ഒരു ചെറുകിട വ്യാപാരിയും സന്യാലിന്റെ ജേഷ്ഠന്റെ പരിചയക്കാരനുമായ പിയൂഷ് ഗുഹയെ പോലീസ് അറസ്റ്റ് ചെയ്യുന്നു. അയാളില്‍നിന്ന് 49000 രൂപയും മൂന്ന് ഒപ്പ്പ്പിടാത്ത എഴുത്തുകളും കണ്ടെടുത്തതായി പോലീസ് പറയുന്നു. പോലീസ് ഭാഷ്യ പ്രകാരം സന്യാല്‍ എഴുതിയ ഈ എഴുത്തുകള്‍ ഡോ. സെന്നാണു ജയിലില്‍നിന്നും പുറത്തുകൊണ്ടുവന്ന് ഗുഹയ്ക്ക് കൊടുത്തത്. ഇതുമൂലം ഡോ. സെന്നിനു മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നും കണ്ടെടുത്ത രൂപ ഭീകര പ്രവര്‍ത്തനത്തിനുള്ളതാണെന്നും പോലീസ്! എന്നാല്‍ ഗുഹ പറയുന്നത് പോലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നും വെള്ള പേപ്പറില്‍ ഒപ്പിട്ട്
വാങ്ങിയെന്നുമാണു. തന്റെ കൈവശമുണ്ടായിരുന്ന രൂപ സന്യാലിന്റെ വക്കീല്‍ ഫീസിനുവേണ്ടി സന്യാലിന്റെ ജേഷ്ഠന്‍ കൊടുത്തയച്ചതാണെന്ന് ഗുഹ പറയുന്നു. ഈ സംഭവം നടക്കുമ്പോള്‍ ഡോ. സെന്‍ കല്‍ക്കത്തയിലായിരുന്നു. ചില പത്രങ്ങളില്‍ തന്റെ പേരും പരാമര്‍ശിച്ചതുകണ്ട്, തെറ്റിദ്ധാരണ നീക്കുന്നതിനായി അദ്ദേഹം സ്വയം ബിലാസ്പൂര്‍ പോലീസ് സേറ്റ്ഷനില്‍ എത്തി. അവിടെ വച്ച് ഡോ. സെന്നിനെ അറസ്റ്റ് ചെയ്തു. അതിനുശേഷം ഛത്തിസ്ഗഡ് പോലീസ് അറസ്റ്റിനെ ന്യായീകരിക്കുന്നതിനായി പല വ്യാജകുറ്റങ്ങളും ഡോ. സെന്നിനെതിരെ എഴുതി ചേര്‍ത്തു.
കാരണം
എന്തുകൊണ്ടാണു ഡോ. സെന്നിനെ കരിനിയമങ്ങള്‍ ചുമത്തി കരാഗൃഹത്തിലടച്ചത് എന്ന് നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം? നിരവധി ഏറ്റുമുട്ടല്‍ മരണങ്ങളുടേയും ലോക്കപ്പ് മരണങ്ങളുടേയും സത്യാവസ്ഥ ഡോ. സെന്നും PUCL പ്രവര്‍ത്തകരും ചേര്‍ന്ന് അന്വേഷിച്ച് പുറത്ത് കൊണ്ടുവരികയുണ്ടായി. നക്സല്‍ ആക്രമണങ്ങളെ പ്രതിരോധിക്കാനെന്ന പേരില്‍ ഛത്തിസ്ഗഡ് സര്‍ക്കാര്‍ ‘സല്‍വാ ജുഡും’ എന്ന പേരില്‍ പൈശാചികമായ സായുധകലാപവിരുദ്ധ പരിപാടി നടപ്പിലാക്കിക്കൊണ്ടിരിയ്ക്കുകയാണു. ജനങ്ങളെ ആയുധവല്‍ക്കരിച്ച് തമ്മിലടിപ്പിച്ചും, ബലപ്രയോഗത്തിലൂടെ സ്വന്തം ഭൂമിയില്‍ നിന്നും ആട്ടിയോടിപ്പിച്ചും അക്രമണത്തിലൂടെ എതിരാളികളെ അടിച്ചമര്‍ത്തിയുമാണു ഈ പരിപാടി നടപ്പിലാക്കുന്നത്. ഡോ.
സെന്നിന്റെ നേതൃത്വത്തില്‍ ഇതിനെതിരെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഉന്നതങ്ങളിലെ പലര്‍ക്കും ഇഷ്ടപ്പെട്ടില്ല. ഇതുകൊണ്ട് തന്നെ ഡോ. സെന്‍ സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറി. ഇപ്പോള്‍ ഡോ. സെന്നിനെ കൂടാതെ മറ്റൊരു PUCL പ്രവര്‍ത്തകനും ചലചിത്ര പ്രവര്‍ത്തകനുമായ ടി.ജി.അജയും ഛത്തിസ്ഗഡില്‍ ജയിലിലാണു. ജനാധിപത്യ അവകാശങ്ങളെ പരിഹാസ്യമാക്കികൊണ്ട്, സമാധാനപരമായി പൊതുപ്രവര്‍ത്തനം നടത്തുന്ന ബിനായക് സെന്മാരേയും ഗോവിന്ദന്‍ കുട്ടിമാരേയും ഭരണകൂടങ്ങള്‍ ഇഷ്ടാനുസരണം അടിച്ചമര്‍ത്തുന്നു. ഭരണഘടനാവിരുദ്ധമായ ഇത്തരം അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുള്ള പ്രതികരണങ്ങള്‍ പോലും വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് ഇന്ന് സ്വാഭാവികമായിരിക്കുന്നു.
വ്യതിരിക്തമായ പ്രവര്‍ത്തനങ്ങളിലൂടെ ജനാധിപത്യത്തിനു പുതിയൊരര്‍ത്ഥവും പ്രതീക്ഷയും നല്‍കുകയായിരുന്നു ബിനായക് സെന്‍ എന്ന് ഭരണകൂടം തിരിച്ചറിഞ്ഞെങ്കില്‍!
Blog at WordPress.com. | Theme: Pool by Borja Fernandez.
Entries and comments feeds.