ഓണവും തേങ്ങയും

ഓഗസ്റ്റ് 30, 2009 -ല്‍ 7:38 pm | Posted in Uncategorized | 1 അഭിപ്രായം
മുദ്രകള്‍: , ,

coconut modified
ഓണം വരുമ്പോള്‍ ആദ്യം ഓര്‍മ്മവരുന്നത്‌ തേങ്ങയാണ്‌. കാരണം ഓര്‍മ്മവച്ചനാള്‍ മുതല്‍ കണ്ടുവന്നിരുന്നത്‌ ഓണം കൊണ്ടാടണമെങ്കില്‍ തേങ്ങക്കാരന്‍ കനിയണം എന്നതാണ്‌. ഇത്‌ ഞങ്ങളുടെ നാട്ടില്‍ പൊതുവെയുള്ളൊരു കാര്യമായിരുന്നു. ഇല്ലായ്മകളുടെ കാലത്ത്‌ തേങ്ങയായിരുന്നു ഒരേയൊരു ആശ്രയം. കൂട്ടാന്‍ വയ്ക്കാന്‍ ഒരു കഷ്ണവുമില്ലെങ്കില്‍ തേങ്ങകൊണ്ടൊരു അരച്ചുകലക്കി. ഇന്നും അതിന്റെ സ്വാദ്‌ മറന്നിട്ടില്ല. തേങ്ങക്കാരന്റെ കൈയ്യില്‍നിന്നും വാങ്ങുന്ന മുന്‍കൂര്‍പണംകൊണ്ടായിരുന്നു ഓണത്തിനുള്ള അല്ലറ ചില്ലറ സാധനങ്ങള്‍ വാങ്ങിയിരുന്നത്‌. തിരിഞ്ഞുനോക്കുമ്പോള്‍ ഇല്ലായ്മകളിലെ ആ ഓണങ്ങള്‍ക്ക്‌ സംതൃപ്തിയുണ്ടായിരുന്നതായി തോന്നുന്നു. ഓര്‍മ്മകളായതുകൊണ്ട്‌ തോന്നുന്നതാകാം. കാലത്തിന്റെ പ്രത്യേകതകൊണ്ട്‌ പൂക്കള്‍ പൈസകൊടുത്ത്‌ വങ്ങേണ്ടിയിരുന്നില്ല എന്നതായിരുന്നു ആശ്വാസം. മുക്കുറ്റിയും കാക്കപ്പുവും തുമ്പയും ശംഖുപുഷ്പവുമെല്ലം എല്ലാപറമ്പിലും സുലഭം. തിരുവോണത്തിന്‌ വിഷ്ണുവിന്റെ അവതാരമായ വാമനനെ ആണോ, നമുക്ക്‌ പ്രിയപ്പെട്ട മഹാബലിയെ ആണോ വരവേല്‍ക്കുന്നത്‌ എന്നത്‌ ഇപ്പോഴും തീര്‍ച്ചയില്ല പൂവിടുന്നത്‌ ശ്രീഭഗവതിയെ സങ്കല്‍പ്പിച്ചാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്‌. മാവേലിയെ വരവേല്‍ക്കുമ്പോള്‍ തന്നെ വാമനനേയും പൂജിക്കുക! ഇതിന്റെയെല്ലം ചരിത്ര സത്യം ചെന്നെത്തുന്നത്‌ കേരളത്തില്‍ നിലനിന്നിരുന്ന ബുദ്ധമത സംസ്ക്കാരത്തിലേയ്ക്കായിരിക്കാം. ആദ്യത്തെ സോഷ്യലിസ്റ്റ്‌ ഭരണം അട്ടിമറിച്ച ദൈവത്തോട്‌ പിന്നീട്‌ അമര്‍ഷം തോന്നി. തേങ്ങയിലേയ്ക്ക്‌ തന്നെ തിരിച്ചുവരാം. ആസിയാന്‍ കരാറിന്റെ പാശ്ചാത്തലത്തില്‍ ഇന്ന് തര്‍ക്കമാണ്‌. തേങ്ങയ്ക്ക്‌ വില കുറയുമോ, കൂടുമോ, കര്‍ഷകനെ ഇതെങ്ങനെ ബാധിയ്ക്കും എന്നെല്ലാം. ഇതിനിടയില്‍ ആശ്വാസകരമായൊരു വാര്‍ത്ത വന്നത്‌ ചിരട്ടയ്ക്ക്‌ ഡിമാന്റ്‌ കൂടുന്നു എന്നതാണ്‌. ചിരട്ടകരിയില്‍ നിന്നും തയ്യാറാക്കുന്ന ആക്ടിവേറ്റഡ്‌ കാര്‍ബണിന്‌ ലോകത്ത്‌ ആവശ്യം കൂടുകയാണത്രെ. ഒരുതേങ്ങയ്ക്ക്‌ മൂന്നോ നാലോ രൂപകിട്ടുമ്പൊള്‍ ഒരു കിലോ ചിരട്ടയ്ക്ക്‌ നാലുരൂപ കിട്ടുമെന്നുള്ളത്‌ ആശ്വാസം തന്നെ. ദില്ലിയില്‍ ഒരുകിലോ വെളിച്ചെണ്ണയ്ക്ക്‌ 55-60 രൂപ കൊടുക്കണം. ഒരു കിലോ സൂര്യകാന്തി എണ്ണയുടെ വിലയേക്കാള്‍ കൂടുതല്‍. കര്‍ഷകന്‌ ഒരു മെച്ചവുമില്ല.
ഇന്ന് തിരക്കിട്ട ഫ്ലാറ്റ്‌ ജീവിതത്തിനിടയില്‍ വീണ്ടുമൊരു ഓണമെത്തുമ്പോള്‍ നാട്ടിലെ തെങ്ങുകളെയാണ്‌ ഓര്‍മ്മവരുന്നത്‌. അവരായിരുന്നു കുടുംബത്തിന്റെ  യഥാര്‍ഥ സംരക്ഷകര്‍. ആ തെങ്ങുകള്‍ക്ക്‌ നന്ദി!

പനിപിടിച്ചതാര്‍ക്ക്‌?

ഓഗസ്റ്റ് 17, 2009 -ല്‍ 7:01 pm | Posted in Politics, Uncategorized | ഒരു അഭിപ്രായം ഇടൂ
മുദ്രകള്‍:

മാധ്യമങ്ങള്‍ക്കും പനി പിടിച്ചിരിക്കുന്ന കാലമായതുകൊണ്ടാകാം രാജ്യത്തെ 177 ജില്ലകളെ വരള്‍ച്ച ബാധിതജില്ലകളായി പ്രഖ്യാപിച്ചത്‌ അധിക ശ്രദ്ധയൊന്നും നേടാതെ പോയത്‌. അല്ലെങ്കിലും വരള്‍ച്ചയും കൃഷിനാശമൊന്നും നമ്മുടെ മാദ്ധ്യമങ്ങള്‍ക്ക്‌ സീരിയസ്സ്‌ വാര്‍ത്തകളല്ല. മഴ ലഭിക്കാത്തതുമൂലം കൃഷിക്കാരനുണ്ടായിരിക്കുന്ന നഷ്ടങ്ങളുടെ കണക്കുകള്‍ വരുന്നതേയുള്ളു. കൃഷിചെയ്ത്‌ നഷ്ടം വന്നാല്‍ ഒരേയൊരു വഴിയേയുള്ളു, ആത്മഹത്യചെയ്യുക. സര്‍ക്കാരിന്റെ സ്വന്തം ഏജന്‍സിയായ എന്‍.സി.ആര്‍.ബി.യുടെ കണക്കുപ്രകാരം 2007ല്‍ മാത്രം 16632 കര്‍ഷകര്‍ ആത്മഹത്യചെയ്തിട്ടുണ്ട്‌. വേറൊരു കണക്കുപ്രകാരം 97 മുതല്‍ ഇന്നുവരെ ചുരുങ്ങിയത്‌ രണ്ടുലക്ഷത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെതിട്ടുണ്ട്‌. ചുരുക്കിപറഞ്ഞാല്‍ ഒരോ മുപ്പതുമിനിട്ടിലും ഓരോ കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നു!
ഇവിടത്തെ രാഷ്ട്രീയപാര്‍ട്ടികളും മാധ്യമങ്ങളും കൂടുതല്‍ സമയം ചിലവാക്കുന്നത്‌ ഭീകരവാദത്തെക്കുറിച്ച്‌ സംസാരിക്കാനാണ്‌. ഒരു പഞ്ചനക്ഷത്രഹോട്ടലില്‍ ബോംബുഭീഷണി വന്നാല്‍ അതൊരു ദേശീയ വാര്‍ത്തയാണ്‌. ഇതിനര്‍ഥം ഭീകരവാദത്തെ നിസ്സാരമായി കാണണമെന്നല്ല. കണക്കുകളെതന്നെ വീണ്ടും ആശ്രയിക്കുകയാണെങ്കില്‍ 2006ല്‍ ഭീകരവാദാക്രമണം മൂലം മരിച്ചവരുടെ എണ്ണം 2765 ആണെങ്കില്‍ അതേ വര്‍ഷം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 17060 ആണെന്നറിയുമ്പോഴാണ്‌ പ്രശ്നം എത്ര രൂക്ഷമാണെന്ന്‌ മനസ്സിലാവുന്നത്‌. എന്നാലും സര്‍ക്കാരിന്റെ കണ്ണുതുറക്കില്ല. കാരണം കര്‍ഷകന്‍ വിദ്യാഭ്യാസമില്ലാത്തവനും ഗ്രാമീണനുമാണ്‌. അവന്‍ വീണ്ടും കൃഷിചെയ്ത്‌ നമ്മളെ പോറ്റും. പന്നിപനിയെന്നും പറഞ്ഞുള്ള ഇപ്പോഴത്തെ കോലാഹലം മാധ്യമങ്ങള്‍ ശരിയ്ക്കും ആഘോഷിക്കുകയാണ്‌.
പല സംസ്ഥാനങ്ങളിലും മഴ മോശമായതുകാരണം കൃഷിയ്ക്ക്‌ നേരിട്ട നഷ്ടം സഹിക്കാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്തുതുടങ്ങി. മഹാരാഷ്ട്രയില്‍ തന്നെ കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ ചുരുങ്ങിയത്‌ നാല്‍പ്പതു കര്‍ഷകരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ട്‌. ആന്ധ്രയിലും ആത്മഹത്യകള്‍ തുടങ്ങികഴിഞ്ഞു.
ഇവിടത്തെ കര്‍ഷകര്‍ ആത്മഹത്യ ചെയ്താലെന്താ, നമുക്ക്‌ ആസിയാന്‍ രാജ്യങ്ങളില്‍നിന്ന് അരിയും മീനും ഇറക്കുമതി ചെയ്യാലോ!

Create a free website or blog at WordPress.com.
Entries and അഭിപ്രായങ്ങൾ feeds.